വേണമൊരു മഴ!

 എനിക്കൊരു മഴ വേണം..  

ചെറിയ ചാറ്റൽ മഴ.. 

ഉരുണ്ടു കൂടുന്ന കാർമേഘങ്ങൾ വേണ്ട 

ഉരുൾ പൊട്ടണ്ട 

തല തല്ലി മരിച്ച തിരയുടെ നീര് വേണ്ട 

ചാടിഇറങ്ങിയ പുഴയുടെ ചിരി വേണ്ട 

എനിക്ക് മഴ വേണം.. 

ചാറ്റൽ മഴ!


മരകുലുക്കത്തിന്റെ ഇലച്ചാറ്റൽ വേണ്ട 

മഞ്ഞു പെയ്യലിന്റെ തണുപ്പ് വേണ്ട 

കുളിമുറിയുടെ അടച്ചു പൂട്ടൽ വേണ്ട 

എനിക്കാ മഴ വേണം 

എന്റെ ചാറ്റൽ മഴ !


നിന്റെ വേർപിന്റെ മണം വേണ്ട 

നിന്റെ കിതപ്പിന്റെ നുര വേണ്ട 

നിന്റെ പുച്ഛത്തിന്റെ ഉമിനീർ വേണ്ട 

നിന്റെ മുടി പെയ്യലിൻ ഓളം വേണ്ട 

എനിക്ക് മഴ മതി 

വെറും ചാറ്റൽ മഴ.. 


 ഋഷിശൃംഗൻ വരണ്ട 

അതിരാത്ര പുകകാറു വേണ്ട 

മഴപ്പക്ഷി കുറുകി കൂവണ്ട 

എനിക്കൊരു മഴ മതി 

എനിക്കായി മാത്രം ഒരു ചാറ്റൽ മഴ..!


വരുണൻ പരുങ്ങി 

ഇന്ദ്രൻ മിന്നി മാഞ്ഞു 

ദേവലോകം അട്ടഹസിച്ചു 


ഒരു പീലി നനവിൽ എന്റെ മഴ പെയ്തു 

മരുഭൂമി തണുത്തു 

കനൽ കരിക്കട്ടയായി 

ചിമ്മിനി കുഴൽ അവസാനമായി നിശ്വസിച്ചു !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...