മാലാഖയും മനുഷ്യനും

ഹൃദയത്തിനോട് ചേർന്ന് നിൽക്കുന്ന രണ്ടു മനുഷ്യർ... 2017 ലും 2018 ലും,കൃത്യമായി പറഞ്ഞാൽ 2017 ജനുവരി 9 നും 2018 നവംബർ 16നും ശേഷം കാണാതെ പോയവർ.. ശേഷം 26 ഏപ്രിലിലിലും 12 ഏപ്രിലിലും പ്ലാനിങ് ന്റെ മേന്മ പറയാനില്ലാത്ത കണ്ടുമുട്ടലുകൾ.. എന്റെ മധ്യ ഇരുപതുകളിലെ ഏറ്റവും വലിയ നിധികളാpണ് ഇരുവരും. ചേർത്തുപിടിക്കലിന്റെ അലിവ്.. കടലിന്റെ നനവ്.. ഉപ്പിന്റെ നിറവ്.. മണൽതരികളുടെ പരപ്പ്.
"ഏട്ടാ " എന്ന് മനസ്സറിഞ്ഞു വിളിച്ചിട്ടുള്ളത് അല്ലെങ്കിൽ കണ്ടുമുട്ടി ഇന്ന് വരെ "ഏട്ടാ" എന്ന് മാത്രം വിളിച്ചിട്ടുള്ളത് അനൂപേട്ടനെയാവും. ആ പേരിനപ്പുറം "Angel" എന്ന് മാത്രമേ ആ മനുഷ്യന് വിശേഷണം ഒള്ളൂ... By choice, ഏറ്റവും കൂടുതൽ ആഹാരം കൂടെ കഴിച്ചിട്ടുള്ളതും,വാങ്ങി തന്നിട്ടുള്ളതും അനൂപേട്ടനാണ്. എന്റെ ഏറ്റവും മനോഹരമായ സൂര്യോദയം എനിക്ക് കാണിച്ചു തന്നതും, യാത്രകളിൽ പുരുഷപ്രജ, ഒരു വിലക്കോ അപകടമോ സുരക്ഷയോ അല്ല കൂട്ടാണ് എന്ന ബോധം ആദ്യമായി തന്നതും അനൂപേട്ടനാണ്. അമ്പലങ്ങളും, ആഹാരവും, കടലും,കടലാസും, കരകൗശലങ്ങളും, കൊട്ടകയും നിറഞ്ഞുനിൽക്കുന്ന ഏറ്റവും വർണാഭമായ പകലുകളിലും , കരച്ചിലുകളുടെ നിഴലുകളുടെ നിസ്സഹായതയുടെ നെടുവീർപ്പിന്റെ നിരാശയുടെ ഇരുട്ടിലും വെളിച്ചമായി നിന്നതു വെറും മൂന്നു വയസ്സിന്റെ മൂപ്പിൽ വല്യേട്ടൻ കളിക്കുന്ന ഈ മനുഷ്യനായിരുന്നു... ആണ് കരയുമെന്നും മണ്ടത്തരമോർത്തു ചിരിക്കുമെന്നും ആധി പിടിക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞത് ഏട്ടനിലൂടെയായിരുന്നു.ആ പ്രായത്തിലും, ചേർത്തുപിടിക്കാൻ ആണിന്റെ ചോരത്തിളപ്പല്ല, ആങ്ങളയുടെ ചോരമാഹാത്മ്യവുമല്ല സ്നേഹിക്കാനും മനസ്സിലാക്കാനും കൂടെ നിൽക്കാനും മനസ്സ് മാത്രം മതി എന്ന് പഠിപ്പിച്ച മനുഷ്യനാണ്... ആണ് അഹന്തകളും ആക്രോശങ്ങളും നിറഞ്ഞ വെറുപ്പുളവാക്കുന്ന ഒരു ഭാവമോ രൂപമോ അല്ല എന്ന തിരിച്ചറിവിൽ പേടിക്കാതെ, പരിഭ്രമിക്കാതെ, പെണ്ണുടലിനെ ഓർക്കാതെ, രാത്രിയെയോ പകലിനെയോ മാനിക്കാതെ, ഞാൻ ഒപ്പം നടന്നിട്ടുണ്ടാവുക 28 വയസ്സുള്ള അവിവാഹിതനായ ആ പുരുഷന്റെ ഒപ്പമായിരുന്നു. അപ്പോഴൊക്കെയും "നിനക്കെന്ന വേണം സൊല്ല്... ഉലകത്തെ കാട്ടി സൊല്ല്... " എന്ന് എനിക്ക് വേണ്ടി അനൂപേട്ടന്റെ മൊബൈൽ, ഇടക്ക് അനൂപേട്ടൻ തന്നെയും പാടികൊണ്ടേയിരുന്നു ❤️... വനിതയിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഏറെ കാലം എന്റെ മേശപ്പുറത്ത് ഉണ്ടായിരുന്ന "കൂട്ട്" എന്ന പുസ്തകവും എന്റെ ഐഡി കാർഡും ഞാൻ അനൂപേട്ടന്റെ മേശവലിപ്പിൽ കൊണ്ടുവെച്ചു. എന്റെ ആ ഇടത്തിലെ അസ്തിത്വം അനൂപേട്ടനില്ലാതെ പൂർണമാവില്ലെന്ന തിരിച്ചറിവിൽ... പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര മേൽ സ്നേഹം വിശ്വാസം ആദരവ്!!! അക്ഷരനഗരിയിൽ നിന്നും തലസ്ഥാന നഗരിയിലേക്ക് ചേക്കേറുമ്പോൾ തലക്കകത്തു ശൂന്യമായ അല്ലെങ്കിൽ തലക്കനം മാത്രമുള്ള മനുഷ്യരെയാണ് ആദ്യം കണ്ടുമുട്ടിയത്. ശ്വാസം എടുക്കാൻ വരെ കഷ്ടപ്പെട്ട് പോയ കാര്യവട്ടം. സുധിഷ് പയ്യന്നൂർ ഒരു ഫേസ്ബുക് മെസ്സേജ് ആയി പ്രത്യക്ഷപെടുമ്പോൾ പൊതുവെ ഹൈ അലേർട്ട് ആയ എന്റെ പെൺമനസ്സ് പരിചകൾ ഉയർത്തി സ്വയം സംരക്ഷിക്കാനാണ് തുനിഞ്ഞത്. മിണ്ടാനും പറയാനും ആരെങ്കിലും കിട്ടീലെ ചത്തുപോകും എന്ന അവസ്ഥയിലാണ് കാര്യവട്ടം ക്യാമ്പസ്‌ ലെ ഞാൻ പാപ്പനംകോട് നിസ്റ്റ് ലെ പയ്യന്നൂർകാരനുമായി ചങ്ങാത്തതിലാവുന്നത്. കഥപറച്ചിലിലെ ശബ്ദഗാഭീര്യം, കഥകളിലെ വൈവിധ്യം, വാക്കുകളിൽ നിറഞ്ഞില്ലെങ്കിലും കണ്ണുകളിലേക്ക് പടരുന്ന നോവ് ആശങ്കകൾ.. കൂടെ നടക്കുമ്പോഴുള്ള അനായാസത, സുരക്ഷിതത്വം..കഥയും കൊട്ടകയും കൊതിയൂറുന്ന രുചികളും കടലും കൂട്ടും.. മുള്ളില്ലാത്ത വഴിയേ പോകാം എന്നല്ല, "ഈ വഴിയേ പോയാ ഏത് മുള്ളാണ് നിന്നെ കുത്തുന്നെ എന്ന് എനിക്കൊന്നു കാണണമല്ലോ" എന്ന ഭാവം.. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എന്റെ ഏറ്റവും അടുത്തെത്തിയത് പയ്യന്നൂർ ആവും. സുധീഷ് കെ വി എന്ന ഗവേഷകനെക്കാളും സുധിഷ് പയ്യന്നൂർ എന്ന റിവ്യൂവർ നെകാളും എനിക്കറിയുന്ന പയ്യന്നൂർ വ്യത്യസ്തനാവും. ഒരു തൊഴിലിടത്തിലോ സാമൂഹിക ഇടത്തോ അല്ലാതെ രണ്ടു വ്യക്തികൾ മാത്രമുള്ള സൗഹൃദതലത്തിലാണ് എനിക്ക് പയ്യന്നൂരിനെ അറിയുക. ശരിക്കും പയ്യന്നൂർ എന്ന മനുഷ്യന്റെ ജാതിയോ ജാതകമോ ചരിത്രമോ ഒന്നും എനിക്കറിയില്ല, അങ്ങനെ പറഞ്ഞിട്ടൂല, നിർബന്ധിച്ചു ചോദിച്ചിട്ടുമില്ല... അറിയായ്മയിലും ഒരു അറിവുണ്ട്, ഏതേലും ഒരു ഇരുട്ടിൽ ഒന്ന് തട്ടി നിന്നുപോയ വേറെ ആരും വാതിലു തുറന്നില്ലേലും മൂപ്പര് വാതിലു തുറക്കൂന്നു.. പറയാനുള്ളത് പറഞ്ഞു തീരും വരെ ഒരു മൂളലോടെ അപ്പുറത്ത് ഇരിക്കൂന്നു.. ന്നിട്ട് നിർത്തുമ്പോ ഒരു കമന്റ് പോലും പറയാതെ, ഇയാളിതൊക്കെ കേട്ടോ എന്ന് നമ്മളെ ഡൌട്ടടിപ്പിച്ചു "പോട്ടെടോ" പറയും. എത്തി പിടിക്കാൻ ഒരുപാട് ഉന്നം വെച്ച് നടക്കുന്നോണ്ട്, പ്ലാനുള്ള, സമയത്തിന് കണക്കുള്ള ടോളെറൻസ് നു കൃത്യമായി പരിധി ഉള്ള മൂപ്പരെന്റെ പ്രിയപ്പെട്ട "മനുഷ്യൻ" ആണ്.. ഒരല്പം പ്രാന്തനായ പരുക്കനായ പ്രിയപ്പെട്ട മനുഷ്യൻ.. ശബ്ദത്തിന്റെ വേരിയേഷനിൽ അല്ലെങ്കിൽ ഏതോ ടെലപതി വൈബ് ൽ "നീ ഓക്കേ അല്ലെ? ഹാപ്പി അല്ലെ?" എന്നെത്തി നോക്കി പോകുന്ന ചങ്ക്.. ചിലയിടങ്ങളിൽ ചിലപ്പോഴൊക്കെ അങ്ങേയറ്റം ആർദ്രനാവുന്ന, ദേഷ്യങ്ങളിൽ പൊട്ടിത്തെറിക്കുന്ന, സന്തോഷങ്ങളിൽ അട്ടഹസിച്ചു ചിരിക്കുന്ന വെറും "മനുഷ്യൻ".. മുറിപ്പെടുത്തിയാലും തിരിച്ചുകൂടുന്ന ചങ്ക് ❤️ വർഷങ്ങൾക്കപ്പുറം ഇരുവരെയും ഇനിയും കാണണം,കഥകൾ പറയാൻ, കെട്ടിപ്പിടിക്കാൻ ❤️🫂

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

കലഹാനന്തരം