പാതിരാമണൽ...

August 1, 2016 


സൗന്ദര്യമുള്ളൊരു പേര്,  അതു കേട്ടത് ഉച്ചയൂണിന്റെ നേരത്താണ്.  ആകാശമേഘങ്ങളും കായലോളങ്ങളും ഒന്നാവുന്നത് കാണാൻ മഴ വേണമെന്നൊരു കുട്ടി വാശി കുമരകം മുഹമ്മ ജലയാത്ര വനിതാ ദിവസങ്ങളെ ആ മോഹത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നു .  ഒടുക്കം തിരോന്തരത്തെ നട്ടുച്ച വെയിലത്തു SRIBS വഴി കുമരകം എന്ന പ്ലാൻ.  

പത്തു രൂപക്ക് 40മിനിറ്റു നേരം നീണ്ടു നിൽക്കുന്ന ജലയാത്ര.  പായലുകൾ പച്ച വിരിച്ച ങ്ത്തോട്ടിലൂടെയുള്ള യാത്ര 'കാഴ്ച' യിലെ കാഴ്ച്ചകളെ ഓർമിപ്പിച്ചു. ചീനിവലകളും ചൂണ്ടകളും പെട്ടും പെടാതെയും  ഒഴുകി നീങ്ങുന്ന മീൻ കൂട്ടങ്ങളും.  പാത്രം കഴുകിയും തുണി അലക്കിയും വേമ്പനാട്ടു കായലിലെ ഓരോ തുള്ളിയും മേലിലും മനസ്സിലും പേറുന്നവർ.  കരയോട് അടുപ്പിച്ചു നിർത്തിയ പായിപ്പാടൻ ചുണ്ടൻ അടുത്ത മത്സരത്തിനായി തയ്യാറെടുക്കുന്നു. ജലോത്സവത്തിന്റെ വായ്ത്താരകൾ മുഴങ്ങും നിമിഷങ്ങൾക്കകം..ഓളങ്ങൾ തുഴകൊത്ത നൃത്തം ചെയ്യും. ബോട്ടിൽ ഇരിക്കുന്ന ഇരുചക്ര വാഹങ്ങൾ കായലിനോട് പരിഭവിച്ചിരിക്കണം. 'നീയൊക്കെ കരയിലോട്ട് വാടാ' എന്ന് വെല്ലു വിളിച്ചിരിക്കണം. 
കരയുടെ അതിരുകൾ മാഞ്ഞു തുടങ്ങി. പായൽപ്പച്ച പോലും  അതിരിടാത്ത ജലസൗന്ദര്യം.  ഉച്ചവെയിലിലും കുളിർകാറ്റ്.  കയ്യെത്തി പിടിക്കാൻ പാകത്തിന് പഞ്ഞികെട്ടുകൾ ഓളങ്ങളിലേക്ക് ഇറങ്ങി വന്നുകൊണ്ടേയിരുന്നു.  നീർകാക്കകളുടെ അഭ്യാസപ്രകടനങ്ങൾ.  അമ്പലനടയിൽ തൊഴുത് മടങ്ങുമ്പോൾ,  3പേജുള്ള essay പഠിച്ചു പുസ്‌തകം മടക്കുമ്പോൾ ഒക്കെ തോന്നുന്ന ഒരു നിശ്ശബ്ദതയുണ്ട്,  ധ്യാനത്തോട് ചേർന്നു നിൽക്കുന്ന ഒന്ന്‌.  അതു മാത്രമായിരുന്നു പിന്നെ അറിഞ്ഞത്.  ഉറക്കത്തിനും ഉണർവിനും ഇടയിൽ സുഖമുള്ള ഏതോ ശൂന്യത ! 

പാതിരാമണലിന്റെ വട്ട പച്ചപ്പ് കണ്ടുതുടങ്ങിയിരുന്നു.  മുഹമ്മയിൽ നിന്നും അടുത്ത കടവിലേക്ക്.  പിന്നെ ഓളങ്ങളെ കീറിമുറിച്ചു കാറ്റിനൊപ്പം കൂകിവിളിച്ചു സ്പീഡ് ബോട്ടിൽ ആ പച്ചപ്പരപ്പിലേക്ക്.  
കാട്..  ഏഴോളം പാമ്പിനങ്ങൾ ഉണ്ടെന്ന അറിയിപ്പ്,  ജൈവ വൈവിധ്യത്തിന്റെ സൂചികാപലക. 'ക്യാൻസർ പിടിച്ചു മരിക്കുമെന്ന ഉറപ്പിൽ chemistry പഠിക്കുന്ന അത്രയും വരില്ലല്ലോ ഈ പാമ്പുകടി' എന്ന സഹയാത്രികന്റെ കളിയിൽ രണ്ടും കല്പിച്ചു കൽപാതയിലൂടെ നടത്തം അവസാനിപ്പിച്ചു . ചതുപ്പും ചെളിയും അട്ടയും പഞ്ചാരമണലും  പച്ചപ്പും മഞ്ചാടികുരുക്കളും കലംപറ്റിയും.. അറപ്പു അകന്നു  കൗതുകം ഉണ്ടക്കണ്ണുകളിൽ നിറച്ച കുട്ടിയായി ഞാൻ.  

ഓർമകളിൽ ചെളിവെള്ളത്തിൽ ഞാൻ അങ്ങനെ കളിച്ചിട്ടില്ല.  ആ എന്നെയാണ് കായലിനു നടുവിലേക്കിറങ്ങാൻ സഹയാത്റികർ വിളിക്കുന്നത്. അറച്ചും പേടിച്ചും മുട്ടിനു മുകളിൽ ചെളിനിറഞ്ഞ വെള്ളത്തിലൂടെ പൂഴിമണലിന്റെ കായൽത്തട്ടിലേക്ക്.  മടക്കി കുത്തിയ കുർത്ത,  ഷൗൾ,  ചുമലിൽ കിടന്ന ബാഗ്.. നനയുകയാണ്.  കുട്ടിമീനുകളുടെ വളഞ്ഞിട്ട ആക്രമണത്തിൽ ഇക്കിളിയാവുന്ന രോമങ്ങൾ.  കരായാഴത്തിനും കായലിലാഴത്തിനും അതിരിട്ടു നീളൻ സൂചിപ്പുല്ലുകൾ..  പേടിയുടെ വേലിയിറക്കം.  കണ്ണുകളടച്ചു കൈകൾ വിടർത്തി ആ പുല്ലുകളിലേക്ക് നോക്കി നിന്നു. ഒരു വാക്കിനും പകർത്താനാവാത്ത, എന്റെ ഭാഷ നിസ്സഹായമായ, ശ്വാസം പോലും നിശബ്ദം ആസ്വദിക്കുന്ന നിമിഷങ്ങൾ....

നീർക്കോലി കടിച്ചാലും മതിയല്ലോ അത്താഴം മുടങ്ങാണെന്ന ചിന്ത, എന്റെ സ്വപ്നയാത്രകളെ വെറും സ്വപ്നങ്ങളാക്കാൻ ഒരു ചെറിയ അശ്രദ്ധ മതിയാകും. ബുദ്ധിയുടെ കനത്ത മുന്നറിയിപ്പ്! കുനിഞ്ഞു കറുത്ത മണ്ണിൽ നിന്നും കക്കകൾ വാരിയെടുത്തു. കൈക്കുള്ളിൽ ഒരു കായൽ നിശബ്ദമായി മിടിക്കുന്നു... ! പശ്ചാത്തലത്തിൽ  house ബോട്ടുകൾ കരക്കടുക്കുന്നു. 

നനഞ്ഞോന്റെ ഫീൽ നനഞ്ഞോനേ അറിയൂ പുണ്യാളാ... വേരിൽ ചവിട്ടി കുറ്റിച്ചെടിയിൽ പിടിച്ചു കരക്കെത്തുമ്പോഴേക്കും പറങ്കിമാവിന്റെ ചാഞ്ഞചില്ലകളിൽ കുട്ടികൾ സ്ഥാനം പിടിച്ചിരുന്നു.  കൊമ്പുകൾ ഉലച്ചും ചാടികയറിയും അവർ സൃഷ്‌ടിച്ച ഊർജതരംഗംങ്ങൾ വള്ളിയൂഞ്ഞാലിൽ ആടിനോക്കാൻ എന്നെയും പ്രേരിപ്പിച്ചു.  എന്റെ വഴികാട്ടി ഓരോ വള്ളിയിലും പിടിച്ചു തൂങ്ങിയാടി ടാർസനും വെള്ളക്കെട്ടുകൾ ചാടിക്കടന്നു മൗഗ്ലിയും ആവുന്നുണ്ടായിരുന്നു.  കാലടികളെ നോക്കി പുല്ലു ചതഞ്ഞ പാതയിൽ വള്ളികളെ വകഞ്ഞു മാറ്റി നടന്നു.  മുള്ളുകൾ ഇടക്ക് പോറലേല്പിച്ചു, ചുള്ളികമ്പുകളിൽ മുടിയും ഷോളും ബാഗും മുറ പോലെ ഉടക്കിപ്പിരിഞ്ഞു. ഓരോന്നിനും ഓരോ ഭാഷ, വെവ്വേറെ നീറ്റലുകൾ! പുല്ലിന്റെ കുറ്റിച്ചെടികളുടെ വള്ളികളുടെ നിറഭേദങ്ങൾ,  രൂപഭാവങ്ങൾ, നിശബ്ദം പോലും പലത്.  ഇടക്ക് വഴിതെറ്റിയും തിരിച്ചു നടന്നും കാടിനെ നന്നായി അറിഞ്ഞു.  ഒടുവിൽ അരയൊപ്പം വെള്ളമുള്ള ചതുപ്പിലൂടെ കാലുകൾ പുതഞ്ഞും വലിച്ചെടുത്തും അപ്പുറത്തേക്ക്... എത്തീ നമ്മൾ തിരിച്ചെത്തി..  പരിസരം മറന്നൊരു കൂവൽ! 'അതി ' സാഹസികമായ യാത്ര അവസാനിപ്പിച്ച നാവികനെ പോലെ ! 

തിരിച്ചു സ്പീഡ് ബോട്ട് ൽ കയറുമ്പോഴും ചോദിച്ചു കൊണ്ടേയിരുന്നു, ആ വരകളുള്ള കായേടെ പേരെന്താ, മഞ്ഞയും തവിട്ടും ചുമപ്പും കലർന്ന ആ പ്രാണിയേതാ? , മണ്ണുകൊണ്ടും പുല്ലുകൊണ്ടും കണ്ട ആ ഗുഹ എങ്ങനാ ഉണ്ടായേ ? ആ ചളി വെള്ളത്തിനെങ്ങനാ വിനെഗറിന്റെ മണം ? 
പക്ഷേ, എല്ലാത്തിനും മേലേ പൊന്തിവന്ന ചോദ്യം എങ്ങനെ ആളുകൾക്ക് തോന്നി, ആ സ്ഥലത്തു അത്രയും പ്ലാസ്റ്റിക്കു കുപ്പികളും ചെരുപ്പുകളും ഗ്ലാസും ഒക്കെ ഉപേക്ഷിച്ചു അതിന്റെ ഭംഗിയെ കെടുത്താൻ എന്നായിരുന്നു.. !

പ്രിയപ്പെട്ട ആലപ്പുഴ കളക്ടർ, district ടൂറിസം വകുപ്പ് മേധാവികളെ ദയവായി പാതിരാമണലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു ഭംഗിയായി നിർവഹിക്കുക.  പ്രൈവറ്റ് ബോട്ടുകൾക് പകരം സർക്കാർ ബോട്ടുകൾ വരികയും, ആഴം കുറഞ്ഞ ഭാഗത്തുമുൻകരുതലുകൾ എടുത്തുകൊണ്ട് ഇറങ്ങാൻ വഴിയൊരുക്കുകയും ചെയ്താൽ നന്നായിരുന്നു എന്നപേക്ഷ !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...