താത്ത...

 "തത്തയും കാക്കയും അറിയാം, ഇതെന്താ? "   അവധിക്ക് നാട്ടിലെത്തുന്ന എന്റെ മാപ്പിള മലയാളത്തോട് അവർ ചോദിച്ചു. പക്ഷെ, "ഴ" ക്ക് "യ" പറഞ്ഞിരുന്ന മുട്ട ക്ക് മൊട പറഞ്ഞിരുന്ന അംഗൻവാടി കൊച്ചിന് അതൊന്നും കാര്യമേ ആയിരുന്നില്ല.

ഓർമകളുടെ തുടക്കത്തിലാണ് താത്ത. ഓർമ്മകൾ ഉറയ്ക്കുന്നത്തിന് മുൻപ് ഇട്ടിലാക്കലിലെ മൂന്നു മുറികളുള്ള ആ ക്വട്ടേഴ്‌സ് വിടുകയും ചെയ്തു. കുറെ കമ്മലിട്ട്, വളയും മാലയുമിട്ട് തലയിൽ തട്ടവും ഉടുപ്പും മുണ്ടുമൊക്കെ ഇട്ടാണ് താത്തയുടെ ആദ്യകാല രൂപം എന്റെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നത്. പിന്നെ മുതിർന്നപ്പോൾ ബഷീറിന്റെ പെണ്ണുങ്ങൾക്ക് താത്തയുടെ രൂപമായി, താത്തക്ക് അവരുടെയും. മെല്ലെ ഭാവനയേത് റിയാലിറ്റി ഏത് എന്നറിയാത്ത ഒരിടത്തേക്ക് താത്തയും താത്തയുടെ പഴയ രൂപവും മാഞ്ഞു.

എന്നാലും പച്ചകസവുതുണിയുടെ നീണ്ട ഉടുപ്പും മുണ്ടും കുനുകുനെ കുത്തിയ കാതിൽ നിറയെ സ്വർണകമ്മലും കയ്യിൽ കിലുകിലാ കിലുങ്ങുന്ന സ്വർണവളകളും ഒരു നീണ്ട വലിയ സ്വർണമാലയും മറ്റൊന്നും ഇട്ട് ഏതോ കല്യാണത്തിന് പോയി വന്ന താത്തയോട് സ്വർണമാല ചോദിച്ചു വാങ്ങി കഴുത്തിലിട്ടതും അമ്മ വഴക്ക് പറഞ്ഞതും ചുണ്ടിൽ ഒരിത്തിരി മുറുക്കാൻ ചുവപ്പുമുള്ള ചിരിയിൽ  താത്ത പോട്ടെ ടീച്ചറെ പറയുന്നതും കണ്ടുമറന്ന സ്വപ്നം പോലെ ഓർമയുണ്ട്.


താത്തയായിരുന്നു എന്റെ ആദ്യത്തെ ക്രാഫ്റ്റ് ടീച്ചർ. ഓലകാലു കൊണ്ട് പാമ്പ്, വാച്ച്, കണ്ണട, കിളി, പന്ത്, പന്തിനകത്തു ഇരിക്കുന്ന കിളി, അങ്ങനെ എന്തൊക്കെ.. വാഴപിണ്ടി കൊണ്ട് കിളിക്കൂടും കിളിയും താത്ത ഉണ്ടാക്കിയത് എനിക്ക് അത്ഭുതമായിരുന്നു.താത്തയും അലവികാക്കയും ഉമ്മുമ്മയും മാളു ചേച്ചിയും ഉമ്മുതാത്തയും ഒക്കെ ഓർമയിൽ സജീവമാണ്. കുഞ്ഞുട്ടീ... കുഞ്ഞാപ്പു...  കുഞ്ഞിപ്പാ.. ആ നീട്ടിവിളികളും...

താത്തയുടെയും അലവികാക്കയുടെയും വീടിനു ഓർമയിൽ അസാമാന്യമായ വലിപ്പമാണ്. ടി വി കാണാൻ, കളിക്കാൻ, മാളു ചേച്ചിയുടെ കൂടെ അമൂലിന്റെ (?) പ്ലാസ്റ്റിക് കുപ്പിയിൽ കൈതച്ചക്ക ഉണ്ടാക്കാൻ, പ്ലാസ്റ്റിക് ബീഡ്സ് കൊണ്ട് കർട്ടൻ ഉണ്ടാക്കാൻ, ഹോർലിക്സ് കുടിക്കാൻ, ഒരു നാണോം മാനോമില്ലാതെ ക്രീം ബിസ്കറ്റ് ചോദിച്ചു വാങ്ങിച്ചു തിന്നാൻ അങ്ങനെ എന്തിനൊക്കെ അവിടെ പോയിരുന്നോ എന്തോ.. വാടകക്കാരെന്നോ ഉടമസ്ഥരെന്നോ, തെക്കരെന്നോ വടക്കരെന്നോ, ഹിന്ദുവെന്നോ മുസ്ലിം എന്നോ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെ ഇല്ല. എനിക്കും മാളുവിനും പിങ്കിക്കും ശ്രീനു ചേട്ടനും ശ്രീ(ജ)കുട്ടിക്കും അത് ഞങ്ങളുടെ വീട് തന്നെ ആയിരുന്നു. തട്ടിവീണു നെറ്റിപൊട്ടി ഞാൻ ചോരയൊലിപ്പിച്ചപ്പോഴും കരഞ്ഞു വീഴാറായ അമ്മക്കൊപ്പം അവരായിരുന്നു കൂടെ ഓടിയത്.


പിന്നെ തേഞ്ഞിപാലത്തേക്ക് മാറിയപ്പോൾ കണ്ണകന്നു. ഇടക്കുള്ള പോക്ക് വരവുകളിൽ താത്ത സാരിയിലേക്ക് മാറി. താത്തയുടെ മുയലും താറാവും അവിടെ ഇല്ലാതായി.കോളേജ് ൽ ചേർന്നത്തോടെ ഞാനൊരു തെക്കത്തിയായി. വാടകവീടുകളുടെ നീണ്ട ലിസ്റ്റ്കൾക്ക് ഇടയിൽ അപ്പോഴും താത്തയും അലവികാക്കയും ഓർമകളായി.

എന്റെ കല്യാണത്തിനു താത്തക്ക് വരാൻ പറ്റിയില്ല; ഉമ്മു താത്തയൊക്കെ വന്നെങ്കിലും ദൂരവും പ്രായവും താത്തയെയും അലവികാക്കയേയും അനുവദിച്ചില്ല . കല്യാണം കഴിഞ്ഞ് മലപ്പുറത്ത് പോയപ്പോൾ അച്ഛൻ ഓർമിപ്പിച്ചു "എന്നേക്കാൾ നിന്നെ എടുത്തോണ്ട് നടന്നിട്ടുള്ളവരാ പോണം ". എണ്ണികിട്ടിയ ലീവുകൾക്കിടയിൽ പിന്നെ ആവാമെന്ന് കരുതി."താത്തക്ക് ചക്കിയേ കാണണം എന്ന് പറഞ്ഞു", "എങ്ങനാ അമ്മേ ഈ കൊറോണ ആയിട്ട്"..ശ്രീനു ചേട്ടന്റെ കല്യാണത്തിനും ആ കുടുംബം സാനിധ്യം അറിയിച്ചു. ബി എഡ് ന്റെ അഡ്മിഷൻ തിരക്കിൽ അന്നും അവിടേക്ക് ഇറങ്ങാൻ പറ്റിയില്ല. അമ്മയുടെ ഫോണിൽ  മാളു ചേച്ചി ഇടക്കിടെ വിളിച്ചു സ്നേഹം പുതുക്കി, കൂട്ടത്തിൽ ചക്കിയും ഞാനും

ഇന്നലെ കണ്ണ് നിറഞ്ഞു, തൊണ്ടയിടറി അമ്മ പറഞ്ഞു " താത്ത പോയി, എന്നാലും ഒന്ന് അവിടം വരെ പോകാൻ പറ്റില്ലല്ലോ "...

ആദരാജ്ഞലികൾ🙏


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി