സ്നേഹം പടർന്നടർന്ന നീലമേഘക്കീറുകൾ..

June 17, 2016

"പ്രിയപ്പെട്ട ശ്രീനു മോനും പാറു മോൾക്കും...  " എഴുത്തുകളെ കുറിച്ചുള്ള ആദ്യ ഓർമ്മ അതാണ്.  വായിച്ചു തീരുമ്പോഴും കൗതുകം അവസാനിക്കാതെ പിന്തുടരുന്ന വരികൾ. ഒടുവിൽ കാണും ഒരിറ്റ് സ്നേഹം പടർന്ന
അക്ഷരങ്ങളിൽ ഉമ്മകൾ 
കെട്ടിപിടിച്ച് ചക്കരയുമ്മ,  ആയിരം തേനുമ്മ,... 
ഉമ്മ എന്ന വാക്കിനു ഇത്രയും വൈകാരികത ഉണ്ടെന്ന് തിരിച്ചറിയുന്നത് അന്നാകാം. Whatsapp ലെ emoji കൾക്ക് തരാൻ കഴിയാത്ത ഏതോ ഒരു ഭാവം ആ ഉമ്മകൾ പേറിയിരുന്നു. 
കത്തുകളിൽ എല്ലാം ഉണ്ടാകും, ജിമ്മിക്ക് (വീട്ടിലെ പൂട പട്ടി, പക്ഷേ അവനെ പട്ടി എന്ന് വിളിക്കുന്നത് സങ്കടമാണ്. അവൻ മരിച്ചപ്പോ കരഞ്ഞു പനിപിടിച്ച പാർടിയാണ് ഞാനും എന്റെ പുന്നാര ചേട്ടനും. കൂടെ കളിച്ചും കിടന്നും എന്തോരം ഓർമ്മകൾ.. ) വാക്സിനേഷൻ നടത്തിയതും ചിപ്പു തങ്കമണി ആന്റിടെ കോഴിയെ പിടിക്കാൻ പോയതും കറുത്ത ചുട്ടി നെറ്റിലുള്ള കിടാവ് ഉണ്ടായതും തുടങ്ങി, പണ്ടേലിലെ മഞ്ചു ചേച്ചിയും തുളസി ആന്റിയും പടിഞ്ഞാറ്റെലെ സുനിയും സുനിതയും ഏറ്റുമാനൂരിൽ വെച്ച് ഉണ്ണി മറിഞ്ഞു വീണു മുട്ട് പൊട്ടിയതും  ഒക്കെ കത്തുകളിൽ വരും.
പൊടി കുഞ്ഞമ്മയാണ് എഴുതുക, ഓർമ്മകളിൽ കുഞ്ഞമ്മയുടെ അക്ഷരങ്ങൾക്ക് അത്ര ഭംഗിയില്ല. പക്ഷേ, ആ അക്ഷരങ്ങൾ പേറുന്ന വികരത്തോളം ഭംഗി മറ്റൊന്നിനും ഉണ്ടായിരുന്നില്ല. (മനസ്സിൽ പല രുചികളിൽ, മണങ്ങളിൽ ഭൂതകാലം നനഞ്ഞു തുടങ്ങുന്നു.. )

അച്ഛന്റെ കത്തുകൾ വേറെ. അച്ഛൻ എഴുതുന്ന വരികളെ ഞാനും ചേട്ടനും അമ്മക്കിരുവശവും ഇരുന്നാണ് കേൾകുക. അതൊരു ഒന്നൊന്നര കേൾപ്പാണ്. പല വട്ടം വായിച്ചു കേള്കണം. ചിലതൊക്കെ അമ്മയെ അക്ഷരം പഠിപ്പിക്കാനെന്ന മട്ടിലാണ് വായിപ്പിക്കുക. ഓരോ വരിയുടെ അടിയിലും അമ്മ വിരൽ വയ്ക്കണം,  വിട്ടു പോകരുതല്ലോ ഒന്നും! ചേട്ടനും എനിക്കും എല്ലാ വരികളിലും തുല്യ പ്രാധാന്യം ഇല്ലേ എന്നാണു കേൾപ്പിന്റെ മനശാസ്ത്രം. ഇല്ലെങ്കിൽ പൂരമാണ്‌. ഇടി വെട്ടി തന്നെ മഴ പെയ്യും !! ഒരു മോനെ വിളി കൂടിയാൽ കുറഞ്ഞാൽ അന്തരീക്ഷം ആകെ മാറും. 

പിന്നെ പിന്നെ കത്തൊരു സംഭവം അല്ലാതെയായി. എസ് റ്റി ടി ബൂത്തുകളിലേക്ക് ജീവിതം പറിച്ചു നട്ടു. അഞ്ചാം ക്ലാസ്സിന്റെ ഓണക്കാലത്തിന് മുൻപേ എസ്കോട്ടൽ വീട്ടിലേക്ക് വന്നെത്തി. പിന്നെ ആ നീലമേഘക്കീറു വാതിലിൽ വന്നു  എത്തി നോക്കിയിട്ടില്ല. 

കത്തുകൾ ഇല്ലാത്ത എത്ര വർഷങ്ങൾ.. assumption ൽ പഠിക്കാൻ പോയ സമയത്ത് ( Coin box യുഗം ) അച്ഛന്റെ കയ്യിൽ ഒരു കത്ത് കൊടുത്തു വിട്ടിരുന്നു അമ്മ. വെറുതേ മനുഷ്യനെ കരയിക്കാൻ ഓരോരോ പരുപാടികളെ !! (അല്ലേലും അമ്മ അങ്ങനെയാണ്, സ്നേഹോം സങ്കടോം സകല വികരാങ്ങളും മൂപ്പത്തിയാർ ഇച്ചിരി അധികമാക്കിയെ പ്രകടിപ്പിക്കൂ. ഞാനും ചേട്ടനും ഇച്ചിരി അച്ഛൻ മക്കളാണ്. പ്രത്യേകിച്ച് അമ്മയോട് ;) )
പിന്നെ കിട്ടിയ കത്ത്, ഒടുവിലത്തേത് എസ് എം വി യുടെതാണ്. ഒരു കലിപ്പിൽ കീറി കളഞ്ഞിട്ടും  സെല്ലോ ടേപ്പ് ന്റെ ഉറപ്പിൽ നെഞ്ചോട് ചേർത്ത് ഒട്ടിച്ചു വെച്ചിട്ടുണ്ട്. ജലം പടർത്തിയ നീല അക്ഷരങ്ങൾ... ഒരുകാലഘട്ടത്തിന്റെ കണ്ണീരും കിനാവും !

ഇപ്പൊ ഇടക്ക് വരുന്ന ചില ആശംസാ കാർഡുകൾ ഒഴിച്ചാൽ(നന്ദി ജോമിറ്റ്‌,  ബീനു, ശ്വേത ) സ്നേഹമുള്ള ഒന്നും കൊണ്ട് വരാറില്ല കാക്കി ഉപേക്ഷിച്ച ചേട്ടന്മാർ. സുന്ദരിയേ വാ.. വെണ്ണിലാവേ വാ എന്ന് എത്ര പാടിയാലും ഒരു സൈക്കിളും കടന്നു വരാറില്ല. (Activa യിൽ ഒരു സുന്ദരി കൊച്ചു ഇടക്ക് വല്ല ഇന്റർവ്യൂ കാർഡും ആയി വരാറുണ്ട്, അമ്മക്ക് ആ കുട്ടിയെ ഭയങ്കര ഇഷ്ടോമാണ്.  ഞാൻ ഒഴികെ ഏതു പെങ്കൊച്ചിനെ പറ്റിം അമ്മ അങ്ങനെ ഒക്കെ തന്നെ !!)
കത്തുകൾ അവസാനിച്ചു എന്ന് നെടുവീർപ്പുമിട്ട് ഗ്രിഹാതുരത്വവും പേറി ഇരിക്കുമ്പോഴാണ് അവൾ എന്നോടത്  പറഞ്ഞത്, ഞാൻ  എഴുതാറുണ്ട്, ചേട്ടനും. രണ്ട് കണ്ണിലും ചിരാത് കത്തിച്ച പോലെ ഞാൻ അവളെ നോക്കി. എന്റെ ഒരു പൈങ്കിളി മോഹമാണ് അവൾ പൂർത്തിയാക്കിയത്,  ഭയങ്കരി !! 

വീണ്ടും കത്തെഴുതാൻ തോനുന്നു. Ann കിറ്റി ക്ക് എഴുതിയ പോലെ സ്വതന്ത്രയായി. ( അനുകരണം ആണെങ്കിലും ഓം എന്ന സങ്കല്പ സുഹൃത്തിന് എത്ര കാലം കത്തുകൾ എഴുതിയിരുന്നു ഞാൻ.  ഇടക്ക് ഇരുപതുകളുടെ ആദ്യ പകുതിയിൽ  സാറാമ്മ എന്നൊരു വിളി വന്നിരുന്നെങ്കിൽ എന്നു മോഹിചിരിക്കായ്ക ഇല്ല ഞാൻ )

അതേ, കത്തുകൾ ഒരു ആശ്വാസമാണ്. മനസ്സ് പകർത്തി അയക്കുന്നൊരാൾ  ആകാശക്കുടയക്ക് കീഴെ കാത്തിരിപ്പുണ്ടെന്ന എന്ന വിശ്വാസം. ! അച്ഛൻ മകൾക്ക് അയക്കുമ്പോൾ ചരിത്രമാകുന്നവ.  അതും അല്ലെങ്കിൽ പൊടി തട്ടി എടുത്ത് ഇടക്ക് വായികുംപോൾ അച്ഛൻ വിളിക്കാരുള്ളത് പോലെ,  "പാറൂ..  നീ ഇതൊന്നു നോക്കൂ.  അമ്മൂമ്മ എഴുതിയതാണ്,  അമ്മയുടെ കയ്യക്ഷരം നീ കണ്ടിട്ടില്ലല്ലോ "..  എത്ര വട്ടം ഞാൻ കണ്ടിരിക്കുന്നു,  പൊടിഞ്ഞു തുടങ്ങിയകടലാസിൽ 'കൊച്ചുകുട്ടന്.. ' എന്ന സ്നേഹത്തെ.  പൊടി അടിച്ചിട്ടാനെന്നു പറഞ്ഞു അച്ഛൻ കണ്ണ് തുടക്കുമ്പൊഴൊക്കെ കണ്ടിടുണ്ട്  കാലങ്ങൾ ചരിത്രാതീതം ആവുന്ന കാഴ്ചകൾ.  
പത്ത് നാല്പത് കൊല്ലങ്ങൾക്ക് അപ്പുറം  അമ്മയുടെ പഴയ കത്തിനെ പൊടി  തട്ടി എടുത്ത്  എനിക്കും മകളോട് പറയണം,  "നീ ഇതൊന്നു നോക്കിയേ..  പഴയ ഏതോ കടലാസ്സാണ്."..  

വികാരം : വിളങ്ങി ചേർന്നല്ലേ പറ്റൂ എഴുതപ്പെട്ട  കണ്ണികൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...