മറ്റൊരു ആസ്സാം ദുരന്തകഥ !

December 19, 2019

ഈ നോർത്ത് ഇന്ത്യൻസ് നേ കാണുമ്പോ,  പ്രത്യേകിച്ചും പട്ടാളത്തിലെ സുന്ദരീമണികളെ കാണുമ്പോ സായിപ്പിനെ കണ്ട് കവാത്തു മറന്ന അവസ്ഥായാവും എനിക്ക്.  ഒന്നാമത് ആര്യാവർഗക്കാരുടെ ആ ഫെയർ ആൻ ലവ്‌ലി ലുക്ക്‌,  സ്‌കിന്നി ജീൻസ് ഇടാൻ വേണ്ടി മാത്രം ഉണ്ടാക്കിയ കാലുകൾ..  പിന്നെ ചന്നം പിന്നം ഹിന്ദിയും പൊഹ വിടും പോലെ ആംഗലേയവും പറയാനുള്ള കഴിവ്.  പാർട്ടി കൾക്ക് ദീപിക പദുക്കോണിനെ വെല്ലും പോലെ ഒരുങ്ങാനുള്ള കഴിവ്,  ആവശ്യത്തിനേക്കാളേറെ ആത്മവിശ്വാസം ! ഒരു ശരാശരി മലയാളി പെങ്കൊച്ചിന്റെ ചങ്കിടിപ്പ് കൂടാൻ ഇതൊക്കെ മതി.. 

പതിവ് പോലെ ലൈറ്റുകളൊക്കെ മിന്നി തിളങ്ങി കിടക്കുന്നൊരിടത്ത് കയ്യിലൊരു ഗ്ലാസ്‌ മാങ്ങോ ജ്യൂസ്‌ ഉം പിടിച്ചു വെജ് മോമോസ് ചേട്ടൻ വരുന്നതും കാത്ത് നിക്കയാണ് ഞാനും എന്റെ തമിഴ് പാർട്ണറും,  മിസോറം കാരിയായ റുത്ത് ഉം.  വടക്ക് കിഴക്കൻ ഇന്ത്യക്കാർക്ക് മറ്റുള്ളവരെ കുറച്ചുകൂടി നന്നായി ഉൾകൊള്ളാൻ കഴിയും എന്നാണ് എന്റെ ഒരു നിരീക്ഷണം,  സാക്ഷാൽ ഗവേഷകൻ അഖിൽ എസ് നായരുമായി ചർച്ച ചെയ്ത് അവർ നേരിടേണ്ടി വന്ന നിരവധി അവഗണകളുടെയും തിരസ്കാരങ്ങളുടെയും ഉപ ഉല്പന്നമാണ് അവരുടെ സഹിഷ്ണുതയും സമഭാവവും എന്ന നിഗമനത്തിൽ എത്തി ചേർന്നിട് അധികം ആയിട്ടില്ല. 
 
റൂത്തിന്റെ നാട്ടിൽ പ്രണയ വിവാഹങ്ങളാണ് കൂടുതൽ.  ഒരാളെ ഇഷ്ടമായാൽ,  ഒന്നോ രണ്ടോ ഡേറ്റിംഗ് നു ശേഷം ചെക്കനു പെണ്ണിന്റെ വീട്ടിൽ ചെന്ന് കാര്യം അവതരിപ്പിക്കാം.  പിന്നെ ഇരു വീട്ടുകാരുടെ യും അനുവാദത്തോടെ പ്രേമിക്കാം. പഠിപ്പ് തീർന്നു ജോലി കിട്ടിട്ട് മതി കല്യാണമൊക്കെ.  പക്ഷേ ചെക്കൻ വീട്ടിൽ വന്നു വേണം പെണ്ണിനെ പുറത്തേക്ക് കറങ്ങാൻ വിളിച്ചു കൊണ്ടുപോകാൻ.  ഒളിച്ചും പാത്തുമുള്ള കറക്കങ്ങൾ നല്ല ഉദ്ദേശമുള്ള ആൺകുട്ടികൾ ചെയ്യില്ല എന്നാണ് അവരുടെ പക്ഷം.  പ്ലസ് ടു കഴിഞ്ഞ ആർക്കും ഇത്തരത്തിൽ വീട്ടിൽ ചെന്ന് പെണ്ണ് ചോദിക്കാനാകും.  മിസോറാമിൽ ജാതി വ്യവസ്ഥ ഇല്ല,  സാമ്പത്തിക സ്ഥിതിയിലും വല്യ വ്യതിയാനങ്ങൾ ഇല്ല, ഒരുമിച്ചുള്ള കള്ളുകുടി അഥവാ സോഷ്യൽ ഡ്രിങ്കിങ് സ്വാഭാവികം .  അത് കൊണ്ടാകും കുട്ടികൾക്ക് ഇത്ര സ്വാതന്ത്ര്യം എന്നാണ് റൂത് അവകാശപ്പെടുന്നത്.  വല്ല മിസോറാമിലും ജനിക്കേണ്ടതായിരുന്നു എന്ന് ശ്രീനിധി.  ചൊവ്വയോ വെള്ളിയോ കാരണം എൻജിനിയറിങ് കഴിഞ്ഞു 21വയസ്സ് തികഞ്ഞുടനെ കെട്ടിച്ചു വിട്ടതാണവളെ. കുട്ടികളിക്ക് എന്റെ കൂട്ട് അവളാണ്. അമ്മച്ചി ഞാനും ചെല്ലക്കുട്ടി അവളും !

അങ്ങനെ മിസോറം കഥകൾ കേട്ടു നെടുവീർപ്പിട്ട് ഞങ്ങൾ ഇരിക്കുമ്പോഴാണ് ഞങ്ങളുടെ വട്ടം വലുതാക്കി "പ്രിയങ്ക ചോപ്ര " കടന്നു വരുന്നത്.  She is smart,  beauty with brains !എന്റെ comfy സോൺ ഇച്ചിരി കുറഞ്ഞു.  BSc ഫിസിക്സ്‌ നു റാങ്ക് ഉണ്ടായിട്ടും പാഷൻ കാരണം വ്യോമസേനയിൽ ചേർന്നതാണെന്നു പറഞ്ഞു കേട്ടിരുന്നു.  പോരാത്തേന് എന്റെ കെട്ടിയോൻ പുള്ളികാരിടെ ഫിറ്റ്നസ് നേ പ്രകീർത്തിച്ചിരുന്നു.  തിളയ്ക്കുന്ന സാമ്പാർ ൽ കുശുമ്പ് ചേർത്ത മണം ! എന്തേലും ചോദിക്കണമല്ലോ,  പറേണമല്ലോ.. 
റാങ്ക് കഥയിൽ തന്നെ പിടിക്കാം.  അവർക്കും സന്തോഷം, അവരതിൽ കേറി പിടിച്ചാൽ നമുക്കും സന്തോഷം,  വിഷയദാരിദ്ര്യം വരതുമില്ല.  

'റാങ്ക് ഒക്കെ ഈസി അല്ലേ' എന്നായി അവരുടെ തുടക്കം. കുട്ടി മാമ ഞാൻ ഞെട്ടി മാമ ! ഞാൻ വിചാരിച്ചത് "അയ്യോ അങ്ങനൊന്നുമില്ല,  ഞാൻ അത്ര പഠിപ്പിസ്റ് ഒന്നുമല്ല,  ദൈവാനുഗ്രഹം" തുടങ്ങിയ ഡയലോഗുകളാണ്.  ഉള്ളിലിരുന്നെന്റെ മനസാക്ഷി പറഞ്ഞു, ദൈവത്തെ പ്രകീർത്തിക്കാൻ ചിഞ്ചു മോളെ പോലെയോ റാണിയെ പോലെയോ ലീനയെ പോലെയോ ഉള്ള വൈകിട്ട് സന്ധ്യപ്രാർഥനക്കിരിക്കുന്ന സത്യ ക്രിസ്ത്യാനി അല്ല, ലിച്ചു മോളെ പോലെ നല്ല വിവരം ഉണ്ടായിട്ടും മടിച്ചു പേടിച്ചു ശരിയുത്തരം, 
തെറ്റാണോ തെറ്റാണോ എന്ന്  പറയുന്ന വരരുചി മലയാളിയുമല്ല മുന്നിൽ നില്കുന്നത്.  (ഇവർ ഒക്കെ  റാങ്ക് നേടിയ എന്റെ സൂർത്തുക്കളാണ് )

'എന്താ കോൺഫിഡൻസ്,  കണ്ടുപടിക്ക് പാറു !' മനസ്സ് കേരളത്തിൽ കിടന്നു വട്ടം ചുറ്റിയ എന്നെ പുച്ഛിച്ചു ! അവരുടെ മുഖത്തെ ആത്മവിശ്വാസം ,  വാക്കുകളിലെ സ്പുടത,  പ്രസന്നമാർന്ന ബോഡി ലാംഗ്വേജ്..   വി ബ്ലഡി മല്ലൂസ് ശരിക്കും കണ്ടുപടികേണ്ടത് തന്നെ. 

"ഫിസിക്സ്‌,  വളരെ സിംപിൾ ആണ്.  കൂടി പോയാലെന്താ ക്വാന്റം മെക്കാനിക്സ്.  " എന്റെ ചങ്കിടിപ്പ് കൂടി.  ഇന്നേ വരെ എനിക്കത് മനസ്സിലായിട്ടില്ലല്ലോ എന്നോർത്തു ഞാൻ ചൂളി.  "പിന്നെ എക്സാം..  അതിൽ പഠിച്ച കാര്യങ്ങൾ അല്ലേ ചോദിക്കൂ.  ഇംഗ്ലീഷ് പോലെ ആലോചിച്ചു ഭാവനയിൽ കണ്ടു  എഴുതണ്ട.  ഹിസ്റ്ററിയിലെ പോലെ നൂറായിരം രാജാക്കന്മാരുടെയും ഭാര്യമാരുടെയും പേരും വർഷങ്ങളും നിരത്തണ്ടാ.  ഇത്ര വർഷങ്ങളിൽ എത്ര കണ്ടുപിടുത്തങ്ങളാണ് ഉണ്ടായേക്കുന്നത്.  ഒന്നിൽ കൂടുതൽ ഐൻസ്റ്റീൻ ഉണ്ടായിട്ടില്ലല്ലോ,  ഉവ്വോ? " ഞാനങ്ങു നിഷ്പ്രഭയായി ആരാധനയോടെ മുറ്റി അവരെ നോക്കുകയാണ്.  MSc കഴിഞ്ഞു PhD ക്ക് തല വെച്ചിട്ട് പോലും ഇങ്ങനെ ഒരിക്കൽ പോലും പറയാൻ പറ്റിട്ടില്ല.  എടുത്ത് കിണറ്ററിലിടണം എന്നെയൊക്കെ.  
"പിന്നെ പ്രോബ്ലം.  അതൊക്കെ ഒരു പ്രോബ്ലം ആണോ?  ആകെ ഒരു equation അറിയണം.  Lambda =mc.  അവരതിൽ രണ്ടെണ്ണം തരും.  എന്നിട്ട് ഒന്നൊളിപ്പിക്കും.  ഇതിനാണ് നിങ്ങൾ ഫിസിക്സ്‌ നെ ഇത്ര പേടിക്കുന്നത്. എസ്ക്യൂസ്‌ മി,  ഞാൻ ഈ കാൾ എടുക്കട്ടേ " വെട്ടിത്തിളങ്ങുന്ന മനോഹരമായ ഹീൽസിൽ അവർ നടന്നു നീങ്ങി.  

'എന്നാച്ചു പാറു? ' ശ്രീനിധി എന്നോട് ചോദിച്ചു.  അവര് പറഞ്ഞ equation, അത് തപ്പാനെ ...  അവൾ അതൊന്നും ശ്രദ്ധിച്ചിട്ടേ ഇല്ല. 
ഇനിപ്പോ എനിക്ക് തെറ്റിയതാണോ?  E=hv,  E=എംസി സ്‌ക്വായർ.  ഇക്വേറ്റു ചെയ്ത് സബ്സ്റ്റിട്യൂട് ചെയ്യുമ്പോ...  ഇൻവെഴ്സലി പ്രപോഷണൽ അല്ലേ? 
 "പോ പാറൂ.. 2009 ൽ സബ് നു  ഫിസിക്സ്‌ പഠിച്ചു വിട്ട നിനക്കണോ അവർക്കാണോ അറിയാവുന്നെ...  അതും റാങ്ക്.  വെറുതെ മണ്ടത്തരം പറഞ്ഞു ചമ്മണ്ട !" മനസാക്ഷിയുടെ കനത്ത താക്കീത്..  "അത് ബേസിക് ഇക്വാഷൻ അല്ലേ,  ഡി ബ്രോഗ്ലി അതല്ലേ " മനസ്സ് വിടാൻ ഉദ്ദേശിക്കുന്നില്ല.  

"നിനക്കെന്നാടി പറ്റിയെ.. നീ ഇവിടല്ലല്ലോ? " കെട്ടിയോൻ കിളിപോയി നിൽക്കുന്ന എന്നെ കണ്ടു എവിടെന്നോ ചാടി വന്നു.  
"Sanjoo..  v=c/lambda എന്നല്ലേ?  അതോ c × lambda എന്നാണോ " 
കയ്യിലിരുന്ന റോൾസ് പൊതിഞ്ഞ പേപ്പർ നിവർത്തി നോക്കി കെട്ടിയോൻ "ഇതിൽ പിള്ളേരാരേലും എഴുതി പഠിച്ചിട്ടുണ്ടോ?  പിന്നെ ഇതിപ്പോ എവിടെന്നു വന്നു... " 
"ഒന്നൂല്ല.. വന്നു വന്നു കെമിസ്ട്രി യും അറീല ഫിസിക്സ്‌ ഉം അറീല, കണക്കാനെ പണ്ടേ കണക്കാ..  ഞാനൊക്കെ പിള്ളേരെ പഠിപ്പിച്ച പിള്ളേരുടെ ഗതി എന്താവും സഞ്ജു.  നിന്റെ മൊബൈൽ എന്ത്യേ?  ഗൂഗിൾ എടുത്തേ.. ഡി ബ്രോഗ്ലി കൊടുത്തേ " 
"പാറു നിനക്ക് വട്ടായോ?  ഇപ്പൊ ഫോൺ ൽ കളിക്കുന്നെ മോശമാ..  നീ ഇങ്ങോട്ട് വന്നേ  "
*****
 "റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തു കിടന്നേ പാറു" 

"ടാ C വെച്ചാൽ വെലോസിറ്റി of ലൈറ്റ് അല്ലേ?  "
"അതിനിപ്പോ...  "
"അവർ തെറ്റാ പറഞ്ഞെ... "
"സോ വാട്ട്‌ "
"ഇത്രേം കോൺഫിഡൻസ് ൽ പറഞ്ഞോണ്ട് എനിക്കൊരു ഡൌട്ട് ഇനി ഗൂഗിൾ തെറ്റാരിക്കുവോ? " 
"മോളെ പാറു,  നീ ഫട്ടാ മാർന എന്ന് കേട്ടിട്ടുണ്ടോ?  അതാണിത്.  നാളെ രാവിലെ ഓഫീസ് ൽ പോവാനുള്ളതാ...  നീ ആ ലൈറ്റ് ഒന്ന് അണക്കാവോ പ്ലീസ്.. " 

രാവിലത്തെ എന്റെ പ്രശ്നം അഥവാ വാൽകഷ്ണം 'അല്ല, ഇനി ഞാൻ കേട്ടതിന്റെ പ്രശ്നം ആണോ?'

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...