പോസ്റ്റുകള്‍

മാർച്ച്, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലഹരി

വെട്ടിയിട്ട മരവലയങ്ങൾക്ക്  ആയുസ്സിന്റെ വരയറിയാം  തുള വീണ സഞ്ചികൾക്ക്  ശ്വാസത്തിന്റെ കിതപ്പും.  പുകച്ചുരുളുകൾക്കിടയിൽ  മുഖം മറച്ച ആത്മാക്കൾ  സ്വർഗ്ഗവാതിലിൽ മുഖമമർത്തി  തേങ്ങുന്നുണ്ടാവും.  കരളിന് വലിപ്പം പോരാഞ്ഞോ  പ്രണയത്തിന്റെ കരളലിയാനോ  ഈ കുട്ടിക്കളി?  ഡിസംബർ ന്റെ തണുപ്പകലാൻ  ഒരു സ്കോച്ച് വിസ്കി  മരണത്തിന്റെ തണുപ്പകറ്റാൻ  ഐ സി യൂ വിന്റെ മരവിപ്പ്! കുത്തികയറാൻ വാക്കുകൾക്കാവാഞ്ഞാവാം  ആ സിറിഞ്ചിൻ മുനയിലഭയം  ഹൃദയരക്തം കടുപ്പിക്കാൻ  സിരകളിൽ വിഷം പടരണം പോലും  നോക്കുകൂലി വാങ്ങി  കാഴ്ചക്കാരനായി മാറാതെ  ആ മൂപ്പിലാൻ മറ്റെന്തു ചെയ്യും?  തലയിലെഴുതി താഴേക്കു  പടച്ചുവിട്ടപ്പോൾ  പടച്ചവനും കരുതിക്കാണില്ല  ഇങ്ങനെയും പിഴച്ചു പോവുമെന്ന്.   

എവിടെയൊക്കെയോ

എവിടെയൊക്കെയോ  എന്റെ ഹൃദയത്തിൽ തന്നെയാകാം  ജനിക്കാൻ മരിച്ച മനുഷ്യരെയോർത്ത്  ഞാൻ നെടുവീർപ്പിടുന്നു..  എവിടെയൊക്കെയോ  എന്റെ ഹൃദയത്തിൽ തന്നെയാകാം  മരിക്കാൻ ജനിച്ച മനുഷ്യരെയോർത്ത്  ഞാൻ ആഹ്ലാദിക്കുന്നു .. എവിടെയൊക്കെയോ  എന്റെ ബുദ്ധി തുരുമ്പെടുക്കാത്തതിനാവാം  മുളക്കാൻ മടിച്ച പ്രണയത്തെ കുറിച്ചോർത്തു  ഞാൻ കവിത കുറിക്കുന്നു..  എവിടെയൊക്കെ  എന്റെ ബുദ്ധിമുട്ടുകളിലാവാം  തല ചായ്ക്കാൻ ഇടം തേടുന്നവരിൽ  ഞാൻ സഹതപിക്കുന്നു..  എവിടെയൊക്കെ  എന്റെ വീട്ടിൽ തന്നെയാവാം  കെട്ടിയ താലിക്കുള്ളിൽ ഒരു പെണ്ണ്  നട്ടം തിരിയുന്നു...   എവിടെയൊക്കെയോ മഞ്ഞവട്ടങ്ങളിൽ നിന്നാവാം  പറയാനരുതാത്ത നീറ്റലുകൾ  കണ്ണടച്ച് ഇളിച്ചു കാട്ടുന്നു..  എവിടെയൊക്കെയോ നമുക്കിരുവശവും ആവാം  നിലവിളിക്കാൻ കഴിയാത,വർ  മരിച്ചുവീഴുന്നു...  എവിടെയൊക്കെയോ  ജാലകങ്ങൾ തുറന്നിട്ടാവാം  വാതിലുകൾ നാം കൊട്ടിയടക്കുന്നു 

വേണമായിരുന്നു

എനിക്ക് നിന്നെ വേണമായിരുന്നു..  നിന്റെ പ്രണയത്തിനെ..  ഉള്ളിൽ കനലായെരിഞ്ഞു  നിശബദതയെ പുകച്ചെരിച്ചു  കവിതയായ് തളം കെട്ടാൻ...  എനിക്ക് നിന്നെ വേണമായിരുന്നു..  ഉയരങ്ങൾ മോഹിച്ച,  നെറ്റിത്തടത്തിൽ  എന്റെ ചുണ്ടുകൾ കൊണ്ടൊരു  പാഴ്ചിത്രം കോറിയിടാൻ..  നിന്റെ താടിരോമങ്ങൾ  മൂർച്ചയിൽ എന്റെ കൈവിരൽ  ചുമപ്പിടാൻ ..   എനിക്ക് വേണമായിരുന്നു, നിന്നെ..  പിന്നെയും അവശിക്കുന്ന  ചുരുളുകൾക്കിടയിൽ  കൈ നീർത്തി,  സ്വാന്തനം മെല്ലെ  അരിച്ചിറക്കാൻ..  ശബ്ദമറിഞ്ഞ നിൻ,  രുചി  മണം,  ആഴം പച്ചേന്ദ്രയങ്ങളും  നിറച്ചു പെയ്യിച്ചു വലിച്ചെറിയാൻ.. 

അഹം

2010 പ്രണയം അക്ഷരങ്ങളോടാണ്  ആരാധന ചിന്തകളോടാണ്  സൗഹൃദം നന്മ സ്ഫുരിക്കുന്ന മനസ്സുകളോടും  കാർക്കശ്യം പൈതൃകം നഷ്ടമാവാതിരിക്കാൻ  കുസൃതി മറ്റൊരു ആട്ടിൻതോലാണ്..  വിപ്ലവം എന്റെ ചിതക്കുള്ള അഗ്നിയാണ്  ഞാൻ മറ്റൊരു ഭ്രാന്തിയാണ്..  എന്റെ രക്തത്തിൽ ശ്വേതാണുക്കൾ കുറവ്  എന്റെ വിപ്ലവത്തിൽ ചോരയും കണ്ണീരും കുറവ് എന്റെ ഭാഷയിൽ അഗ്നി കുറവ്  എന്റെ വാക്കിന് ഞാൻ മാത്രമിര  എന്നിട്ടും മറ്റൊരു ഗാന്ധിയായി  ഞാൻ, കാക്ക തൂറുന്ന പ്രതിമയായി..  നിന്റെ വേർപിലാണ്‌ ഞാൻ ജനിച്ചത്  നിന്റെ ജല്പനങ്ങളിലാണ് ഞാൻ വളർന്നത്  നിന്റെ കണ്ണീരും കിനാവും എന്നിലൂടാണ്  നീ മറന്നത്,  എന്നിട്ടും...  നമുക്കിടയിൽ ഈ മതിൽ ! ഉയർന്നു പൊങ്ങി വളഞ്ഞുപുളഞ്ഞു,  രണ്ടറ്റവും കൂട്ടി മുട്ടും മുന്നേ,  തടവറ ക്കു മീതെ നമുക്കുയരണം.   

പ്രണയപർവ്വം

2012 ഞാൻ നിന്റേതായിരുന്നില്ല;  നിന്റേതാകുമോ എന്നു  ശങ്കിച്ചപ്പോഴും ഞാൻ  എന്റേതു മാത്രമായിരുന്നു..  പാതിയടഞ്ഞ മിഴിയിലും  പാതിതുറന്ന അധരങ്ങളിലും  നിനക്കജ്ഞനായവൾ,  (ചിലപ്പോഴൊക്കെ എനിക്കും ) ചുംബനങ്ങൾ ഏറ്റുവാങ്ങുമ്പോൾ  ഞാൻ തിരിച്ചറിഞ്ഞിരുന്നു.   എന്റെ ആത്മകഥക്ക്  നിന്റെ കണക്കുപുസ്തകത്തേക്കാൾ  തിരുത്തലുകൾ വേണ്ടി വരുമെന്ന്..   ഇനിയും അക്ഷരങ്ങൾ പിഴക്കുമെന്നു,  കൂട്ടലുകളും കുറക്കലുകളും നടത്തി,  ബാക്കി വന്ന സ്വപ്‌നങ്ങൾ,  ബാലികാക്കകൾ വീതിച്ചെടുക്കുമെന്നു...  എനിക്കറിയാം,  നിഴലാട്ടത്തിന്റെ  മറുകരയിൽ,  പെയ്തൊഴിഞ്ഞ   ഹതഭാഗ്യത്തെ നോക്കി നീ  ഇരിപ്പുണ്ട്,  ഒരു മിഴിയിൽ ആഹ്ലാദവും  മറു മിഴിയിൽ നഷ്ടവും പേറി,  കോടി,  വിരിഞ്ഞ ചിരിയുമായി.. 

കഞ്ചാവ് മണക്കുന്ന പെണ്ണിനെ കെട്ടണം

November 19, 2016 എനിക്കു നിന്റെ തീണ്ടാരി പാത്രമാവണം..  ചെമ്പരത്തിയും ഗുൽമോഹറും ചെമ്പനീറും  നിറം കൊടുത്ത ചോപ്പിനെ ഏറ്റു വാങ്ങണം ! രഹസ്യങ്ങളിലേക്ക്  ഇറങ്ങി വന്നു  മറഞ്ഞിരുന്ന വിഹ്വലതകളെ  നിറച്ചിറങ്ങി പോണം...  ഒതുങ്ങികൂടലിന്റെ സിന്ദൂരം പറന്നിറങ്ങാത്ത വഴികളിൽ, പടരാത്ത അരക്ഷിതത്വത്തിൽ, നിന്റെ ഒപ്പം ആരുമറിയാതെ നടക്കണം..   മഴ നനഞ്ഞും വെയിൽ കൊണ്ടും ചീറി പാഞ്ഞും നീ എന്നെ മറക്കണം !  ആ മറവിയിലാകും എന്റെ പ്രണയം ചോക്കുക..  പൂക്കുക..   തുളുമ്പാതെ ഒഴുകിയകലാൻ കാത്തുനിൽക്കുക...!! (തിരുത്തുകൾ നിറഞ്ഞ തുരുത്തിൽ നിന്നും...!!)

അശുദ്ധം

September 18, 2016 വളരെ വളച്ചൊടിച്ചു അവൾ ചോദിച്ച ആദ്യത്തെ ചോദ്യമായിരുന്നു അത്..   ഭർത്താവിനോളം അടുപ്പമുള്ള ആൺസുഹൃത്ത് എന്ന സങ്കൽപം സമവാക്യങ്ങളിൽ ഒതുങ്ങുന്നില്ല.  ഒരല്പം അട്ടഹാസത്തോടെ അവർ അതിനു മറുപടി നൽകി,  തോന്നുന്നതൊക്കെ അതേ പോലെ വിളിച്ചു പറയാൻ സുഹൃത്തുക്കളാടി നല്ലത്.  ഭർത്താവ് ഒരിത്തിരി അകലത്തിൽ ഒത്തിരി അടുപ്പമുള്ള വാക്കാണ്.  അവൾ നീണ്ടി വിട്ട വായു സ്വതന്ത്രമായി.  എനിക്ക് സുഹൃത്ത് മതി, വായിൽ തോന്നുന്നത് ജീവിത കാലം മൊത്തം വിളിച്ചു പറയാൻ ഒരു സുഹൃത്ത്.  ബലൂണിനുള്ളിൽ  വായു നിറഞ്ഞു. സ്വതന്ത്രമെന്ന് വീണ്ടും അഹങ്കരിക്കാൻ.. തല നരച്ചവൻ ചൊറിഞ്ഞു, സ്വാതന്ത്രമാക്കപ്പെടുന്നത് അശുദ്ധമാണ്. പച്ചില സൂര്യനെ നോക്കി വെളുക്കെ ചിരിച്ചു.

അവൾക്കൊപ്പം

July 8, 2019 ചില പ്രണയങ്ങളുണ്ട്,  തന്നോട് തന്നെയുള്ളവ..  ഏറ്റവും നിശ്ശബ്ദമായ നിമിഷങ്ങളിൽ  ഇടതു നെഞ്ചിൽ നിന്നും അവ കവിതകൾ കുറിക്കും..   ഇനിയും അവസാനിക്കാത്ത ഒരു ആനന്ദം തെളിഞ്ഞ വെള്ളം പോലെ പുണർന്നുകൊണ്ടേയിരിക്കും..  ഓരോ കയ്യനക്കത്തിലും ദിശ തേടി,  മെയ്യ് അളവുകളിൽ തിരത്തള്ളി കാൽവേഗങ്ങളെ  മേല്പോട്ടുയർത്തി ഭാരം ഇല്ലാത്ത ഒരുവളായി എന്നെ മാറ്റും..   ഒട്ടിപ്പിടിച്ചു കിടക്കുന്ന നീന്തൽ വസ്ത്രത്തിന്റെ ജാള്യതയോ,  വണ്ണമേറിയ തുടകളോ  അടിവസ്ത്രങ്ങളുടെ സദാചാരമോ ഞാനപ്പോൾ അറിയുകയില്ല.   രാജകുമാരനെ കാത്തു പെൺകൊടിയായ  മൽസ്യകന്യകയോട് മറുമരുന്ന് ആരായാൻ മനസ്സ് കൊതിക്കും..  ഓറഞ്ചു നിറമുള്ള വളയം,  ഒരു തീഗോളം പോലെ കവചമാകുമ്പോഴും  വാക്ദേവതയെ പുണർന്നുനീങ്ങുന്ന  തുള്ളിയിടങ്ങൾ എന്നെ പ്രണയിനിയാക്കും.  നൂറായിരം കൈകളാൽ,  നഖങ്ങളിൽ രോമങ്ങളിൽ മുടിയിഴകളിൽ  മരണത്തിനപ്പുറവും പ്രണയം നിറയ്ക്കും..  ഒരു വിസിലടിയിൽ വിട എന്നു പറയുമ്പോഴും  തളച്ചിട്ടതെങ്കിലും,   ചുംബനം നിർത്താനാവാത്ത കാമുകിയെ പോലെ അവൾ മേനിയെ എത്തിപിടിക്കും.  കൊതിച്ചിട്ടും വഴി മാറിയ ആകാശമൊക്കെയും ചിറകറ്റ് വീഴ്ത്തിയിട്ടും നീലിമ നൽകി    പിന്നെയും  മാടിവിളിക്കും.   സ്വതന്

ഞാൻ പ്രണയിച്ചിട്ടില്ല

March 10, 2017 അവരെന്നോട് കയർത്തു:  "നിനക്കറിയില്ല,  നീ പ്രണയിച്ചിട്ടില്ല "  ഞാൻ ചിരിച്ചു .   ചതുപ്പിൽ ആഴ്ന്നു കിടന്ന യൂക്കാലിപ്റ്റസ് വേരുകൾ വാരിയെല്ലിനിടയിലൂടെ  ചങ്ക് തുരന്നു...   ഒരു ചുംബന ശബ്ദത്തിൽ  ശ്വാസകോശം നെടുവീർപ്പുതിർത്തു.. തുന്നി കൂട്ടിയ നൂലുകൾ വേരുകളിലൂടെ പടർന്നു കയറി വാകമരങ്ങൾക്കായി കണ്ണോർത്തു..    ചോപ്പു വറ്റിയ പൂവിനെ  ചോന്നു  കലങ്ങിയ കണ്ണ് എണ്ണിയറുത്തു... ഒരു വെളിപാടിനൊടുവിൽ, ഒരു നിമിഷത്തിന്റെ സുനാമിത്തിരക്കൊടുവിൽ  ഞാൻ പ്രതിവചിച്ചു:  "ഇല്ല ഞാൻ പ്രണയിച്ചിട്ടില്ല.  താലി വീഴും മുൻപ് കുടുംബത്തിൽ പിറന്നോർ പ്രണയിക്കില്ലെന്നു നിനക്കറിയില്ലേ.... "

അന്ത്യം

January 22, 2011 അഞ്ചു കോപ്പ ചായയിലും ഒരു പ്ലേറ്റ് ലടുവിലും അവരെന്നെ നുണഞ്ഞു നോക്കി.. അച്ഛന്‍ കൊടുത്ത പണത്തിലും ഞാനിട്ട സ്വര്‍ണത്തിലും അവരെന്നെ അളന്നു നോക്കി.. ഒടുവില്‍ ഞാന്‍ എന്നെത്തന്നെ  ഒരു മുഴം കയറില്‍  തൂക്കി നോക്കി... പെണ്ണിന്റെ ഉള്ളരിയാത്തവര്‍ കഥകളില്‍ രമിച്ചു.. ഉള്ളരിഞ്ഞവര്‍ നെടു വീര്പിട്ടു.. കീറിമുരിച്ചവര്‍ ലജ്ജിച്ചു  തലതാഴ്ത്തി.. അപ്പലെക്കും ഞാന്‍ സ്വര്‍ഗവാതില്‍  കടന്നിരുന്നു...

എവിടെയാകും പ്രണയം പൂക്കുക ?

January 30, 2017 ഓർമ തളം കെട്ടിയ ശ്മശാന മതിൽകെട്ടിൽ..  നിന്റെ അമ്ലം പുരട്ടിയ വാക്കിൽ  തുളഞ്ഞുപോയ മേഘക്കുപ്പായത്തിൽ...  സമവാക്യങ്ങൾ നിറം മാറ്റിയ  സന്ധ്യാകാശത്തിൽ...   രസം കെടുത്തിയ രസതന്ത്ര സൂത്രങ്ങളിൽ..  എങ്ങനെയാണ് പ്രണയം പൂക്കുക !! കൃഷ്ണമണികൾ ഈറനണിഞ്ഞു മാത്രം തിളങ്ങിയൊലിക്കുമ്പോൾ..  പ്രണയം ഒലിച്ചിറങ്ങി നനക്കുന്നത്  കുത്തി മടുത്ത വെള്ളപൊടിച്ചീളുകൾ പോലും അറിയാറില്ല..  ഉറുമ്പെടുക്കുന്ന സന്ദേശങ്ങൾ മധുരിച്ചതാണോ മരിച്ചതാണോ എന്ന് മസ്തിഷ്‌കം ചോദിക്കാറില്ല..   മറന്നിട്ടത് നിന്നെയല്ല,  എന്നെയാണ്..  പിന്നെ എന്തെഴുതാനാണ്..  എങ്ങനെയെഴുതാനാണ്...   ഉറുമ്പുതീനികളെ നമുക്ക് വളർത്തിനോക്കാം...  മധുരം തിരഞ്ഞെത്തുന്നവ മരിച്ചുപോവട്ടെ.. ശവം തിരഞ്ഞെത്തുന്നവ നമുക്കായി താജ് മഹൽ തീർക്കട്ടെ.. അവിടെ ശവം നാറി പൂക്കൾ പനിനീർ നിറത്തിൽ പൂക്കും..  നമ്മുടെ പ്രണയം മണക്കും !

മതി ഭ്രമം

 October 9, 2016 നീയാണ് പറഞ്ഞത്  നീ എന്നെ സ്നേഹിക്കുന്നു എന്ന്..  ഞാൻ തലയാട്ടി...   മൗനം ചോദ്യങ്ങൾ കൊണ്ടെന്നെ വീർപ്പുമുട്ടിച്ചു!  കേട്ടു മറന്ന സ്നേഹവാക്കുകൾ ഓർത്തു  ബുദ്ധി തലയറിഞ്ഞു ചിരിച്ചു.. സ്നേഹിച്ചോട്ടെ, മതിയാകുവോളം മാത്രമല്ലേ !  നീ സ്നേഹിക്കുന്നത് എന്തിനെയാവും ?  എന്റെ ഉടലിനെ..  നിനക്കെതിരെ തിരിയാത്തിടത്തോളം  എന്റെ വാക്കിനെ..  നീ ആസ്വദിക്കുവോളവും  എന്റെ ഭ്രാന്തിനെ...  നിന്റെ പ്രണയത്തിന്റെ വേലിയേറ്റത്തിലും  എന്റെ തുരുത്തുകൾ...  വിഭ്രാന്തിയുടെ മതിൽ കെട്ടുകൾ..  തനിച്ചിരിപ്പിന്റെ നോവുകൾ..  ബാക്കി നില്പുണ്ടാവും!  അപ്പോഴും കൂട്ടുകാരാ..   നീ പറയുക, എന്റെ മതിഭ്രമങ്ങൾ  നിനക്ക് മതിയാവില്ലെന്നു!

അകന്നടുത്ത്

February 16, 2020   എത്ര അകലെയാണ് നാം  ഇത്ര അടുത്തിട്ടും  അത്ര തന്നെ അകലെ !  അടിമയുടെയും ഉടമയുടെയും ഉടമ്പടി  നമുക്കിടയിൽ ഇല്ലെന്നു നൂറാവർത്തി പറഞ്ഞിട്ടും  ഞാനൊഴികെ മറ്റെല്ലാം നിന്റേതാവുന്ന നേരങ്ങളിൽ,  ലാവ ഒഴുകി മറയാറുണ്ട്  നീ അറിഞ്ഞിരിക്കില്ല..  നാം നാമെന്നു നൂറുരി,  നാം രണ്ടെന്നു പഴമൊഴി  പതിരില്ലാഞ്ഞിട്ടാവാം ഉപ്പുനിറഞ്ഞു മുറ്റിയ  അരികൾ നന്നേ മെലിഞ്ഞു പോയത്..  അർഥം വെച്ചും പറഞ്ഞും വാക്കുകളൊക്കെ  അർധമറ്റു പോകുന്നു.   കൂട്ടിക്കെട്ടി വലിഞ്ഞു നീണ്ട കമ്പികൾ  പൊഴിഞ്ഞ ശ്രുതികളെ ഓർത്തു അമ്പരക്കുന്നു !  നീയും ഞാനും തുടക്കവും ഒടുക്കവും,  ഇടക്കെപ്പോഴോ നാമാകുന്ന നിമിഷങ്ങളാണ്  കോമാളികളായി ചിരിച്ചുല്ലസിക്കുന്നത് 

ചെങ്കൽ

September 26, 2016     നഷ്ട പ്രണയത്തിന്റെ പൊടിഞ്ഞു തുടങ്ങിയ കുമ്മായ ഭിത്തികൾക്കുള്ളിൽ..  പേറ്റു നോവെടുത്തവൾ  കിടന്നു പുളഞ്ഞു..  ആദ്യവരിയിലൊരു കവിത ഗുഹാമുഖത്ത് ത്രിശങ്കുവാകുന്നു...  വേദന ചാവുകടലിൽ ഉപ്പ,ലകൾ തീർത്ത്  പിന്നോട്ടാഞ്ഞു പൊക്കിൾ കയറിനെ ചുറ്റിപിടിച്ചു.. തല കണ്ട ജീവന്റെ പിന്നാമ്പുറം. ഭ്രൂണം പിന്നൊഴുക്കിൽ പിരിഞ്ഞു.. ഒരു വട്ടത്തിൽ,  കുറിയ നീളത്തിൽ അവർ കണ്ടുമുട്ടും വരേയ്ക്കും...  ശ്വസം മുട്ടി ഒരു പെണ്മുട്ട, കാത്തിരിപ്പ് അവസാനിയ്ക്കുവോളം..  ഒരു പഞ്ഞിക്കെട്ടിൽ കവിത ചോപ്പ് പടർത്തിയുറങ്ങി..  ചാപിള്ള, മണ്ണെണ്ണ മണത്തിൽ ഒതുങ്ങി..

പ്ലാസ്റ്റിക് രുചിക്കുന്നിടങ്ങൾ..

December 6, 2018    ചില രാത്രികളുണ്ട് അത്ര മേൽ നിശബ്ദമായി കടന്നു പോകുന്നവ..   മെറ്റൽ അടർന്നു തെറിക്കുന്ന തീവണ്ടി പാലങ്ങളിൽ  മഞ്ഞു പുതഞ്ഞു കിടക്കും.   കനലിടങ്ങളിൽ ചൂട് കായുമ്പോൾ പൊള്ളിയടർന്ന സ്വപ്‌നങ്ങൾ  കുമിളകളായി നുരഞ്ഞു പൊങ്ങും.   അപരിചതമായ ഏതോ താളം കിത്താബിന്റെ  ഇതൾ  കരിച്ചു മറുപുറത്തെത്തും.   വെട്ടിനിർത്തിയ കുറ്റിച്ചെടികൾ അലങ്കാരത്തിന്റെ  അലമുറയൊച്ചകൾ ഇലകൾക്കിടയിൽ ഒളിപ്പിച്ചു,  തിളങ്ങുന്ന ബൾബുകളെ മാറോടണക്കും.  ആരുടെയോ നേരിടങ്ങളെ ചെത്തിയെടുത്തു മുളകുപൂശിയ കഷ്ണങ്ങൾ കടിച്ചെടുത്തു പുളിച്ചിറക്കും  തട്ടിപ്പറിക്കാൻ കൊതിച്ച കളിപ്പാട്ടം പോലെ  അവന്റെ സ്വകാര്യത, കണ്ണുകളിൽ വെട്ടം നിറക്കും..   ചോന്ന സുവർണ്ണ ചില്ലുകോപ്പകൾ വെറുതെ  മുട്ടിയിടിച്ചു പോറലുകൾ വരുത്തും. ഞാൻ ഇടങ്ങൾ കേട്ടുമടുത്ത ചുവരുകൾ  കാതുകൾ കൊട്ടിയടക്കും.   അപ്പോഴേക്കും പാതിയെഴുതിയ കവിത  മേഘങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന കാമുകനെ  തേടി പടിയിറങ്ങിയിട്ടുണ്ടാവും..  പിന്നെയും ഊഴം കാത്തു,  ഭംഗി വാക്കുകൾ തിരഞ്ഞു  ഉറക്കമുറ്റിയ കണ്ണും പാതിച്ചത്ത ചിരിയിലും ഉണർന്നിരിക്കുന്നൊരുവൾ,   വേഗം കുറഞ്ഞ ഘടികാരസൂചികളോട് പല്ലിറുമ്മുന്നു !

രുചികൂട്ടുകൾ

June 10, 2016 ഭക്ഷണം ഒരു വികാരമാണ്,  സ്നേഹം പോലെ- എത്ര കിട്ടുന്നോ അത്രയും സന്തോഷം ! ആരിൽ നിന്ന് എത്ര അളവിൽ ഏതു രുചിയിൽ,  ഇതെല്ലാം ആ സന്തോഷത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാക്കും.   സ്നേഹം ആസ്വടിച്ചിടുന്ടെങ്കിൽ,  ( അനുഭവിക്കുക എന്ന വാക്ക് തൽകാലം മാറ്റി വയ്കട്ടെ! ) മനസ്സിലാകും അതിനെകാൾ വലിയ ഏകാഗ്രതയും സമർപണവും ധ്യാനവും മറ്റൊന്നില്ല.  ഭക്ഷണവും അങ്ങനെ തന്നെയാണ് എന്നാണു എന്റെ ഒരിത് !  പഠിച്ചു പ്രാന്താവുന്ന വൈകുന്നേരങ്ങളിൽ പരീക്ഷാ പേടി തലക്ക് പിടികുംപോൾ ഹോസ്റലിലെ പ്രാർഥനാ മുറിയോളം ശാന്തത നല്കാൻ ഒരു സ്കൂപ്പ് ഐസ് ക്രീം നു കഴിഞ്ഞിരുന്നു.  ജീവിതത്തിലെ ഒട്ടു മിക്ക ഫ്രസ്‌റ്റെഷനും ഇറക്കി വെച്ചത് തണുത്ത മുറിയിലെ ആവി പറക്കുന്ന ഭക്ഷണം പ്രിയപെട്ടവർകൊപ്പം പങ്കു വെച്ചപ്പോഴും..   തളർനെത്തുന്ന ശനിയാഴ്ച രാത്രികളിൽ ആരെയോ ബോദ്യപെടുതാൻ വിളക്ക് തൊഴുത് അണച്ച് അടുക്കള യിലേക്ക് ഓടുമ്പോൾ ചൂടുള്ള കഞ്ഞിയും പയറും  പാത്രത്തിലേക്ക് പകർന്നു വെച്ചിട്ടുണ്ടാകും അച്ഛൻ.  ആ വർണന പലകുറി കേട്ടിട്ടാവണം പ്രിയ എഡിറ്റർ ശനിയാഴ്ചത്തെ കഞ്ഞികുടിക്കായുള്ള എന്റെ ഓട്ടങ്ങളെ enjoy kanji എന്ന ഒറ്റ വാചകത്തിൽ വാത്സല്യപൂർവ്വം പരിഹസിചിരുന്നത്.  ആ കഞ്ഞി

ദൈവങ്ങൾക്ക് ചായമടിക്കുന്നവൾ

March 22, 2019 ദൈവങ്ങൾക്ക് ചായമടിക്കുന്ന തിരക്കിലായിരുന്നു അവൾ..  മുഖം തിരിച്ചു വഴിപോക്കരുടെ കൗതുകകണ്ണുകളിലേക്ക്  നോക്കിയതേയില്ല..   ക്യാമറകൾ ഒപ്പിയെടുക്കുമ്പോഴും  വിറ്റു തീരാത്ത വിഗ്രഹങ്ങളുടെ കണക്കെടുത്തു ചിരി മാഞ്ഞു നിൽക്കുകയായിരുന്നു..  തൊട്ടപ്പുറത്ത് ബൾബുകൾ മിന്നി മിന്നി തെളിയുന്ന ബലൂണുകളും പിടിച്ചു അനിയത്തി അവളെ തന്നെ നോക്കി നിന്നു.   ഉച്ചവെയിലിൽ ജനാലമറകളുമായി ഓടിനടക്കുന്ന  അമ്മക്ക് പച്ച യെക്കാൾ പ്രിയം ചോന്ന വെട്ടത്തോട് തന്നെയാണ്..   ചെമ്പിച്ച മുടി ചെവിക്കിടയിൽ തിരുകി,  ചായം പുരണ്ട വിരൽ മുഖമാകെ കോലം പടർത്തി.   വെളുത്ത ദൈവങ്ങൾക്ക് നിറം പകർന്ന കറുത്തു മെലിഞ്ഞ വിരലുകൾ,   വിശപ്പു കൊണ്ട് വിറച്ചു തുടങ്ങിയിരുന്നു.   കറുത്തതായതിനാൽ നിറം മുങ്ങാത്ത ബാല്യം,  വെളുത്തകൈകളാൽ വേട്ടയാടപെടാതിരിക്കാൻ പാട് പെടുന്നുണ്ടാവണം,  ഓരോ പച്ചയിലും ഓടിയണയുന്ന അമ്മ വേർപ്പ് !

മീനുകൾ മിണ്ടാതിരുന്നവർ ...

ഇമേജ്
June 14, 2016 ഞാൻ ഇന്നും തടവിലാണ്,   ഇന്നലെ ആ ചില്ലു ഭരണിയിൽ...  ജാലകങ്ങളിലെ കൗതുക കാഴ്ചയിൽ.. ഇന്നു നിന്റെ നിശ്വാസനീരിൽ  പ്രണയം ചെകിളപൂക്കളെ വിടർത്തുമ്പോൾ.. പറന്നുയരുന്ന നീലാകാശത്തിലും  ഞാൻ നിന്റെ, എന്റെ ശ്വാസനിശ്വാസങ്ങളിൽ..  മോഹജലങ്ങളിൽ ...  പിന്നെ എവിടെയോ മറന്ന  പുഴയാഴങ്ങളിൽ...  സൗവർണമുറ്റിയ മേനിയിൽ....  ചുംബനമീനുകൾ പിളർന്ന മേഘകീറിൽ...  ചെതുമ്പലുകൾ അടർത്തി നീലിച്ച  വരാലുകൾ പുളഞ്ഞു  മാറുന്ന വരിയാഴങ്ങളിൽ... ഇനിയുമീ സ്വാതന്ത്ര്യതിന്റെ തടവറയിലാണ്.. !

കര... കടൽ... കടൽ തൊടാത്ത കര

ഇമേജ്
May 9, 2019 പരസ്പരം പൂരകമായിരുന്നിട്ടും  ഓരോ അറകളും അടച്ചു താക്കോലുകൾ  അവൻ മലമുകളിൽ ഭദ്രമായി ഒളിപ്പിച്ചു ..  ഞാൻ  നോക്കി നിന്നു..  സ്വാതന്ത്ര്യം അവന്റേത് !  ദീർഘനിശ്വാസങ്ങൾ ഉപ്പു പുരട്ടി നീറ്റിയുണക്കി. ഒളിച്ചു വെക്കാൻ ഒന്നുമില്ലാഞ്ഞിട്ടാവാം  എഴുതി മതിതീരാത്ത,  പറഞ്ഞു മടുക്കാത്ത  സ്വപ്‌നങ്ങൾ പിന്നെയും ഞാൻ അവനു മുന്നിൽ നിരത്തിയത്..  ദയനീയം !  തിരിച്ചിറങ്ങുന്ന തിരമാലകളെ നോക്കി നിന്നു..   കയറി വരും നീ  വീണ്ടും; കര പുച്ഛിക്കുന്നു ! ആർത്തലച്ച്‌ നുരഞ്ഞു പൊങ്ങിയിട്ടും  നിന്നെ തരിയായി മാറ്റിയിട്ടും,   അകവും അതിരും നിന്നെ നിറച്ചിട്ടും,  നീയറിയാതെ ആഴങ്ങൾ ഇല്ലാതിരുന്നിട്ടും..  നീ മറച്ചു വെക്കുന്നു നിന്റെ ആ കാൽഭാഗം !  നിന്റെ സ്വകാര്യം സ്വാതന്ത്ര്യം !  നിന്റെ സത്തിറങ്ങി,  എന്നിൽ നിറഞ്ഞു  നിന്റെ കൂർത്ത മുനകളിൽ ഞാൻ ചീളായി തെറിച്ചു..  നിന്റെ അഹം പൊടിച്ചു ഞാൻ മൃദുവാക്കി,. എന്നിട്ടും ഞാനറിയാത്ത നീയേറെ !  നിന്നെയവർ പുണരുന്നു..  ഞാൻ ഇനിയും കൗതുകം,  ഭയം..  ഒഴിവിടങ്ങളിൽ വിനോദം ! നീ അന്നം,  അഭയം,  അഹങ്കാരം !  വെറുപ്പാണ്..  നിന്നോട്..  നിന്നെ പുനരുന്ന എന്നോട്..  നിന്നെ വിഴുങ്ങി,  അടർത്തി,  ഏഴിടങ്ങളിൽ കൊരുത്തിട

ജല്പനം

January 26, 2013 കുത്തിയൊലിച്ചിറങ്ങുന്ന ഏതു മലിന രക്തത്തിലാണ് നീ എന്റെ വജ്രക്കലിനെ മറച്ചുവെച്ചിരിക്കുന്നത് ?! ഏത് ഇരുണ്ട പാറച്ചീളുകള്‍ക്ക് മുറിപ്പെടുതാനാണ് നീ എന്റെ ഹൃദയത്തെ വലിച്ചെറിഞ്ഞത്?! പാറയില്‍ പുഴുവരിച്ച , കോഴിക്കു മുല വന്ന ദിവസങ്ങളില്‍.. പാതിരാക്കോഴികള്‍ കൂകി തുലച്ച 'അമാവാസി'കളില്‍.. 'ഡ്രാക്കുള'യേയും  പ്രണയിച്ചു കടവാവല്‍ക്കൂട്ടങ്ങളെ തേരോടിച്ചു വന്നിറങ്ങുന്ന ഏതോ ഗന്ധര്‍വന്റെ കാല്പാടുകള്‍ക്കായി  കാത്തിരുന്നപ്പോള്‍... ഞാന്‍ മറന്നു പോയിരുന്നു.. അന്ധകാരത്തിന്റെ കറുത്ത മേഘങ്ങള്‍ക്കിടയില്‍, ചന്ദ്രനും  കൊഞ്ഞനം കുത്താന്‍ അറിയാമായിരുന്നുവെന്ന് !!!!.

ഈയിടെയായി..

May 16, 2019 .. ഈയിടെയായി അവളെന്നെ തിരഞ്ഞു എത്താറില്ല.   അവളെ ഞാനും മറന്നു പോകുന്നു  അവളൊഴുകിയ ഇടങ്ങളിൽ മെല്ലെ ഞാൻ ഒളിഞ്ഞു നോക്കാറുണ്ട്..   അവൾ ബാക്കി വെച്ച രുചികൾക്കായ് രസമുകുളങ്ങൾ കൊതിക്കാറുണ്ട്..   അഴിഞ്ഞഴിച്ച വേഷങ്ങളിൽ ഒക്കെയും അവൾ പ്രണയിച്ചിരുന്നു..  ഘോര വിഷാദത്തെ,   ചിതറിത്തെറിച്ച കണ്ണാടി പൊട്ടിനെ..  കണ്ടുമുട്ടിയപ്പോഴൊക്കെയും കുതിച്ചു പാഞ്ഞവൾ..  അടക്കി നിർത്താൻ പാടുപെട്ടവർ കെട്ടിയ  അണ്കളെ  കുത്തിനോവിച്ചു സ്വയം മുറിവേറ്റവൾ..  ശുഷ്കമായി ഒഴുകി ഒടുവിൽ ഞാൻ ആയവൾ..  നീർച്ചാലായ് നിലം പറ്റുമ്പോഴും ഒഴുകാതിരിക്കാൻ  ആവതില്ലെന്നു കണ്ണീർ പോലെ  ഒളിച്ചിറങ്ങുന്നവൾ...

ശേഷിപ്പ്...

February 3, 2013    മഷി തണ്ടുകളില്‍ ബാല്യം തെറ്റുകള്‍ മറന്നു.. കൌമാരം തെറ്റുകള്‍ക്കും ശരികള്‍ക്കുമിടയില്‍  വാക്പയറ്റി തെളിഞ്ഞു.. യൗവനം തിരിച്ചറിവിന്റെ നേരില്‍  അക്ഷരങ്ങല്‍ക്കൊക്കെയും വിട ചൊല്ലി  മൌനത്തില്‍ കനവുകള്‍ ചാലിചെടുത്തു .. പട്ടുടുപ്പിനു നിറം മഴവില്ലിന്റെത് വേണം  മഴവില്ല് കണ്ണാടി പൊട്ടില്‍, ഉച്ചവെയിലില്‍  ഉമ്മറത്തും വേണം.. കുയിലിട്ട മുട്ടകള്‍ നിനക്ക്.. കഥകളില്‍ കാക്കയും പൂച്ചയും വേണം .. വളപ്പോട്ടുകളില്‍ നമുക്ക് സ്നേഹം അളക്കാം  തീപ്പെട്ടി പടങ്ങള്‍ പക്ഷെ അനിക്ക് വേണം.. പുത്തന്‍ പാവാടയില്‍ ഒരിത്തിരി ചോപ്പ്.. നിന്റെ മിഴികളില്‍ ഒരൊത്തിരി നാണം  കണ്ണ്‍പൊത്തി ക്കളി ഇനി വേണ്ടത്രേ.. കുന്നിക്കുരുക്കളില്‍ കവിതകള്‍ മാത്രം.. മൌനത്തില്‍ നിന്റെ ചിരി കുതിര്‍ന്നു.. ഉള്ളില്‍ പിടക്കാന്‍ തുടങ്ങിയിരുന്നു  നിന്റെ കരിമിഴികള്‍.. ചുണ്ടിലെ തേനോടും മിഴിപ്പീലിയോടും  മോഹം,മയില്‍പ്പീലികളില്‍ കൊടും വര്‍ണ്ണം  നിന്റെ നിനവുകള്‍ക്കും എന്റെ കനവുകള്‍ക്കും  കൂട്ടിരിക്കാന്‍ ഉപ്പുമാങ്ങയും  മഞ്ചാടി കുരുവിനും നേരം പോരത്രെ. നിന്റെ പകലുകള്‍ക്കും എന്റെ ഇരവുകള്‍ക്കും  ഒരേ മുഖം,പക്ഷേ നാം  രണ്ട്‌..  ഇനി വാക്കുകള്‍ക്ക് എന്തര്‍ത

മുറി(വേറ്റ ) കവിതകൾ..

October 12, 2014  അ.   വാടിത്തളർന്ന ഒരു മഷി തണ്ടും, അറ്റം തേഞ്ഞ റബ്ബറും, വയറൊട്ടിയ വെള്ളക്കാരന  നോക്കി നിൽക്കേ തുരുമ്പിച്ച ബ്ലേഡിൽ   അവന്റെ പേര് പതിഞ്ഞ മഷികടലാസുകൾ   ഞാൻ ചുരണ്ടിയെടുത്തു...  ആ..  നീയും ഞാനും അറിഞ്ഞിട്ടും  കൊതിച്ചിട്ടും,  എന്തിനെന്റെ   പ്രണയകുഞ്ഞിന്നു ഭ്രൂണഹത്യ? !

പിന്നാമ്പുറം

  July 24, 2014  ചിലപോഴൊക്കെ അരികു പൂത്ത പുസ്തകത്താളുകളിൽ നിന്നും നിന്റെ പ്രണയം വിസ്മ്രിതികളിൽ മുള  പൊട്ടാറുണ്ട്.  പ്രണയം തളം കെട്ടിയ നിശബ്ദ രാവുകളിൽ, അരികിൽ നെഞ്ച് പൊട്ടി നീയെഴുതിയ കവിത തീ കായുമ്പോൾ.. നിന്റെ കണ്ണുകളിലെ കനൽ പാട്, ചാമ്പലിൽ പുകച്ചുരുൾ തീർത്ത് മറയുമ്പോൾ...  ഇനിയൊരിക്കലും പുറത്തു ചാടാനാകാതെ ആ ഭൂതം എന്റെ ആഴക്കുടങ്ങളിൽ അലറി കരയുന്നുണ്ടകണം!!