"ഭഗവാനെ... ഗോപാലകൃഷ്ണാ... കുട്ടപ്പാ... ഗോപി... ശ്രീധരാ.. " ഒരു ജപം പോലെ, ഉറങ്ങിയെണീക്കുമ്പോൾ അച്ഛൻ സ്ഥിരമായി വർഷങ്ങളോളം പറഞ്ഞിരുന്ന വാക്യമാണിത്. ഇതിൽ ശ്രീധരൻ എന്റെ അച്ഛന്റെ അച്ഛനും ബാക്കിയുള്ളവർ അപ്പൂപ്പന്റെ ഇളയ സഹോദരങ്ങളും ആണ്. അപ്പൂപ്പന്റെ അനുജൻ ഗോപാലകൃഷ്ണൻ അപ്പൂപ്പൻ എന്റെ അമ്മയുടെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. "നിന്റെ അച്ഛൻ അമ്മയെ വിവാഹം കഴിക്കും മുൻപുള്ളതാണ് ഞങ്ങള് തമ്മിലുള്ള ബന്ധം " എന്ന് അപ്പൂപ്പൻ സ്വതസിദ്ധമായ ഫലിതതോട് കൂടി കാണുമ്പൊഴേല്ലാം ഓർമിപ്പിച്ചു.അപ്പൂപ്പന്റെ സഹധർമ്മിണി പ്രഭ അമ്മൂമ്മയും എന്റെ അമ്മയുടെ അമ്മയുമായും നല്ല സൗഹൃദം നിലനിന്നു പോന്നു. അച്ഛൻ വഴിയുള്ള രക്തബന്ധവും അമ്മ വഴി സൗഹൃദ ബന്ധവും.
നീണ്ട ചന്ദനകുറിയും പൊട്ടും എന്റെ അമ്മയുടെ പിതാവിനെപോലെ അപ്പൂപ്പനും എല്ലായ്‌പ്പോഴും ധരിച്ചിച്ചിരുന്നു. മിക്കപ്പോഴും അപ്പൂപ്പന്റെ വീട്ടിലേക്ക് നാം ചെല്ലുമ്പോൾ കാണുക ഭഗവദ് ഗ്രന്ഥങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന അപ്പൂപ്പനെയാവും; അതിഥികൾ വന്നാലും വായന യഥാവിധി നിർത്തിയ ശേഷമാണു അപ്പൂപ്പൻ എണീക്കുക. അതുകൊണ്ട് തന്നെയാവും "ഭഗവാൻ" എന്നായിരുന്നു ജേഷ്ഠനുജരുടെ മക്കളുടെ ഇടയിൽ അപ്പുപ്പന്റെ വിളിപ്പേര്. വനിതയിൽ ജോലി കിട്ടിയപ്പോൾ ഭാഗവതത്തിലെ ഏതോ ഈരടികൾ ചൊല്ലി അതിലൊരു വാക്കിന്റെ അർഥം അപ്പൂപ്പൻ എന്നോട് ചോദിച്ചു; അറിയില്ല എന്ന് പറഞ്ഞപ്പോൾ "നീ എങ്ങനാ പിന്നെ എഴുത്തുകാരിയാകുന്നത്" എന്നായി. തീരെ അരോചകം ആയിരുന്നില്ല ആ സംഭാഷണം മറിച്ചു കഴിഞ്ഞ തലമുറയുടെ ഭാഷയിലെയും പുരാണത്തിലെയും ജ്ഞാനം പ്രകടമാവുന്ന ഒന്നായിരുന്നു അത്.
ഇന്നലെ, വ്യാഴാഴ്ച ഗോപാലകൃഷ്ണൻ അപ്പൂപ്പൻ ഭഗവദ്സന്നിധിയിലേക്ക് ചേക്കേറി.
താത്ത...
"തത്തയും കാക്കയും അറിയാം, ഇതെന്താ? " അവധിക്ക് നാട്ടിലെത്തുന്ന എന്റെ മാപ്പിള മലയാളത്തോട് അവർ ചോദിച്ചു. പക്ഷെ, "ഴ" ക്ക് "യ" പറഞ്ഞിരുന്ന മുട്ട ക്ക് മൊട പറഞ്ഞിരുന്ന അംഗൻവാടി കൊച്ചിന് അതൊന്നും കാര്യമേ ആയിരുന്നില്ല. ഓർമകളുടെ തുടക്കത്തിലാണ് താത്ത. ഓർമ്മകൾ ഉറയ്ക്കുന്നത്തിന് മുൻപ് ഇട്ടിലാക്കലിലെ മൂന്നു മുറികളുള്ള ആ ക്വട്ടേഴ്സ് വിടുകയും ചെയ്തു. കുറെ കമ്മലിട്ട്, വളയും മാലയുമിട്ട് തലയിൽ തട്ടവും ഉടുപ്പും മുണ്ടുമൊക്കെ ഇട്ടാണ് താത്തയുടെ ആദ്യകാല രൂപം എന്റെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്. പിന്നെ മുതിർന്നപ്പോൾ ബഷീറിന്റെ പെണ്ണുങ്ങൾക്ക് താത്തയുടെ രൂപമായി, താത്തക്ക് അവരുടെയും. മെല്ലെ ഭാവനയേത് റിയാലിറ്റി ഏത് എന്നറിയാത്ത ഒരിടത്തേക്ക് താത്തയും താത്തയുടെ പഴയ രൂപവും മാഞ്ഞു. എന്നാലും പച്ചകസവുതുണിയുടെ നീണ്ട ഉടുപ്പും മുണ്ടും കുനുകുനെ കുത്തിയ കാതിൽ നിറയെ സ്വർണകമ്മലും കയ്യിൽ കിലുകിലാ കിലുങ്ങുന്ന സ്വർണവളകളും ഒരു നീണ്ട വലിയ സ്വർണമാലയും മറ്റൊന്നും ഇട്ട് ഏതോ കല്യാണത്തിന് പോയി വന്ന താത്തയോട് സ്വർണമാല ചോദിച്ചു വാങ്ങി കഴുത്തിലിട്ടതും അമ്മ വഴക്ക് പറഞ്ഞതും ചുണ്ടിൽ ഒരിത്തിരി മുറുക്കാൻ ചുവപ്പ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ