കര... കടൽ... കടൽ തൊടാത്ത കര

May 9, 2019

പരസ്പരം പൂരകമായിരുന്നിട്ടും 
ഓരോ അറകളും അടച്ചു താക്കോലുകൾ 
അവൻ മലമുകളിൽ ഭദ്രമായി ഒളിപ്പിച്ചു .. 
ഞാൻ  നോക്കി നിന്നു.. 
സ്വാതന്ത്ര്യം അവന്റേത് ! 

ദീർഘനിശ്വാസങ്ങൾ ഉപ്പു പുരട്ടി നീറ്റിയുണക്കി.
ഒളിച്ചു വെക്കാൻ ഒന്നുമില്ലാഞ്ഞിട്ടാവാം 
എഴുതി മതിതീരാത്ത,  പറഞ്ഞു മടുക്കാത്ത 
സ്വപ്‌നങ്ങൾ പിന്നെയും ഞാൻ അവനു
മുന്നിൽ നിരത്തിയത്.. 
ദയനീയം ! 

തിരിച്ചിറങ്ങുന്ന തിരമാലകളെ നോക്കി നിന്നു..  
കയറി വരും നീ  വീണ്ടും; കര പുച്ഛിക്കുന്നു !
ആർത്തലച്ച്‌ നുരഞ്ഞു പൊങ്ങിയിട്ടും 
നിന്നെ തരിയായി മാറ്റിയിട്ടും,  
അകവും അതിരും നിന്നെ നിറച്ചിട്ടും, 
നീയറിയാതെ ആഴങ്ങൾ ഇല്ലാതിരുന്നിട്ടും.. 
നീ മറച്ചു വെക്കുന്നു നിന്റെ ആ കാൽഭാഗം ! 
നിന്റെ സ്വകാര്യം സ്വാതന്ത്ര്യം ! 

നിന്റെ സത്തിറങ്ങി,  എന്നിൽ നിറഞ്ഞു 
നിന്റെ കൂർത്ത മുനകളിൽ ഞാൻ ചീളായി തെറിച്ചു.. 
നിന്റെ അഹം പൊടിച്ചു ഞാൻ മൃദുവാക്കി,. എന്നിട്ടും ഞാനറിയാത്ത നീയേറെ ! 
നിന്നെയവർ പുണരുന്നു.. 
ഞാൻ ഇനിയും കൗതുകം,  ഭയം.. 
ഒഴിവിടങ്ങളിൽ വിനോദം !
നീ അന്നം,  അഭയം,  അഹങ്കാരം ! 

വെറുപ്പാണ്..  നിന്നോട്..  നിന്നെ പുനരുന്ന എന്നോട്.. 
നിന്നെ വിഴുങ്ങി,  അടർത്തി,  ഏഴിടങ്ങളിൽ കൊരുത്തിട്ടിട്ടും 
ഇന്നും നീ കേമൻ..  
അടവുകളിൽ,  അഴകുകളിൽ,  അളവുകോലുകളിൽ...  
ഞാൻ.. 
മുങ്ങിചാവാൻ ഒരുങ്ങുന്നവൻ പോലും ആഴം തൊടാത്തവൾ.. 
കാലു നനച്ച് പോകുന്നവർ പോലും കള്ളിയായ് കണക്കാക്കുന്നവൾ.. 
വയറു നിറച്ചു പോറ്റുമ്പോഴും മണംകെട്ടവൾ...  
എങ്ങനെ ഞാൻ നിന്റെ ഒളിയിടങ്ങളെ വെറുക്കാതിരിക്കും ! 

ഞാൻ വെയിലേൽക്കണം,  നിനക്ക് പൂക്കാൻ.. 
ഞാൻ അശുദ്ധിയാവണം,  നിനക്ക് കായ്ക്കാൻ.. 
ഞാൻ ചത്തുപൊങ്ങുന്നു,  നിന്റെ ചെയ്തത്താൽ.. 
എന്നിട്ടും നീ തട്ടി മാറ്റുന്നു, 
 അരികിടിച്ചു രക്ഷ നേടുന്നു...  
വെറുപ്പ്...  കലിതീരെ പെയ്തു നുരയുന്ന വെറുപ്പ് !

എന്റെ ഉള്ളിലെ നിറങ്ങൾ..
നിനക്ക് അറിയാത്തതല്ല ...  
തീനാളങ്ങൾ,  ഭാവമർദങ്ങൾ..  
എനിക്കറിയാത്ത നീയും 
നിറഞ്ഞറിഞ്ഞിട്ടും നീയറിയാത്ത ഞാനും.. 

ഒരു കിടക്കയിൽ,  ഒരാലിംഗനത്തിൽ.. 
ഒരു കിടക്കയിൽ,  രണ്ടരികുകളിൽ... 
ഒരു കിടക്കയിൽ,  രണ്ടു സ്വപ്നങ്ങളിൽ...  
ഒരിടത്ത് കടലും കരയുമായി  
ഇനിയും നാം കഴിയും ! 

കടലിനുള്ളിൽ കരയുണ്ടെന്നു അറിയുവോളവും 
കടൽ കരയും..  
അറിയാത്ത കരയെ  
 കരുതലായ്...  
കറുപ്പായി...  
കാർമേഘമായ് തൊടും !


ചിത്രത്തിന് കടപ്പാട് : https://www.boredpanda.com/fifty-shades-of-blue/?utm_source=google&utm_medium=organic&utm_campaign=organic

വാൽകഷ്ണം : കലങ്ങിമറിഞ്ഞ കടൽ പോലെ ഒരു ദിനം,  ശംഖുമുഖത്തെ കടൽ കാഴ്ചകൾക്കിടയിൽ പ്രിയപ്പെട്ടൊരു സൂർത്തുമായി കടലും കരയും എന്തൊക്കെയാവും പറയുക എന്നൊരു പ്രാന്തൻ സംസാരം.  ആ ഭ്രാന്ത് മുഴുവൻ കടലെടുത്തിട്ടും ഇന്നും കടൽകാറ്റിനു ആ വട്ടൻ സായാഹ്നത്തിന്റെ ഓർമ,  ഒറ്റയിടങ്ങളിലേക്ക് ഉപ്പു നിറക്കാനെത്തും.  കടൽ -കര ഇടങ്ങൾ എല്ലാരിലും കാണുമെന്നോർത്തു കടൽ വൈവിധ്യങ്ങളെ കര ഭയപ്പെടുന്നുണ്ടാവും എന്നൊക്കെ തനിയെ പറഞ്ഞു അതിനെ ഓമനിക്കും.  
കടലോർമ്മകളോടും കരയോടും പ്രിയം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...