ഗുൽമോഹർ പൂക്കുമ്പോൾ

2013 ജനുവരി 

www.facebook.com ബ്രൗസറിൽ മുഴുവനും ടൈപ്പ് ചെയ്തു തീരും മുന്നേ നീല നിറത്തിലുള്ള ജാലകങ്ങൾ തുറന്നു തന്നു ലാപ്ടോപ് കണ്ണിറുക്കി.  ഈ ലോഡ്ജ് മുറിയിൽ ഭാഷയും സംസ്കാരവും ഇനിയും വഴങ്ങാതെ മടുത്തിട്ടും മടങ്ങാനാവാതെ...  വാക്കുകൾ അവയ്ക്ക് എന്തർത്ഥം ! അല്ലെങ്കിലും മറാഠിയും പഞ്ചാബിയും ആസ്സാമിയും തമിഴും തെലുങ്കും ഇടകലരുന്ന ഈ കുടുസ്സു മുറിയ്ക്കുള്ളിൽ ഹായ് ബൈ കൾക്കപ്പുറം വാക്കുകളില്ല.  നോട്ടങ്ങളിലെ സ്നേഹവും സൗഹൃദവും നിരർഥകം !

ലോഡിങ് കഴിഞ്ഞു കറുത്തപൊട്ട് ചാർത്തി എന്റെ അക്കൗണ്ട്.  ലോകം മുഴുവൻ നിർഭയ ക്കായി കറുത്ത പൊട്ട് നെറുകിൽ ചാർത്തിയിരിക്കുന്നു,  ഈ നിർഭയത്വം ജീവിതത്തിൽ എത്ര പേർക്കുണ്ടാവും. നോട്ടിഫിക്കേഷനപ്പുറം ഒരു ചുവന്നകൊടിയിൽ "1" ! "You have a friend request".  ഈശ്വരാ..  ഏതെങ്കിലും പണ്ടാരകാലന്മാർ ബന്ധുജന സ്നേഹം മൂത്ത്...  
പ്രതീക്ഷ അസ്ഥാനത്തായതിനാൽ ചുണ്ടിൽ ചിരി വിടർന്നു.  നിലാ വെളിച്ചം പരത്തി 'ബെല്ല ' പുഞ്ചിരിക്കുന്നു. 
 Vampire നെ ഒക്കെ ശരിക്കും പെൺകുട്ടികൾ സ്നേഹിക്കുമോ?  ആർക്കറിയാം !
ഒരു സന്ദേശവും ഉണ്ട് ഒപ്പം.  
'ബ്ലോഗ് വായിച്ചു,  നന്നായിരിക്കുന്നു.  

"തോലുകൾ തുന്നി അരയിലുറപ്പിച്ചു
 കാലുകൾ മണ്ണിൽ കുതിർത്തു വെച്ച്, 
 വേര് വരുന്നതും നോക്കിയിരുപ്പുണ്ട്,  
ജാതിയിൽ താന്നോരു കോമരങ്ങൾ...  

മിണ്ടുവാൻ പാടില്ല, 
തീണ്ടുവാൻ പാടില്ല, 
പണ്ടത്തെ യേമാൻ പറഞ്ഞു തന്നു. 

പുത്തൻപണത്തിന് കാറ്‌ വാങ്ങിയോന് പോലും  
ജാതിക്കൊത്താലേ,  മോളെ വിലപേശൂ..  

മണ്ണിലിറങ്ങുന്ന,  മലയിൽ നടക്കുന്ന 
എക്സ്റ്റിങ്ക് സ്പിഷീസിനെ വേണ്ട പോലും

പെണ്ണിനോ നട്ടെല്ല്,  നിവർന്നുനിന്നാൽ 
താലിയറുത്ത് വലിച്ചെറിയും .. "


വാക്കുകളിൽ അഗ്നി പടരട്ടെ,  ഇനിയും .. '

ബെല്ലക്ക് പിന്നിൽ മറഞ്ഞിരുന്ന പെൺകുട്ടി,  അവൾക്ക് വേണ്ടി മിഴികൾ തുടിച്ചു.  എവിടെയോ ഒരു ഇടിമിന്നൽ പിളർപ്പ്. 


"ഞാൻ നിശാഗന്ധിയാണ്.  വെണ്മയുടെ വ്രതശുദ്ധിയിൽ,  നിലവിൽ നിനക്കായ്‌ പൂത്തുലഞ്ഞിട്ടും വെളിച്ചം കാണും മുൻപേ വാടിത്തളർന്നു മണ്ണിൽ അലിയുന്നവൾ,  മറ്റൊന്ന് വീണ്ടും പൂക്കും വരെ,  നിന്റെ സ്മ്രിതിയിൽ പോലും സുഗന്ധം നിറയാത്തവൾ " ടൈം ലൈനിലേക്ക് കഴ്സർ എടുത്തു വെച്ചതും പെണ്ണെഴുത്ത്. 

"ഭ്രാന്തും രോഷവും നിലാവിന്റെ നായികക്കുമോ?"
കിടക്കട്ടെ ഒരു മെസ്സേജ്. 
ഫ്രണ്ട് റിക്വസ്റ് അക്‌സെപ്റ്റഡ്.  നേരും നോവും ഇടറിക്കാത്ത ഹൃദയത്തുടിപ്പുകളുണ്ടോ?  ചങ്ങല കണ്ണികൾ കൊണ്ടെത്തിച്ച അവളുടെ എഴുത്തുപുരയിലേക്ക്,  ചേക്കേറാൻ ഒരു മോഹം.  ബാച്ചിലറിന്റെ അതിമോഹം !

പതിയെ ആണെങ്കിലും അവൾ മിണ്ടിത്തുടങ്ങി.  കവിത തുളുമ്പുന്ന വാക്കുകളിൽ പെയ്തിറങ്ങി.  

'
"

ഹിമകണങ്ങളാ പുൽത്തട്ടിലെന്ന പോൽ കവിത ആത്മാവിലിറ്റിറ്റു വീഴുന്നു…

അവളെ നേടാത്ത രാഗം നിരർത്ഥമായി, ശിഥിലമായി രാത്രി; എന്നോടൊത്തില്ലവൾ
അഴലുകളിത്ര മാത്രം… അഴലുകളിത്ര മാത്രം…
വിജനത്തിൽ, അതിവിദൂരത്തിൽ ഏതൊരാൾ പാടുന്നു
അരികിലേക്കൊന്നണയുവാനെന്ന പോൽ അവളെയെൻ കാഴ്ച തേടുന്നു പിന്നെയും

അരികിലില്ലവളെങ്കിലും എൻ മനമവളെയിപ്പൊഴും തേടുന്നു… "

ചാറ്‌ബോക്സിലേക്ക് ചുള്ളിക്കാടിനെ വലിച്ചു കയറ്റിയപ്പോൾ അവൾ നിശബ്ദയായി.  പച്ചവെളിച്ചം അണഞ്ഞു.   അവൾ..  അവൾക്ക്  മനസ്സിലായിരിക്കുമോ? 

" നെറിവറ്റ ലോകം കനിവറ്റ കാലം 
പടകാളിയമ്മേ കരയിച്ചു നിന്നെ.
ഫലിതത്തിനിന്നും തിരുമേനി നല്ലൂ
കലഹത്തിനെന്നും അടിയാത്തി പോരും.

അതിബുദ്ധിമാന്‍മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നേ അധികാരിവര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും

വിജയിക്കു പിന്‍പേ കുതികൊള്‍വു ലോകം
വിജയിക്കു മുന്‍പില്‍ വിരിയുന്നു കാലം
മനുജന്നുമീതെ മുതലെന്ന സത്യം
മുതലിന്നുമീതെ അധികാര ശക്തി." 

നിമിഷങ്ങൾക്കുള്ളിൽ മറുപടിയെത്തി.  ചുള്ളിക്കാട് തന്നെ,  ഗൗരി.  പച്ചവെളിച്ചം വീണ്ടും അണഞ്ഞു.  

പിറ്റേന്ന് ഓഫിസിലെ കനത്ത ഫയലുകൾക്കിടയിലും ശ്വാസം മുട്ടിച്ചത് അവളായിരുന്നു.  എന്തായിരിക്കും അവൾ പറയാൻ ആഗ്രഹിച്ചിരിക്കുക.  

"നാഥൻ,  പെയ്തിറങ്ങുന്നത് അഗ്നിയാണ്.  ചോരയും കണ്ണീരുമാണ്.  പത്തു വയസ്സിൽ ചോരപുരണ്ട പെറ്റിക്കോട്ടുമായി എത്തുന്ന കുഞ്ഞിന്,  സമൂഹം എന്ത് മറുപടിയാണ് കൊടുക്കുക.  ഈ പാപങ്ങളെ ഏത് തിരുരക്തത്തിനാണ് കഴുകി കളയാനാവുക.  

സാക്ഷരകേരളത്തിൽ ഇനിയുമുണ്ട്,  അക്ഷരം അറച്ചു നിൽക്കുന്ന ഇടങ്ങൾ.  വെളിച്ചം വിതക്കുന്നവർ തന്നെ അറത്തെടുക്കുന്ന തളിരുകളുമുണ്ട്.  തനിക്കിത് കേട്ടു മറക്കാനുള്ള വാർത്തയാവാം,  എനിക്കല്ല... "

പറയാൻ കൊതിച്ചതൊക്കെയും തൊണ്ടയിൽ കുരുങ്ങി.  വിരലുകൾ അക്ഷരങ്ങളെ തൊടാൻ മടിച്ചു. 

"....  വാക്കുകൾ അവ നമ്മളെ സമർഥമായി കബളിപ്പിക്കും.  നാഥൻ,  ആ അനുരാഗം എനിക്കെന്റെ ജീവിതത്തോടില്ല " 

മുറിവേൽക്കപ്പെട്ട സ്വപ്‌നങ്ങൾ,  പിന്നെ വേട്ടയാടുന്ന പിശാചുക്കളാണ്.  നീലജാലകങ്ങളോട്  തല്കാലം വിട പറയുന്നു. അവളുടെ വഴിയിൽ ഇനിയും കാത്തു നിൽക്കണ്ട,  മനസ്സ് തണുക്കട്ടെ. 

' Do you want to deactivate?  '
അതെ,  തല്കാലം വിട.  

മാസങ്ങൾ മൂന്നു കഴിഞ്ഞു.  വീണ്ടുമൊരു മോഹം!!;  അവളോട് ചങ്ങാത്തം കൂടണം.  മറ്റൊന്നും വേണ്ട.  
പ്രണയം അതൊരു ചുഴിയാണ്!! 

അവളെവിടെ? 
ഒരു പക്ഷെ,  വെറുപ്പായിരിക്കാം...  
അവളുടെ ഭിത്തികൾക്കുള്ളിൽ ഒരു വാതിൽ തുറന്നു കിട്ടിയാലോ? മുട്ടി നോക്കാതെ എങ്ങനെ ഉറപ്പിക്കും. 

നിമിഷങ്ങൾ കോറിച്ചെടുത്ത് ചക്രങ്ങൾ സ്‌ക്രീനിൽ മെല്ലെ തിരിഞ്ഞു.  എന്തൊക്കെയോ തെളിഞ്ഞു വന്നു,  എന്റെ കണ്ണുകളിലേക്ക് ഇരുട്ട് കേറുകയാണ്..  
സിരകളിൽ നിന്നും രക്തം വാർന്നുപോകുന്ന പോലെ.  അവളും നിശാഗന്ധിയായി മണ്ണിലേക്ക് ചേർന്നിരിക്കുന്നു . 
അവൾ നടത്തിയ ഒറ്റയാൾ പോരാട്ടങ്ങൾ പ്രകീർത്തിക്കുന്ന കുറിപ്പുകൾ,  അവളുടെ ഭിത്തിയിൽ സുഹൃത്തുക്കൾ പോസ്റ്റ്‌ ചെയ്തിരുന്നു.  
കണ്ണീർ,  പ്രാർഥന,  രോഷം..  
ലാവ പോലെ ഒഴുകുകയാണ്, സംഘടിക്കുകയാണ്.  

ചുറ്റുമുള്ള വായുവിൽ അരൂപിയായി അവളുണ്ടാവണം.  നിശ്ശബ്ദതയിലും ഒരിക്കൽ പോലും കേട്ടിട്ടില്ലാത്ത,  ഇനി ഒരിക്കലും കേൾക്കുകയുമില്ലാത്ത അവളുടെ ശബ്ദം മുഴങ്ങുന്നു.. 
"നാഥൻ..  ഗുൽമോഹറുകൾ പൂക്കുമെന്നും അഗ്നി പടരുമെന്നും ഇനിയും ഞാൻ വിശ്വസിക്കും.  നിന്റെ പ്രണയത്തിനായി അടർന്നു വീഴാൻ എനിക്കാകുമായിരുന്നില്ല.  എനിക്കായ് നീ പൂത്തുലയുമോ? " 









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...