ഹാപ്പി ഡോക്ടർസ് ഡേ

July 1, 2018

രാവിലെ നാട്ടുകാരുടെ ഒക്കെ  വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു കണ്ണ് തുറന്നതും കുറേ "ഹാപ്പി ഡോക്ടർസ് ഡേ " കൾ..  
പെട്ടെന്നെനിക്ക് ഒരു മുഖമേ ഓർമ വന്നുള്ളൂ,  അത് ഡോളി ചേച്ചിടെയാ.  ഹോമിയോ മരുന്ന് തട്ടിപ്പാണോ പൊല്ലാപ്പാണോ,  എന്നൊക്കെ ടൈംലൈൻ ൽ ചർച്ചകൾ സ്ഥിരം നടക്കുമ്പോഴും ബുദ്ധി എന്തൊക്കെ ന്യായങ്ങൾ നിരത്തുമ്പോഴും,  എനിക്കാ പഞ്ചാര മുട്ടായികളോട് വല്ലാത്തൊരു ഗൃഹാതുരത്വമാണ്.  

സ്കൂൾ തുറക്കുന്നത്  മഴപെയ്ത്തുമായി മാത്രമല്ല എനിക്ക്,  മണ്ണൊലിപ്പ്‌ നിർത്താൻ മരം വെക്കുമ്പോലെ മൂക്കൊലിപ്പ് നിർത്താൻ എന്തോ വെച്ചു പിടിപ്പിക്കും എന്ന് വരെ ഉടുപ്പിൽ  സേഫ്റ്റി പിന്നിൽ കുത്തിയിട്ട  മൂക്ക് തുടച്ചു നനഞ്ഞ കർചീഫ് ൽ വീണ്ടും വീണ്ടും തുമ്മിയിടുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്.  വേനൽ ആയാൽ രക്ഷ ആയില്ലേ എന്ന് കരുതാനും  എന്റെ ബോഡി തയ്യാറല്ലായിരുന്നു.  പൊടിക്കാറ്റ് പോയിട്ടു ആരേലും പോടീ എന്ന് വിളിച്ചാൽ തന്നെ തുമ്മലോ ശ്വാസം മുട്ടലോ ഒക്കെ ആയി ഞാൻ കട്ടിലിൽ ആവും !  അത്ര വലിയ കോംപ്ലാൻ ഗേൾ ആയിരുന്നേ ഈ ഞാൻ..  

പനിപിടിച്ചു കിടക്കുക അത്ര വലിയ സുഖോള്ള ഏർപാടരുന്നില്ല എനിക്ക്.  അമ്മേടെ ലീവ്,  നോക്കിയല്ലല്ലോ പനി വരുന്നേ,  പോരാത്തേന്  എനിക്കാണേൽ എന്നും പനിയും ! രാവിലെ അമ്മ ഫ്ലാസ്കിൽ എടുത്തു വെക്കുന്ന ചൂട് വെള്ളം,  കുക്കറിലെ ചൂട് കഞ്ഞി,  മരുന്ന്  എന്നതിനൊന്നും ക്ഷാമം ഇല്ലേലും എല്ലാ പനിക്കാലങ്ങളിലും അമ്മ അടുത്തില്ലല്ലോ. 

അച്ഛന് എയർപോർട്ട് എമിഗ്രേഷൻ ലേക്ക് ട്രാൻസ്ഫർ ആയി സഫ മുഹ്‌സീന അപ്പാട്മെന്റ്സ് ലേക്ക് ചേക്കേറുമ്പോഴാണ്,  ഡോ.  ഡോളി വിൽ‌സൺ എന്റെ സ്വന്തം ചേച്ചി ആവുന്നത്.  കെട്ടി പുതുമോടി മാറാത്ത വിൽ‌സൺ അങ്കിൾ ഉം ഡോളി ചേച്ചിയും ഇടതു,  അവരെക്കാൾ ജൂനിയേർസ് ആയ മിനി ചേച്ചീമ് ജയേട്ടനും മോളിൽ...  ജിങ്ക ജിങ്ക.  എനിക്ക് തെണ്ടി തിരിയാനും കേറി ഇറങ്ങാനും ഉള്ള സ്ഥലത്തിന് വേറെ നോക്കണ്ടല്ലോ.  (സമയത്തും അസമയത്തും അമ്മേടെ കണ്ണ് വെട്ടിച്ചു കേറി ഇറങ്ങി എത്ര പ്രണയ സുന്ദര നിമിഷങ്ങൾ ഞാൻ അലമ്പാക്കിയിട്ടുണ്ടാകും എന്നൊരു ബോധം ദേ ഇപ്പൊ എനിക്കുണ്ട്.  4മണിക്ക് ശേഷമുള്ള ജോധ്പുർ വൈകുന്നേരങ്ങളിൽ ദേ പിള്ളേര് വരും കളിക്കാൻ,  ചുമ്മാതിരുന്നേ എന്നെന്റെ കെട്യോനോട് ഞാൻ എത്ര പറഞ്ഞിരിക്കുന്നു !! )

താമസം മാറി ഒരാഴ്ച തികയും മുന്നേ ഞാൻ ഡോളി ചേച്ചിടെ പേഷ്യന്റ് ആയി.  പിന്നെ ചേച്ചി അവിടുണ്ടായിരുന്ന കൊല്ലമാത്രയും ഞാൻ ചേച്ചിടെ രോഗി ആരുന്നു.  പതിവ് പോലെ എനിക്ക് വീണ്ടും പനി വന്നു. അമ്മക്ക് സ്കൂളിൽ പോവാതെയും വയ്യ. ഒരു കമ്പിളി പുതപ്പിനുള്ളിൽ എന്നെ പുതപ്പിച്ചു ഉച്ചക്ക് വരാമെന്നും പറഞ്ഞു അമ്മ പോകുമ്പോഴാണ് ഡോളി ചേച്ചി എന്നെ ദത്തെടുക്കുന്നത്. 

 ചേച്ചിയുടെ  വീടിനോട് ചേർന്ന ക്ലിനിക് ൽ ഞാൻ അഡ്മിറ്റ്‌ ആവുന്നത്.  കർട്ടനിട്ടു  പാതി മറച്ച ക്ലിനിക്കിലെ കട്ടിലിൽ ഞാൻ.  നനഞ്ഞ തുണി ഇടക്ക് നെറ്റിയിലിട്ടും മൂക്കടക്കാതിരിക്കാൻ ഇടക്ക് ഉപ്പു വെള്ളം മൂക്കിൽ ഇറ്റിച്ചു തന്നും ഡോളി ചേച്ചി. പനിമയക്കത്തിനിടെ കണ്ണുതുറക്കുമ്പോൾ   ഇടക്ക് ചുമലിൽ തട്ടി ഉറങ്ങിക്കോ എന്ന് പറയുന്ന ഡോളി ചേച്ചിയെ എനിക്ക് ഇപ്പോഴും കാണാം.  അമ്മ ഉണ്ടാക്കി വെച്ച കഞ്ഞി വീണ്ടും ചൂടാക്കി ചമ്മന്തിയും അരച്ച് എന്നെ കഴിപ്പിക്കുമ്പോൾ ഡോളി ചേച്ചിക്ക് പൊടി കുഞ്ഞമ്മയുടെയോ അമ്പിളി കുഞ്ഞമ്മയുടെയോ ഭാവം ആയിരുന്നു.  ശാസന,  വാത്സല്യം എല്ലാം. 

പത്തു വയസ്സിലെ എന്റെ ബെസ്റ്റി ചേച്ചിയാരുന്നു എന്ന് പിന്നെ എനിക്ക് തോന്നിയിട്ടുണ്ട്.  പക്ഷേ, കല്യാണത്തിന് ഒരുപാട് കുനിഞ്ഞു നിവരല്കൾക്കിടയിൽ ഡോളി ചേച്ചിയുടെ കാൽ തൊട്ടു തൊഴുതു അനുഗ്രഹം വാങ്ങുമ്പോൾ,  ചെറുതായി നനഞ്ഞ ചേച്ചിയുടെ കണ്ണിലും ഉണ്ടായിരുന്നു പതിനാറു വർഷങ്ങൾക്കിപ്പുറവും ആ പത്തു വയസ്സുകാരിയോടുള്ള വാത്സല്യം ! 
(ഇതെഴുതുമ്പോഴും ഒരിത്തിരി കുറ്റബോധമുണ്ട്,  കാരണം മണികുട്ടിയെയോ ചേച്ചിയുടെ ഇളയ മോളെയോ ഞാനൊന്ന് വിളിച്ചിട്ട് പോലുമില്ല,  പന്ത്രണ്ടു ജില്ലകളുടെ ദൂരത്തിലും പിന്നെ ഓര്മകളെക്കാൾ ഭംഗിയുള്ള നിമിഷങ്ങൾ സമ്മാനിക്കാൻ പറ്റാതെ അത് ഓർഡിനറി ആവുമെന്നോ എന്ന പേടിയിലുമൊക്കെ നാളെ നാളെ എന്ന് നീട്ടി വെക്കുമ്പോഴും,  തിരിച്ചു കൊടുക്കാൻ പറ്റാത്ത എത്ര നിമിഷങ്ങളുടെ മുതലും പലിശയുമാണല്ലോ പിന്നെ നാമോരോരുത്തരുടേയും ജീവിതം എന്ന ഫിലോസഫി യെ പുതച്ചു ഞാൻ നെടുവീർപ്പിടും !)

Happy Doctors Day Dolly chechi <3
ഇഷ്ടം <3 ഒരുപാട് ഒരുപാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...