ഉറങ്ങി പോകുന്ന വീടുകൾ..

 June 28, 2019


കാറിന്റെ പിൻസീറ്റിൽ മുട്ടുകുത്തി പുറകിലേക്ക് തിരിഞ്ഞിരുന്നു കൈകൾ വീശുമ്പോൾ അപ്പൂപ്പനും അമ്മൂമ്മയും ഗേറ്റ് ഉം കടന്നു റോഡിലേക്ക് ഇറങ്ങി നില്പുണ്ടാവും.  പ്രഭാകരൻ സാറിന്റെ വീടിനു മുന്നിലെ വളവ് കഴിഞ്ഞാൽ പിന്നെ അവരെ കാണാൻ ആവില്ല.  തിരിഞ്ഞ് സീറ്റിൽ ശരിയായി ഇരിക്കുമ്പോഴേക്കും കാർ ആകെ മൗനം പൊതിയും. ചേട്ടനും ഞാനും രണ്ടു വിൻഡോകാഴ്ച്ചകളിലേക്ക് നിറകണ്ണുകളോടെ നോക്കിയിരിക്കും.  
ഓരോ അവധിക്കാലവും തീരുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ്.  ആ സമയത്തെ അച്ഛന്റെ ഫിലോസഫി..,  കേൾക്കുന്നതേ അരിശമാണ്.  എന്തിനാണ് സങ്കടപെടുന്നത് എന്നു ചോദിച്ചാൽ അറിയില്ല.  അടിയും പിടിയും കരച്ചിലും കൂടിച്ചേരലും അതിനിടയിൽ ഞാൻ നിന്നോട് കൂട്ടില്ല,  അടുത്ത വെക്കേഷന് വരത്തില്ല എന്നതൊക്കെ എത്ര വട്ടം പറഞ്ഞിട്ടുണ്ടാവും.  എന്നിട്ടും പന്ത്രണ്ടു വർഷത്തെ സ്കൂൾ വിദ്യാഭ്യാസ കാലത്ത് ഒരിക്കൽ പോലും മുടക്കിയിട്ടില്ല ആ യാത്രകൾ.  
താഴെയുള്ള ചോട്ടകളെ വെക്കേഷൻ ക്ലാസ്സ്‌ നു പറഞ്ഞു വിട്ട കുഞ്ഞമ്മയോട് എന്ത് ദേഷ്യമായിരുന്നു ! 
മങ്ങി നാരുപൊങ്ങിയാലും ചില വസ്ത്രങ്ങളോടുള്ള പെരുത്തിഷ്ടമാണ് ഓർമകളോടും.  മുഷിഞ്ഞാലും ഇടാതെ ഇരിക്കാൻ തോന്നില്ല.  

കഴിഞ്ഞ രണ്ടു മാസങ്ങൾ ഞങ്ങളുടെ നാലുമുറി കെട്ടിടമാകെ കലപിലകൾ കൊണ്ട് സമൃദ്ധമായിരുന്നു.  അച്ഛനും അമ്മയും വരണം എന്നു പറഞ്ഞെങ്കിലും ഞാൻ സംശയിച്ചു,  സിങ്ക് ആവുമോ എല്ലാരും തമ്മിൽ.  അച്ഛന്റെ കത്തിയടിക്കിടയിൽ മൊബൈൽ ൽ വിരലോടിക്കുന്ന കെട്ടിയോൻ എനിക്ക് പരിചിതമാണ്.  അമ്മയുടെയും ചെങ്ങന്നൂരെയും രുചി 180 ഡിഗ്രി ഓപ്പോസിറ്റും! അത് മാത്രമല്ല 2011 നാണു അവസാനമായി ഒരു മാസം തികച്ചു  ഞാൻ വീട്ടിൽ  അച്ഛനും അമ്മയ്ക്കും ഒപ്പം കഴിഞ്ഞത്.  അച്ഛന്റെ കൂടെ ഇടക്കിടെ കൂടാറുണ്ടെങ്കിലും അമ്മയ്ക്കും അച്ഛനും ഒപ്പം മണിക്കൂറുകൾ മാത്രമേ നിന്നിട്ടുള്ളു കഴിഞ്ഞ വർഷങ്ങളിൽ.  അച്ഛനും അമ്മയും ഇവിടുത്തെ ഒറ്റമുറി സ്വകാര്യതയിൽ ഓക്കേ ആകുമോ?  വീട്ടിൽ താഴത്തെ നില മൊത്തം അവരുടേതാണല്ലോ.. 

ടാ സഞ്ജു, നീ comfy അല്ലേ?  
പോടീ പെണ്ണെ.. നീ ധൈര്യമായി ഇരിക്ക്. 

മൊബൈൽ ഉം ലാപ്ടോപ് ഉം അപഹരിച്ചിരുന്ന ഞങ്ങളുടെ വൈകുന്നേരങ്ങൾക്ക് ഇത്ര ഭംഗിയുണ്ടെന്നു അവർ വരുമ്പോഴാണ് തിരിച്ചറിയുന്നത്.  എന്നെ അസൂയപ്പെടുത്തി അമ്മായിയപ്പൻ മരുമോൻ കോംബോ ആഴത്തിൽ വേരു പടർത്തി.  അമ്മായിയമ്മയുടെ ഗ്രീൻ ടീ ഇല്ലാതെ ഒരു ദിവസം സഞ്ജു തുടങ്ങില്ല എന്നായി,  ഒരു മണിക്കൂറെങ്കിലും അച്ഛനൊപ്പം ചെസ്സ് കളിക്കാതെ ഉറങ്ങില്ലെന്നായി.  പോപ്പി ക്ക് അപ്പനോട് വൻകൂട്ട്.  അമ്മയുടെ പട്ടി പേടി എങ്ങോട്ടോ പോയി.  
വീട് അവരും വീട് അവരെയും ഏറ്റെടുത്തു.  ഡൈനിങ്ങ് ടേബിൾ ൽ ചെന്നിരിക്കുക എന്നത് മാത്രമായി എന്റെ ഭാരിച്ച ജോലി.  പിങ്കി എന്നെ ഉപേക്ഷിച്ചു അമ്മയുടെ മങ്കിന്ദി(മലയാളം +ഇംഗ്ലീഷ് +ഹിന്ദി ) ക്കായി കാതോർത്തു.  സുമൻ അച്ഛന്റെ കിശ്മത്തിനു പങ്കാളിയായി. 
കെട്ടിയോൻ വീട്ടിലെ ഒരു കാര്യോം നോക്കാതെ ഓഫീസ് ലെ തിരക്കുകളിൽ ആനന്ദ നൃത്തമാടി.  അതൊക്കെ അച്ഛൻ മാനേജ് ചെയ്യുന്നുണ്ട് എന്നവൻ ബഡായി പറഞ്ഞു. 
ഞാൻ പതിവുപോലെ അപ്പനോടും അമ്മയോടും അടിയിട്ട് സഞ്ജുനെ കൂടൽ (ശ്രീനു ഇല്ലല്ലോ ) സ്നേഹിക്കുന്നു എന്നു പറഞ്ഞു മൂക്കുചീറ്റി !! 

അച്ഛനും അമ്മയും നാട്ടിലേക്ക് തിരിച്ചു പോയ ദിവസം വൈകുന്നേരം വർഷങ്ങൾക്ക് അപ്പുറത്ത് നിന്നും ആ മൗനം വന്നെന്നെ പൊതിഞ്ഞു.  ശ്രീനുവിന് പകരം സഞ്ജു മറ്റേ വിൻഡോ സീറ്റിൽ ഇരിപ്പ് ഉറപ്പിച്ചിരുന്നു.  

അവന്റെയും എന്റെയും സെന്റിൽ ഇന്ദിരാമ്മ വീണു.  അച്ഛൻ മരിച്ചു കഴിഞ്ഞു മറ്റൊരിടം ഇന്ദിരാമ്മ കണ്ടിട്ടില്ല.  ജോധ്പുർ ഇടക്ക് ഒരു മാസം മകന്റെ കൂടെ താമസിക്കാൻ എത്തിയെങ്കിലും അമ്മ വീര്പ്പ്മുട്ടിയാണ് കഴിഞ്ഞത്. ഇന്ദിരാമ്മ യുടെ ചിട്ടകളും ഞാനും തമ്മിലുള്ള പൊരുത്തം ഇച്ചിരി കോമഡി ആണ്.  രാവിലെ എണീറ്റ് കുളിച്ചു കുറിതൊട്ട് അടുക്കളയിൽ കേറുന്ന മരുമോളാവാൻ ചെങ്ങന്നൂരിൽ നിൽകുമ്പോൾ ഞാൻ തലകുത്തി നിക്കാറുണ്ട്. അമ്മയുടെ ഉപദേശങ്ങളെ ചിറികോട്ടി കാണിക്കുമ്പോൾ അമ്മായിയമ്മയുടെ ഉപദേശം ഭർത്താവിന്റെ സെന്റിമെൻസിനെയും കുടുംബസമാദാനത്തെയും  കരുതി വരവ് വെക്കുകയാണ് പതിവ്.  ഇന്ദിരാമ്മ വന്നു.  അതു വരെ പരിചയമുള്ള അമ്മയെ അല്ല.  എന്റെ മടിയെ പുച്ഛിക്കുന്ന 24*7 ആക്റ്റീവ് ആയ അമ്മയെ കാണുന്നില്ല.  ആകെ നിശബ്ദത. ലൗഡ് സ്പീക്കർ വേണ്ടാത്ത അമ്മ ഒരുമുറിയിലേക്ക് ഒതുങ്ങി.  ഞങ്ങൾ രണ്ടും വീർപ്പുമുട്ടി.  സീരിയലിൽ നിന്നു അമ്മ സീരിയലിലേക്ക് ചാനൽ മാറ്റി.  ആഹാരം പോലും നല്ലത് പോലെ കഴിക്കുന്നില്ല. ഭാഷ പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും പിങ്കി യോട് പോലും മിണ്ടുന്നില്ല.  ഒടുവിൽ റിട്ടേൺ ടിക്കറ് അടുക്കാറായതോടെ അമ്മ അമ്മയായി.  കലപില തുടങ്ങി.  ദിവസവും എണ്ണ തേച്ചു കുളിക്കാത്തതിനും വരപ്പ് എന്നു പറഞ്ഞു ചടഞ്ഞു കൂടി ഇരിക്കുന്നതിനും കുനിഞ്ഞു ഗാർഡനിങ് ചെയ്യുന്നതിനും പാല് കുടിക്കാത്തതിനും എനിക്ക് കിട്ടി തുടങ്ങി. അടുക്കളയിൽ അമ്മ ഗന്ധം പടർന്നു. 
 പിന്നെ വീണ്ടും മൗനം പൊതിഞ്ഞു സ്വരമിടറി അമ്മയും ഫ്‌ളൈറ് കേറി.  

സീരിയൽ ചിലപ്പില്ലാത്ത ഗസ്റ്റ് റൂം ക്രിക്കറ്റ് നു വഴിമാറി.  എന്നിട്ടും പോരാഞ്ഞാവണം മഴവിൽ മനോരമ വെറുതെ ഓൺ ചെയ്ത് സഞ്ജു ബെഡ്റൂമിലേക്ക് അഭയം പ്രാപിച്ചത്. 

രാവിലെ മഴ പെയ്യുന്നു. തലേന്ന് റോഡരികിൽ വീണ മാങ്ങകൾ പെറുക്കി എടുത്ത് സാരിക്കുളിൽ കെട്ടി എടുത്ത് കൊണ്ടു വന്ന കഥ കേൾക്കുന്നില്ല.  നനച്ചിട്ട തുണി പോപ്പി മണത്തു എന്നും കടിക്കാൻ തുടങ്ങി എന്നാ പരാതി കേൾക്കുന്നില്ല.  ടീവി മിണ്ടുന്നതേയില്ല.  

ഭക്ഷണം കഴിക്കുന്നതിനിടെ സഞ്ജു ചോദിക്കുന്നു, 
" ടി അപ്പനേം അമ്മേം ഒന്നുടെ പൊക്കിയാലോ?  ടിക്കറ്റ് എടുക്കട്ടേ... 
അല്ലേ നിന്റെ ഉലകം ചുറ്റും ആങ്ങളയെ നോർത്ത് ഈസ്റ്റ്‌ കാണാമെന്നു പറഞ്ഞു പ്രലോഭിപ്പിക്കാം.  അളിയനെ ഒരു രണ്ടാഴ്ച നൈസ് ആയിട്ട് ഇവിടെ പിടിച്ചു നിർത്താം "

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...