കാമുകാ...

February 5, 2017

ഞാൻ ആദ്യമായി കാമുക സങ്കൽപം പങ്കു വെച്ചത് പാറു(Parvathy Das) വിനോടായിരുന്നു, ഞങ്ങളുടെ  കമലാ ദാസ് നോട്.  അവളും ഞാനും ചിലപ്പോഴൊക്കെ ഒരേ തോണിയിൽ യാത്രികരായി. എന്റെ ആദ്യ പ്രണയ നിർവചനത്തിനു ഞാൻ അവളോട് കടപ്പെട്ടിരിക്കുന്നു.

"പാറൂ(Parvathi Rema Devi), എനിക്ക് ഈ വായു  പോലുള്ള കാമുകനെ വേണം.  ചുറ്റും ഉണ്ടെങ്കിലും കാറ്റടിക്കുമ്പോൾ മാത്രം തിരിച്ചറിയുന്നത്‌. ".. 

"എനിക്കും " 

പിന്നീട് ആ അരണ മരങ്ങൾക്കിടയിൽ പ്രണയത്തെ കുറിച്ചു നാം സംസാരിച്ചില്ല.  പക്ഷേ,  ഇടക്കെപ്പഴോ ഗൗരവത്തിന്റെ മൂടുപടത്തിൽ നിന്നും പ്രണയം പതുക്കെ തല പൊക്കി.  
കുട്ടികാലത്തെ ഏകാന്തത തലക്ക് പിടിച്ചോണ്ടാവാം,  ചുറ്റും എനിക്ക് മാത്രം അറിയുന്ന ഭാവനാ രൂപങ്ങൾ വളർന്നു വന്നത്. ഒരു പെൺകുട്ടിയുടെ സകല അരക്ഷിതത്വവും അവരിലൂടെ ഞാൻ ഇല്ലാതാക്കി.  എന്റെ ഓമും മിത്രനും. മിത്രൻ ആത്മമിത്രം,  സുഹൃത്ത്, സഹോദരൻ, വഴികാട്ടി. എന്നാൽ  ഓo എന്റെ കൗമാര പ്രണയമായിരുന്നു,  കന്നി പ്രണയം!.  അച്ഛൻ തന്നിരുന്ന ഡയറി താളുകൾ ഓമിനുള്ള പ്രണയലേഖനങ്ങൾ കൊണ്ടു നിറഞ്ഞു.

സർവവും ഭസ്മമാക്കുന്ന തൃക്കണ്ണിലൂടെ പാർവതിയുടെ സൗന്ദര്യം നുകരുന്ന ശൈവഭാവം കാളിദാസൻ മനസ്സിലേക്ക് വരച്ചിടുമ്പോൾ പ്രായം പതിമൂന്നു തികഞ്ഞിട്ടില്ല.  അതിനും ഏറെ മുന്നേ തീഗോളമായി ശിവൻ താണ്ഡവമാടുന്ന കുട്ടിക്കാല ഓർമ്മകൾ.  ശിവൻ യോദ്ധാവായിരുന്നു,    ഏതു പെണ്ണിനേയും കൊതിപ്പിക്കുന്ന പ്രണയവും വീര്യവും ശിവനായിരുന്നു.  

മയിൽ‌പീലി ചൂടി, മഞ്ഞപട്ടുടുത്തു, ഓടകുഴൽ വിളിച്ച  കൃഷ്ണന്  രുഗ്മിണിയും ഗോപികയുമാവാൻ ഒരിക്കലും തുനിഞ്ഞില്ല.  തുനിഞ്ഞപ്പോഴാകട്ടെ ചുവന്ന പൊട്ടുകൾ പാവാടയിൽ വീഴ്ത്തി ന്റെ ഓം ക്രോധത്താൽ ചുവന്നു.  ഏകാന്ത സന്ധ്യകളിലും മഞ്ഞുള്ള പുലരികളിലും മാത്രമല്ല,  പതുക്കെ രാവുകളിൽ കെട്ടിപിടിച്ചു കിടക്കുന്ന തലയിണ ആയും ഓം മാറി.  കൗമാരത്തിന്റെ സുന്ദര ഭാവനകൾ..  

അതുകൊണ്ടാവാം ക്ലാസ്സിലെ സുന്ദരന്മാരിലോ ബുജികളിലോ മനസ്സ് ഉടക്കാൻ വിസമ്മതിച്ചു.   ചിലരിലേക്ക് എത്തി നോക്കിയപ്പോഴോ  ഓം പരിഭവിച്ചു,  "ഇവനിലാണോ നീ എന്നെ തേടുന്നത് ".  പിന്നെയും വർഷങ്ങൾ കടന്നു,  വീട്ടിൽ പൊക്കി ഡയറി എഴുത്ത് നിന്നെങ്കിലും പ്രണയ പരവശ്യം രഹസ്യലിപികളിലേക്ക് നയിച്ചു.  അസംപ്ഷൻ രാവുകളിലും ഓം കൂടെ ഉണ്ടായിരുന്നു.,  എന്നെപ്പോഴോ ഓം നെയും ഞാൻ വീട്ടിൽ നിന്നും അകറ്റി,  ദൂരെ ഭാഷയും സംസ്കാരവും വ്യത്യസ്മായ ഒരു നാട്ടിലാക്കി.  എന്നും രാത്രി മെസ്സിൽ നിന്നും ഭക്ഷണം കഴിഞ്ഞു വരും വഴി അവനൊരു ചാന്ദ്രസന്ദേശം അയച്ചു.  "ഗുഡ് നൈറ്റ്,  സ്റ്റിൽ വെയ്റ്റിംഗ് ഫോർ യൂ ".  എനിക്കും അമ്പിളി അമ്മാവനും മാത്രം അറിയാമായിരുന്ന സ്വകാര്യം റൂമി തെണ്ടികൾ അറിഞ്ഞതോടെ അമ്പിളി അമ്മാവന് പണി ഇരട്ടിച്ചു.  (Beenu Ann Antony നിന്നെ ഞാൻ ഉദ്ദേശിച്ചിട്ടില്ല !) ഇടക്കെപ്പഴോ ഓം എന്നിൽ നിന്നകന്നു,  ഓമിന് എന്തോ ചുറ്റിക്കളി,  എന്റെ ടെലിപ്പതി വർക്കാവുന്നില്ല.  :( ( സ്ഥിരമായി ഹിന്ദി സീരിയൽ കണ്ടാൽ ഇതല്ല ഇതിനപ്പുറം സംഭവിക്കും :P )  പിന്നെയും എഴുത്തു കുത്തുകൾ..  

പിന്നീട് എപ്പഴോ മിത്രനും ഓമിനും ഒരേ മുഖമായി.  അതോടെ രണ്ടും ഉപേക്ഷിച്ചു,  പക്ഷേ,  എല്ലാ ഫെബ് 14നും പാതിരാത്രി ഉറക്കമെണീറ്റിരുന്നു പ്രിയസുഹൃത്തിനു (Shyno Mathew) ജന്മദിനാശംസകൾ ടെലിപ്പതി അയക്കയുമ്പോഴൊക്കെ വെറുതെ ഓർത്തിരുന്നു ഓം വെറും സങ്കല്പമല്ലായിരുന്നെങ്കിൽ എന്ന്.. ഓം കഥാപാത്രമാണെങ്കിൽ ജീവിതത്തിലേക്ക് അവനു പകരം ആരും എത്തരുതേ എന്ന് വരെയെത്തി ചിന്തകൾ.  കന്യാകുമാരിയിലെ കടൽത്തിരകൾ വിരഹവും പ്രതീക്ഷയും ഒരേ പോലെ എന്നിൽ നിറച്ചപ്പോൾ ന്റെ ശിവപെരുമാളെ,  നീ ദേവിയെ പറ്റിച്ചില്ലേ,  എന്നെയും എന്ന് ചോദിച്ചിരുന്നു. ദേവിയെ പോലെ ഞാനും കടലും നോക്കി ഇരുന്നോളാം എന്ന് കൊഞ്ഞനം കുത്തി.  കടലും കരയും ദൈവവും വികാരവും പെണ്ണാവുന്ന   നിമിഷം..  
ഒരു പക്ഷേ അത് പിടിക്കാഞ്ഞൊണ്ടാവും മൂപ്പരെന്നെയും പിടിച്ചു പഞ്ഞിക്കിടാൻ തീരുമാനിച്ചത്. 

(ശേഷിപ്പ്  :

കഥ പറയാനും കേൾക്കാനും ഇഷ്ടമുള്ള നിമിഷങ്ങളിൽ ഒന്നിലാണ് ഫാവി കെട്ടിയോനോട് (Sanjeev) ഓമിനെ കുറിച്ച് പറയുന്നത്.  റിയൽ ക്രഷ് ന്റെ കഥ മടുത്തു ഇരുന്നാളോടെ ഇമാജിനറി ക്രഷ്.  പ്രണയത്തിന്റെയും പരിചയപെടലിന്റെയും ആദ്യ നാളയോണ്ട് തിരക്ക് മാറ്റി വെച്ചെന്റെ ഫാവി ഭൂതം  കേട്ടു.  

കഥ കഴിഞ്ഞെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ...  ഫാവിയുടെ ചോദ്യം ! 

എടോ തന്റെ ഓം ഞാനായിക്കൂടെ ? താൻ അസംപ്ഷൻ ൽ പഠിക്കുമ്പോ ഞാൻ പട്ടാളത്തിൽ ചേർന്നു,  അത് ഓക്കേ ആയില്ലേ ? 
അയ്യിനു ? (ഇച്ചിരി പുച്ഛമിട്ട് ഞാൻ...  )

പിന്നെ നിക്കും ഉണ്ടായിരുന്നു ഇമാജിനറി കാമുകി,  സകലമാന പൈങ്കിളി യും എഴുതി വെറുപ്പിച്ച ഡയറിയും.  അമ്പിളി അമ്മാവനോടുള്ള കമ്മ്യൂണിക്കേഷനും.  

റിയലി ? ( രണ്ടു കണ്ണിലും ആരോ ടോർച്ചടിച്ച ഫീൽ )

അതേടോ..  താൻ ഒരു ഫോട്ടോ അയച്ചു തന്നേ ഇപ്പൊ.. 

ഫോട്ടോ യോ ? എന്തിനു ? (നിഷ്കളങ്കം +ലജ്ജ )

ആ ഇടതു ചുമലിലെ നീല വെളിച്ചോo കൂടി ഉണ്ടേൽ നമ്മൾ ആത്മപങ്കാളികളാണ് എന്നൂടി ഉറപ്പിക്കാലോ..  അതിനാ..   (കട്ട ആക്കൽ )

യൂ ഫൂൾ.. 

അല്ല പിന്നെ നട്ട പാതിരാക്ക് ഞാൻ എന്തോപറയണം.  പോയി ഉറങ്ങു പെണ്ണേ..  എനിക്ക് രാവിലെ 6. 30 ക്ക് പോവാനുള്ളതാ.(അപേക്ഷ .) )

ഫോൺ വെച്ചു ചുണ്ടു കൊട്ടുമ്പോള്  ഭിത്തിലിരുന്നു ഒരാള് ഹഹ പറഞ്ഞു ചിരിക്കുന്നു,  ആരാന്നല്ലേ എനിക്കിട്ട് എട്ടിന്റെ പണി തന്ന ആ ശിവപെരുമാള് തന്നേ !! വീട്ടിലോട്ട് വാസം മാറേണ്ടി വന്നതിന്റെ തലേന്ന് എല്ലാം കൂടി കത്തിച്ചില്ലായിരുന്നെങ്കിൽ, അതെല്ലാം സമ്മാനിച്ചു പ്രണയദിനത്തിൽ വെറുപ്പിച്ചു കൊല്ലമായിരുന്നല്ലോ ഫാവിയെ  എന്നോർക്കുമ്പോ നെടുവീർപ് ! 

ഫാവിക്ക് മുൻ‌കൂർ പ്രണയദിനാശംസ.... 
എന്ന് 
പ്രിയ pa(Th)ni 
ഒപ്പ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...