വട്ടത്തിന്റെ വിചിത്ര ശാസ്ത്രം

ഇരിക്ക പിണ്ഠതിന്റെ മുകളിൽ അഴിച്ചു വെച്ചത് ദർഭപുല്ലിന്റെ കുരുക്കായിരുന്നില്ല..
മോതിരവിരലിൽ വീണ വളയത്തിലൂടെ ചാടികടക്കുമ്പോഴെല്ലാം 
സർക്കസിലെ അഭ്യാസിയുടെ മെയ്‌വഴക്കം ജീവിതം എന്നോട് ചോദിച്ചിരുന്നു..
പൊള്ളിയടർന്ന തൊലിക്കുള്ളിൽ
അളിഞ്ഞുപഴുത്ത മാംസം ഇനിയും പഠിക്കാത്ത നീയാണ് തെറ്റുകാരി എന്നോർമിപ്പിച്ചു.
പിന്നെയും വാശിയോടെ എണ്ണ വാരിത്തേച്ചു ഭസ്മത്തിൽ ചുവടുറപ്പിച്ചു ഓടിയടുക്കുന്നു വലിപ്പം കൂടിയും കുറഞ്ഞും ജ്വലിച്ചു നിന്ന വട്ടങ്ങളിലേക്ക്...
ഇടക്കൊക്കെ മേയാൻ തുറന്നുവിട്ട പശുവിന്റെ കയർവട്ടമായി,
ഏതോ ആകർഷണവട്ടത്തിൽ ഉപഗ്രഹമായി,
പാത്രത്തിന്റെ പപ്പടത്തിന്റെ ഫാനിന്റെ മിക്സിയുടെ വാഷിംഗ്‌ മെഷീൻറെ നിയന്ത്രണ വട്ടമായി... ഒട്ടിയിരുന്ന കോണ്ടത്തിന്റെ, പൊക്കിൾകൊടിയുടെ, മുലകണ്ണിന്റെ...
എത്ര വട്ടത്തിന്റെ വട്ടും പേറിയാണ് വീണ്ടുമീ തീവട്ടത്തിലൂടെ ഇനിയും ചാടേണ്ടത്..
വക്രതക്കുള്ളിലെ ബുദ്ധി 
എന്നെ വട്ടിന്റെ വട്ടത്തിലേക്ക് ഒതുക്കാനുള്ള വരകൾ വളച്ചിടുന്ന തിരക്കിലാണ് ....
ഒരിക്കൽ കൂടെ നോക്കി, വട്ടമുഖവും വട്ടക്കണ്ണുകളുമുള്ളൊരാൾ, വട്ടം പിടിക്കാൻ കൊതിച്ചു നിൽപ്പുണ്ട്.
കാക്കകളെ കൈകൊട്ടി വിളിക്കാതെ, ഒഴുക്ക്‌ വെള്ളത്തിൽ ഈറനുടുക്കാതെ, ഒടുവിലത്തെ തീ ചാട്ടത്തിന് അവളൊരുങ്ങി..
ചുവന്ന പൊട്ടു തൊട്ടിടത്ത് കറുത്ത വട്ടമിട്ടു, ചെമ്പട്ടുടുത്ത്, കണങ്കാലിലെ ചെറുവട്ടങ്ങളെ അഴിച്ചു വലിയൊരു വട്ടത്തിന്റെ അതിരിടലിൽ അവൾ അവസാനമായി എടുത്തുചാടി....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...