നീലിച്ചൊരോർമ്മ...

January 13, 2020

   "എന്തൊരു അമ്മയാ നീ? "

"നീയൊക്കെ ഒരു അമ്മയാണോ??  "

കഴിഞ്ഞ രണ്ടുമാസമായി ഞാൻ കേൾക്കുന്ന ഡയലോഗ് ൽ എനിക്ക് ഏറ്റവും വിഷമമുണ്ടാക്കുന്ന ഡയലോഗ് ആണിത്.  ആളോളുടെ വാ മൂടി കെട്ടാൻ നമുക്ക് പറ്റില്ലല്ലോ,  കേൾക്കുക തന്നെ ! 
ഇങ്ങനെ നിരവധി അനവധി ഡയലോഗുകൾ സ്ഥാനത്തും അസ്ഥാനത്തും കേട്ട് ഞാൻ ഇപ്പൊ എന്റെ കുഞ്ഞിനെ കുളിപ്പിക്കാറില്ല,  പബ്ലിക് ആയി കൊഞ്ചിക്കാറുമില്ല,  ആഗ്രഹം ഇല്ലാഞ്ഞല്ല,  "അമ്മകണ്ണു " വരെയുള്ള നാടാണ് നമ്മുടെ കേരളം ! കുഞ്ഞു എന്തിനു കരഞ്ഞാലും പഴി അമ്മക്കാണ്,  കുഞ്ഞിന് എന്ത് അസുഖമുണ്ടായാലും അമ്മ കഴിച്ച ആഹാരത്തിന്റെയാണ്,  അതു ഹൃദ്രോഗം മുതൽ വയറിളക്കം വരെ.  കുഞ്ഞിന് വെയിറ്റ് വെക്കാത്തതും അമ്മ കാരണം തന്നെ ! 
നിരവധി അനവധി ഉപദേശങ്ങളിൽ ഏത് തള്ളണം ഏത് കൊള്ളണം എന്നറിയാതെ ഞാൻ വലഞ്ഞിട്ടുണ്ട്.  എന്റെ അനുവാദത്തോടെയും അല്ലാതെയും നടപ്പിലാക്കിയ പരീക്ഷങ്ങളെ ഓർത്തു കരഞ്ഞിട്ടുണ്ട്. 

കുഞ്ഞിന്റെ നിറമാണ് മറ്റൊരു പ്രശ്നം.. 
"കുഞ്ഞിനു അവളുടെ അച്ഛന്റെ നിറമാണല്ലോ " 
തൊട്ട് "അയ്യോ..  കുഞ്ഞു കറുത്തിട്ടാണല്ലോ..  ചെവി നോക്ക്,  അവൾ ഇനിയും കറക്കും " വരേയ്ക്കും ഇത് നീളും.  
ബ്ലാക്ക് ഈസ്‌ ബ്യൂട്ടിഫുൾ എന്ന് പറഞ്ഞോണ്ട് നടന്നിട്ടും എഴുതാൻ സുഖമില്ലാത്ത ചില പറച്ചിലുകൾ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്,  'കറുത്ത നിറമുള്ള ,  ചുരുണ്ട മുടിയുള്ള  ഉണ്ടക്കണ്ണിയെ ' വേണം എന്നാഗ്രഹിച്ച ഭർത്താവിനോട് ഇതെല്ലാം കെട്ടു ഞാൻ കയർത്തിട്ടുണ്ട്,  പക്ഷേ ഇപ്പൊ "കെട്ടിയോന്റെ നിറം മാത്രമല്ല,  സ്വഭാവവും കൂടി കിട്ടിയാ മതിയായിരുന്നു " എന്ന് പറയാൻ പഠിച്ചു ! അതോടെ ആ ചൊറി വന്ന വഴിക്ക് മടങ്ങി. 

ഇതൊക്കെ എന്റെ മാനസിക ആരോഗ്യത്തെ മോശമായി തന്നെ സ്വാധീനിച്ചിരുന്നു,  ഇപ്പോഴും ചെയ്യുന്നുണ്ട്,  പക്ഷേ പഴയ മൂർച്ച ഇല്ല എന്ന് മാത്രം ! 
കഴിഞ്ഞ ഒരാഴ്ച്ച ആയി,  കൃത്യമായി പറഞ്ഞാൽ "പോസ്റ്റുപാർട്ടം ബ്ലൂ " ആണെന്ന് സ്വയം തിരിച്ചറികയും കൗൺസിലിംഗ് നു ശേഷം അതിനു ഗുളിക വേണ്ട എന്നൊരു തീരുമാനം എടുക്കേണ്ടി വന്നപ്പോൾ മുതൽ ഞാൻ ആലോചിക്കുന്ന കാര്യമുണ്ട്,  

"നമ്മൾ നല്ല അമ്മയാണോ എന്ന് വിലയിരുത്താൻ ആർക്കാണ് അവകാശം??  "

എന്റെ കുഞ്ഞു അവൾക്ക് തിരിച്ചറിവാകുമ്പോൾ നിങ്ങൾ നല്ലൊരു അമ്മയാണ് എന്നോ,  അല്ലെങ്കിൽ അമ്മയാകാൻ ഒരുങ്ങുമ്പോൾ എനിക്ക് നിങ്ങളെ പോലെ ഒരു അമ്മയാകണം എന്ന് പറയുകയാണെങ്കിൽ അതാവില്ലേ എനിക്ക് കിട്ടാവുന്ന ലോട്ടറി ! 
അതിനു മുന്നെ,  ആരെന്തു പറഞ്ഞാലും എനിക്കെന്താണ് ! 
അവൾ കളിക്കുമ്പോൾ അല്ലെങ്കിൽ ഉറങ്ങിക്കിടക്കുമ്പോൾ ഞാൻ പാട്ടുകേൾകുകയോ fb യോ വാട്സ്ആപ്പ് ഓ ഉപയോഗിക്കുകയോ ഗെയിം കളിക്കുകയോ പുറത്തേക്ക് പോകുകയോ ചെയ്താൽ എന്താണ് തെറ്റ്? ! 

ഗർഭിണി ആയ സമയത്ത് പെയിന്റിംഗ് ചെയ്യുന്നതിനെ ഒരുപാട് പേര് വിമർശിച്ചിരുന്നു..  ഗാർഡനിങ് ചെയ്യുമ്പോൾ, രാത്രി നടക്കാൻ ഇറങ്ങുമ്പോൾ,   "ഈ സമയത്ത് ഇങ്ങനെ ചെയ്യല്ലേ "എന്ന് പറഞ്ഞിരുന്നു.  രണ്ടുതവണ നീന്താൻ പോയപ്പോഴും അരുത് എന്നായി..  എന്നാൽ എന്റെ തൊട്ട് പുറകിൽ താമസിച്ചിരുന്ന സ്ത്രീ ഡെലിവറി ക്ക് രണ്ടാഴ്ച മുന്നെ വരെ എല്ലാ ദിവസവും ബാഡ്മിന്റൺ കളിച്ചു,  സി സെക്ഷൻ ലൂടെ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത  ഒരു കുഞ്ഞിന് ജന്മവും നൽകി.  

ആയുർവ്വേദം കഴിച്ചില്ലെങ്കിൽ (ഒരാഴ്ച കഴിച്ചു പൈൽസ് ആയി ചോര പോകുന്ന അവസ്ഥയിൽ എത്തിയിരുന്നു ഞാൻ ),  അതിരാവിലെ കുളിച്ചില്ലെങ്കിൽ,  നല്ല ഡ്രസ്സ്‌ ധരിച്ചാൽ (അമ്മയ്ക്കും കണ്ണുപെടും ) ഒന്നും സംഭവിക്കില്ല എന്ന തിരിച്ചറിവ് വന്നതേ ഒള്ളൂ.  

ആരെയും കുറ്റം പറയാൻ കഴിയുകയില്ല ശീലിച്ചു വന്നതാണ്,  മാറ്റാൻ പാടുപെടും.  ഒരു പുതിയ അമ്മക്ക് രണ്ടും മൂന്നും പെറ്റ കഥകൾ കേൾക്കുമ്പോൾ പരീക്ഷണങ്ങൾക്ക് നിന്നു കൊടുക്കാനും തോന്നും,  സ്വാഭാവികം ! 

ടെൻഷൻ കേറി പ്രാന്തായി "അവനെ" വിളിക്കുമ്പോൾ ആശ്വാസം നൽകുന്ന ഒരു വാക്കുണ്ട്, 
"എടീ നിന്റെ കയ്യിൽ ഉള്ളിടത്തോളം അവള്ക് ഒന്നും വരില്ല,  നിന്നെക്കാൾ സേഫ്റ്റി യും സെക്യൂരിറ്റി യും വേറെ ആരാ മോൾക്ക്.  പിന്നെ കേള്കുന്നതെല്ലാം കേൾക്കുക,  നിനക്ക് ചെയ്യേണ്ടത് ചെയ്യുക.  ആരെയും നമുക്ക് തിരുത്താൻ പറ്റില്ല,  പറഞ്ഞു നോക്കിട്ട് കേൾക്കുന്നില്ലേ എന്തേലും വന്നാൽ നമുക്ക് ഹോസ്പിറ്റലിൽ പോകാമല്ലോ.  പിന്നെ റെസ്‌പെക്ട് ദെയ്ർ എക്സ്പീരിയൻസ് ടൂ.  ഒരു കുഞ്ഞു വരുമ്പോ എല്ലാവർക്കും കാണും അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ.  ലെറ്റ്‌ ദേം ഡൂ..  ഡോണ്ട് വറി " 

പണ്ട് കോളേജ് ൽ പഠിക്കുമ്പോ രണ്ടു തവണ മാത്രം മിണ്ടിട്ടുള്ള സീനിയർ ചേച്ചിയുണ്ട്,  രണ്ടൂസം മുന്നെ ആദ്യ ചാറ്റ് ൽ പുള്ളിക്കാരി പറഞ്ഞത് കൂടി ചേർത്താൽ മാത്രമേ കഥ പൂർത്തിയാവൂ..  
"നമ്മൾ ആദ്യം നമ്മളെ തന്നെ നോക്കിയാൽ മതി,  പിള്ളേർ വളർന്നോളും" 

ശരിയാണ് അവർക്ക് നൽകാൻ പറ്റുന്ന നല്ല ഭാവി ആരോഗ്യമുള്ള സമാധാനമുള്ള നമ്മളെ തന്നെയല്ലേ !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...