സ്നേഹം

 ഇന്നലെ രാത്രിയാണ് അനിയത്തിയെ വിളിച്ചത്; പഴയൊരു ഉടുപ്പുണ്ട്, കളയാൻ മനസ്സ് വരുന്നില്ല. അവളിടുമോ എന്നറിയാനാണ് വിളി.

"ചേച്ചി എനിക്കുമുണ്ട് ചില ഉടുപ്പുകൾ. ഇഷ്ടം കാരണം കളയാൻ തോന്നാതെ മോഡിഫിക്കേഷനുകൾ വരുത്തി കൂടെ കൊണ്ട് നടക്കുന്ന ചിലത്. "


അവൾ പറഞ്ഞ് തീർന്നതും എനിക്കോർമ്മ വന്നത് ചില മനുഷ്യരെയാണ്. അത്രമേൽ സ്നേഹിച്ച മനുഷ്യരെ. പഴയ കുപ്പായങ്ങളെ പോലെ. കുത്തിനിറച്ചിടുന്ന ചിലർ, മേല്കുപ്പയത്തിൽ നിന്നും കൈലിസിലേക്ക് വഴി മാറിയ ചിലർ,ദുപ്പട്ടകളായി ഓർമകളിലൂടെ വീണ്ടും കൂടെ കൂടുന്ന ചിലർ...2021 അവർക്ക് വേണ്ടി ആയിരുന്നു. നൊന്തിട്ടും നോവിപ്പിച്ചിട്ടും സ്നേഹം ബാക്കിയായ മനുഷ്യർ.. അവിടെ ഞാനില്ല, നീയില്ല, എന്നോ എവിടെയോ ബാക്കി വെച്ച സ്നേഹം മാത്രമേ ഒള്ളൂ.. ആ സ്നേഹത്തെ പ്രതി തന്നെയാവാം പിന്നെയും പുറകിലേക്ക്ന ടന്നു ചോദിക്കുന്നത് "തിരികെ വന്നൂടെ "...

മാനഭിമാനങ്ങളുടെ കെട്ടുപാടുകൾ അവിടെ ഇല്ല, കാരണം അനുഭവിച്ചതിൽ വെച്ചേറ്റവും നിർമലമായവ എങ്ങനെ അശുദ്ധമാവാനാണ്!

തിരികെ കിട്ടാത്ത സ്നേഹം ശുദ്ധ അസംബന്ധമാണ്. സ്നേഹം ഉണ്ടായിരുന്നെങ്കിൽ അത് നിലക്കുകയെ ഇല്ല, ഒഴുകി കൊണ്ടേയിരിക്കും.. വാക്കുകൾ നിലച്ചു പോയേക്കാം, ഓർമകളിൽ ഹൃദയത്തിൽ പ്രാർഥനകളിൽ അത് ഒഴുകി കൊണ്ടേയിരിക്കും.. അവിടെ ഉപയോഗമോ ഉപയോഗശൂന്യമോ ഇല്ല, അങ്ങനെ ആവുന്നതൊന്നും സ്നേഹമല്ലല്ലോ.. സ്നേഹം ഇല്ലായിരുന്നെങ്കിലോ? രണ്ടു ഹൃദയങ്ങളും ശൂന്യമായിരുന്നെങ്കിലൊ?! ഓർമകളൊക്കെ ചിത്രങ്ങൾ മാത്രമാണ് അവിടെ. 

ബൈബിളിലേ സ്നേഹവചനത്തോളം പ്രിയം മറ്റൊന്നിനോടും തോന്നിയിട്ടില്ല. "അസൂയപ്പെടാത്ത വിദ്വേഷിക്കാത്ത സ്നേഹം ".. തികച്ചും അഭൗമമായ സ്നേഹം..

എന്റെ സ്നേഹം മാനുഷികമാണ്, അതും പക്ഷേ സ്നേഹമാണ്. അസൂയപ്പെട്ടാലും അകന്നു പോയാലും ആഴങ്ങളിൽ എവിടെയോ അവരുടെ നേട്ടങ്ങളിൽ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളിൽ തിരയിളക്കം നടത്തി വരവറിയിച്ചു കൊണ്ടേയിരിക്കും. എടുത്താൽ പൊങ്ങാത്ത ന്യായങ്ങളൊക്കെയും നിരത്തി ആ ഉറവ അടക്കുമ്പോഴൊക്കെയും പ്രിയമുള്ള പാട്ടിന്റെ വരികളാവാം മറന്നുപോയ രുചിയാവാം അവനുമായി അല്ലെങ്കിൽ അവളുമായി മാത്രം ചേർത്തുവെക്കാനാവുന്ന സ്ഥലമോ ഗന്ധമോ കവിതയോ ആവാം ഓർമിപ്പിച്ചു കൊണ്ടേയിരിക്കും, ആർദ്രമാക്കി കൊണ്ടേയിരിക്കും. പിന്നെ കീഴടുങ്ങുകയെ ഒള്ളൂ വഴി. സ്നേഹത്തിനു കീഴ്പ്പെടാതെ മറ്റെന്തു കീഴടക്കിയിട്ടും പ്രയോജനമുണ്ടോ? വീണ്ടും മറ്റൊരു ബൈബിൾ വചനം കാതിൽ മുഴങ്ങുന്നു. ആത്മാവ് സ്നേഹമല്ലാതെ മറ്റെന്താണ്?!...


ചക്കിയേ പുറത്തെടുത്തു കുരങ്ങൻകുട്ടി കളിക്കുമ്പോൾ എപ്പോഴോ പാടികൊടുത്ത രണ്ടു വരിയുണ്ട് "കണ്ണാംതുമ്പി പോരാമോ..  എന്നോടിഷ്ടം കൂടാമോ?... നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുളിൽ പൂക്കാലം " പാടുമ്പോഴേക്കും മനസ്സിൽ മറ്റൊരു മുഖമെത്തും. ഒരു ലോജിക്കുമില്ലാത്ത മാതൃഭാവം. കണ്ണ് പൊടി നനഞ്ഞു പോകും, സ്നേഹത്തിന്റെ നനവ് നാക്കിനെ തരിശാക്കി കണ്ണുകളിലേക്ക് മാത്രം പടരുന്നതെങ്ങനെയാണ്? അവനുണ്ടെങ്കിലും ഇല്ലെങ്കിലും അവനെ സ്നേഹിക്കാതിരിക്കാൻ എനിക്കവതില്ലല്ലോ! 

അവളെ കുറിച്ചോർക്കാൻ കാരണങ്ങൾ വേണ്ട. എങ്കിലും ഉശിരുള്ള പെണ്ണൊരുത്തിയായി രാച്ചിയമ്മ സ്‌ക്രീനിൽ വന്നപ്പോൾ ഞാൻ കണ്ടത് അവളെ ആയിരുന്നു. എത്ര കല്ലിട്ടും മണ്ണിട്ടും എന്റെതല്ല എന്ന് പറഞ്ഞു മൂടിയതാണ് ആ ഉറവ. ചോര പൊടിച്ചത് പിന്നെയും പൊട്ടും. സ്നേഹത്തിനു അവസാനമില്ലല്ലോ... അതിനു ഉടമയുമില്ലല്ലോ...

നാൻ - ബട്ടർ പനീർ കഴിച്ചിട്ട് വർഷങ്ങൾ എത്രയാവുന്നു. അവനരികിൽ ഇല്ലെങ്കിൽ രുചിമുകുളങ്ങൾ പിണങ്ങിമാറും. അവനാണു ആ രുചി. അവന്റെ പരിഭവങ്ങില്ലാതെ അതെനിക്ക് കഴിക്കാനാവില്ല. ഒരിക്കൽ ഓർഡർ ചെയ്തു ഇടമുറിഞ്ഞ ശബ്ദങ്ങളിൽ തട്ടി അത് അവിടെ നിന്നു. എത്ര ഗ്ലാസ്‌ വെള്ളത്തിനും സഹായിക്കാനാവാതെ.. ഇത് എഴുതുമ്പോഴും തൊണ്ടകുഴിയിൽ ആ വേദന.. അതിനെന്നാണ് മോചനം?

 സ്നേഹത്തിനു സ്നേഹത്തിലൂടെ മാത്രമാണ് മോചനം.  വാക്കും നോക്കും ഒന്നുമില്ലെങ്കിലും സ്നേഹം ഇടമുറിയാത്ത ചാറ്റൽ മഴയായി പെയ്തുകൊണ്ടേയിരിക്കും... എത്ര നിഷേധിച്ചാലും മറക്കാനാവാത്ത ഒരു കൊതി പോലെ.. ഒരു 'തോന്നൽ' പോലെ.

അപ്പോൾ ഓർക്കാതെ പോവുന്നത് സ്നേഹമല്ലേ? അതും സ്നേഹമാണ്. വെറുക്കാതെ ഇരിക്കുന്നതെല്ലാം സ്നേഹമാണ്.. ശപിച്ചു പോകുമ്പോഴും ശാപം പതിക്കല്ലേ എന്നുരുകി നീറുന്നതും സ്നേഹമാണ്. പുറമെ കഠിനം എന്ന് തോന്നുമ്പോഴും അകമേ തുളുമ്പുന്ന അലിവ് അറിയുന്നതും സ്നേഹമാണ്. വെറുത്തിട്ടും പൊറുക്കുന്നതും സ്നേഹമാണ്.  സ്നേഹിക്കില്ലെന്നു ഉറപ്പിച്ചിട്ടും ഇനിയും സ്നേഹിക്കുമെന്ന് തോന്നുന്നതും സ്നേഹമാണ്. എല്ലാം ഉപേക്ഷിച്ചു മടങ്ങുമ്പോഴും പിൻവിളിക്കുന്നതും സ്നേഹമാണ്.. മനുഷ്യൻ മാത്രമാണ് അപ്പുറത്ത് നില്കുന്നത് എന്ന തിരിച്ചറിവ് മാത്രം മതി സ്നേഹിക്കില്ല എന്ന പിടിവാശി ഉപേക്ഷിക്കാൻ. സ്നേഹപൂർവ്വം നടന്നകലുമ്പോഴും ചേർന്ന് നില്കുമ്പോഴും സ്നേഹത്തിനു സ്നേഹമുണ്ടെന്നുള്ള തിരിച്ചറിവ് മാത്രം മതി.

പാതിരാത്രി എന്നെയൊന്നു കേൾക്കൂ എന്നൊരുവൻ ചോദിക്കുന്നതും സ്നേഹമാണ്. പിന്നിപഴകിയ നൊമ്പരം വീണ്ടും നെഞ്ചോട് ചേർക്കുമ്പോൾ പോട്ടെ എന്ന് പറഞ്ഞു നെറുകിൽ പതിക്കുന്ന ചുംബനവും സ്നേഹമല്ലാതെ മറ്റെന്താണ്. ഇത്രകാലം കഴിഞ്ഞും ഉള്ളു തുറന്നു മിണ്ടി നാമൊപ്പം ഇത്രയും വളർന്നുവെന്നു തിരിച്ചറിയുന്നതും സ്നേഹമാണ്.

ഓരോ ഇറങ്ങിപോകലുകളിലും സ്നേഹമുണ്ട്. ഓരോ തിരിച്ചുവരവുകളിലും സ്നേഹമുണ്ട്. ഓരോ മറഞ്ഞുനോട്ടങ്ങളിലും സ്നേഹമുണ്ട്, ഓരോ മറവികളിലും ഓർമകളിലും സ്നേഹമുണ്ട്.

പക്ഷേ ഒരുവന് തന്നോടുള്ള സ്നേഹമാണ് ഓരോ സ്നേഹത്തിനും അടിസ്ഥാനം. നിനക്കെന്നെ സ്നേഹിക്കുമ്പോൾ നിന്നെ കൂടുതൽ സ്നേഹിക്കാനാവുന്നുണ്ടോ? എന്റെ കണ്ണുകളിൽ നിന്റെ സൗന്ദര്യം നീ കണ്ടിട്ടുണ്ടോ? എന്റെ ഓർമ്മകൾ മുറിഞ്ഞുപോയ നിന്റെ കഷ്ണങ്ങളിൽ തണുപ്പ് നൽകുന്നുണ്ടോ? തിരിഞ്ഞു നോക്കുമ്പോൾ നീയും ഞാനും ശരിയായിരുന്നു എന്ന് നീ അറിയുന്നുണ്ടോ? എങ്കിൽ എത്ര നിഷേധിച്ചാലും എത്ര തിരിഞ്ഞു നടന്നാലും നമുക്കിടയിൽ ഇപ്പോഴും സ്നേഹം മഞ്ഞുപോൽ കിടക്കുന്നുണ്ടെന്നു.. ഉരുകിയൊഴുകാൻ അതിനു ഊഷ്മളമായ ഒരു വാക്ക് മതിയാവില്ലേ?

2021 നെ സ്നേഹം കൊണ്ട് അടയാളപ്പെടുത്തിയ എല്ലാവർക്കും ❣️

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരിക്കൽ കൂടി

താത്ത...