പട്ടാളകഥകൾ

December 11, 2018

രാവിലെ ഉദ്ധവും ഞാനും കൂടി കത്തിയടിയിൽ ആയിരുന്നു.  ഉദ്ധവ്  വീട്ടിൽ  സഹായിക്കാൻ വരുന്ന ആസാമി പയ്യൻ ആണ്.  ഇരുപത് ഇരുപത്തിരണ്ട് വയസ്സുകാണും.  
ആസാമി പഠിക്കലാണ് ഇപ്പഴത്തെ വിനോദം.  ചിപ്പു നു എന്നേം എനിക്ക് ചിപ്പുനേം ബഹുമാനമായത് കാരണം ഉദ്ധവ് ആണ് കത്തിയടി കൂട്ട്.  
കുകുട് പുവാലി എന്നാണ് അവൻ പട്ടികുട്ടിയെ പറയുക.  (പൂവാലി, പശു അല്ലെ എന്ന് ചോദിക്കരുത് പുആലി പ്വാലി എന്നതിന്റെ ഇടക്കാണ് ഇതിന്റെ ഉച്ചാരണം.. )  മെഖുയി എന്ന് പൂച്ചയെയും വിളിക്കും .  
ആഹാ കൊള്ളാലോ!!  എങ്കി പിന്നെ മൊത്തത്തിൽ അങ്ങ് പഠിച്ചു കളയാം കരുതി.  

കയ്യിലിരുന്ന ഓറഞ്ച് (അവനു നേരെ നീട്ടി, അവൻ വാങ്ങില്ല ഉറപ്പാണ്).  അത് അവനു കോംല ആണ് വാഴപ്പഴം കോൾ ഉം.  ഓമയ്ക്ക അമിതയും.   എല്ലാം ഇംഗ്ലീഷ് ൽ എഴുതിയെടുത്ത് നന്ദി സൂചകമായി അവനെ മലയാളം പഠിപ്പിക്കാൻ പുറപ്പെട്ടു.  പൂച്ച യൊക്കെ അവന്റെ കയ്യിൽപെട്ടു പിച്ചയും പ്യൂച്ചയും  പോച്ചയുമായി.  അങ്ങനെ പഠിച്ചും പഠിപ്പിച്ചും തളർന്നിരിക്കുമ്പഴാണ് അവൻ അത് ചോദിച്ചത്. 

"ആപ് ആസാമി ക്യോം സിഖേ "
മിണ്ടാൻ അല്ലാണ്ടെന്തിനാ എന്ന് ഞാൻ.  
"എഹാം ആസാമി ബോൽ നേ സെ ശരം ആത്തെ ഹൈ ലോഗോം കോ.  ബസ് ഏകി മാഡംബാത്ത് കർത്തെ ഹൈ , വോ ഗോഹട്ടി സെ ഹൈ" 
(കഴിഞ്ഞ ഞായറാഴ്ച ചോദിക്കണ്ടും പറയാണ്ടും ദോശ തട്ടാൻ വന്ന സംഘത്തിൽ അവളും ഉണ്ടായിരുന്നു.  മസാലദോശ തിന്നാൻ പ്ലാൻ ചെയ്ത എനിക്ക് അന്ന് പ്ലെയിൻ ദോശ തിന്നു തൃപ്തി അടയേണ്ടി വന്നു.  ആ കലിപ്പാണ് ആസാമി പറയുന്നു എന്നാ ഒറ്റ കാരണത്താൽ ഞാൻ മാപ്പാക്കിയത് !)

പിന്നവൻ പറഞ്ഞത് സ്വന്തം സംസ്കാരത്തെ  തള്ളി പറയുന്നവരെ കുറിച്ചാണ്.  ഞാൻ അവനോട് എന്ത് പറയാൻ.. 
പത്തിരുപതു വർഷം നാട്ടിലുണ്ടായിട്ടും മലയാളം പറയാത്തവരെയും മലയാളം അറിയാത്ത അവരുടെ മക്കളെയും ഞാനും കണ്ടിരുന്നല്ലോ. 
എന്തെങ്കിലും പറഞ്ഞെ പറ്റൂ..  
മനസ്സിൽ കെട്ടിയോൻ എനിക്ക് തന്ന വിവിധങ്ങളായ മറുപടികൾ ധ്യാനിച്ച് അവനോട്  അതങ്ങ് പറഞ്ഞു.. 

"യെ മിക്സഡ് കൾചർ ഹേ ന.  ഇസ്ലിയെ വോ ഐസ കർത്തെ ഹേ.  ഹിന്ദി ഔർ ഇഗ്ലീഷ് സബ് ജാൻതേ ഭി ഹൈ ന.  " 

ഉവ്വ.  തേങ്ങാക്കൊല.  ജാടതെണ്ടി ആസാമികളാണ് സ്വന്തം നാട്ടിലെ ജോലിക്കാരോട് ഇംഗ്ലീഷ് പറയുന്നേ.  എന്തോന്ന് മിക്സഡ് കൾച്ചർ..  ഭാഷ ആശയ വിനിമയത്തിന് മാത്രം എന്നതൊക്കെ പോട്ടെ.  മാതൃഭാഷ യെ തിരസ്കരിക്കാൻ പാടുണ്ടോ..  ദൈവമേ,  ഞാൻ ചിന്തിക്കുന്നത് പോലും അവൻ വായിച്ചെടുക്കല്ലേ.  ഗോസ്സിപ് കോളത്തിന്റെ ഹെഡ് ലൈൻ ൽ ന്റെ പേരും വരും. 

"ഛ്ഓടിയെ മാം,  ആപ് ഭി ജാൻതേ ഹൈ ഔർ ഹം ഭി "
അവൻ ഓടി,  അവനിട്ടിട്ടു പോയെന്റെ വാലിൽ പിടിച്ചു ഞാനിരുന്നു.  
ബംഗാളിയും പഞ്ചാബിയും ആസാമിയും മലയാളിയും ഉൾപ്പെടെ ആരു പേര് വിളിച്ചാലും എന്തോ എന്ന് മാത്രം വിളി കേക്കാൻ അറിയുന്ന, ഇംഗ്ലീഷും ഹിന്ദിയും പറഞ്ഞു വിയർത്തു കിതച്ചു വീട്ടിൽ വന്നു മലയാളം ചാനൽ വെച്ചു സമാശ്വസിക്കുന്ന ഞാൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...