അവൾക്കൊപ്പം

July 8, 2019

ചില പ്രണയങ്ങളുണ്ട്,  തന്നോട് തന്നെയുള്ളവ.. 
ഏറ്റവും നിശ്ശബ്ദമായ നിമിഷങ്ങളിൽ 
ഇടതു നെഞ്ചിൽ നിന്നും അവ കവിതകൾ കുറിക്കും..  
ഇനിയും അവസാനിക്കാത്ത ഒരു ആനന്ദം തെളിഞ്ഞ വെള്ളം പോലെ പുണർന്നുകൊണ്ടേയിരിക്കും.. 
ഓരോ കയ്യനക്കത്തിലും ദിശ തേടി, 
മെയ്യ് അളവുകളിൽ തിരത്തള്ളി കാൽവേഗങ്ങളെ 
മേല്പോട്ടുയർത്തി ഭാരം ഇല്ലാത്ത ഒരുവളായി എന്നെ മാറ്റും..  
ഒട്ടിപ്പിടിച്ചു കിടക്കുന്ന നീന്തൽ വസ്ത്രത്തിന്റെ ജാള്യതയോ,  വണ്ണമേറിയ തുടകളോ 
അടിവസ്ത്രങ്ങളുടെ സദാചാരമോ ഞാനപ്പോൾ അറിയുകയില്ല.  
രാജകുമാരനെ കാത്തു പെൺകൊടിയായ  മൽസ്യകന്യകയോട് മറുമരുന്ന് ആരായാൻ മനസ്സ് കൊതിക്കും.. 
ഓറഞ്ചു നിറമുള്ള വളയം, 
ഒരു തീഗോളം പോലെ കവചമാകുമ്പോഴും 
വാക്ദേവതയെ പുണർന്നുനീങ്ങുന്ന 
തുള്ളിയിടങ്ങൾ എന്നെ പ്രണയിനിയാക്കും. 
നൂറായിരം കൈകളാൽ, 
നഖങ്ങളിൽ രോമങ്ങളിൽ മുടിയിഴകളിൽ 
മരണത്തിനപ്പുറവും പ്രണയം നിറയ്ക്കും.. 
ഒരു വിസിലടിയിൽ വിട എന്നു പറയുമ്പോഴും 
തളച്ചിട്ടതെങ്കിലും,   ചുംബനം നിർത്താനാവാത്ത കാമുകിയെ പോലെ അവൾ മേനിയെ എത്തിപിടിക്കും. 
കൊതിച്ചിട്ടും വഴി മാറിയ ആകാശമൊക്കെയും ചിറകറ്റ് വീഴ്ത്തിയിട്ടും നീലിമ നൽകി   
പിന്നെയും  മാടിവിളിക്കും.  
സ്വതന്ത്രമാക്കപ്പെട്ട ഞാൻ, പടികൾ കയറി 
ഭൂമിയിൽ എത്തുമ്പോഴേക്കും കള്ളിമുൾച്ചെടികൾ കാലിൽ കുത്തികയറുന്നുണ്ടാവും..  
കാറ്റ് ഒപ്പിനിന്നതിനെയൊക്കെയും 
കവർന്നെടുക്കുന്നുണ്ടാവും.. 
എങ്കിലും ആകുവോളവും തണുപ്പിച്ചു,  ഇറ്റിറ്റു 
ഒക്കുവോളവും ഒപ്പം കൂടുമ്പോൾ.. 
ഒരു തോർത്ത്‌ എല്ലാം വലിച്ചെടുത്തു 
പിന്നെ എന്നെ കെട്ടിപ്പൂട്ടി,  ചീകിയൊതുക്കി 
ആ സ്വപ്നത്തെ തുടച്ചുനീക്കും ! 
എവിടെയും ഒതുങ്ങാതെ,  എല്ലായിടവും ഒതുങ്ങി, 
ഒരാകാരവുമില്ലാതെ എല്ലാ ആകൃതിയും സ്വന്തമായി, 
ഞാനും അവളും കാത്തിരിക്കും. 
ഇനിയും പുണർന്നൊരു പ്രണയതളർച്ചയിൽ 
ഇടംനെഞ്ചു പാടുന്നത് കേൾക്കാൻ 
നിശബ്ദം !


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...