ബിഹു എന്ന ആസാമി വിഷു !

April 10, 2019



മലയാളിക്ക് കേട്ടു പരിചിതമായ ഉത്സവം തന്നെയാണ് ബിഹു.  പക്ഷേ ബിഹു വിനു വീട്ടിൽ പോകാൻ പിങ്കി മോൾ ലീവ് ചോദിച്ചതോടെ ഞാൻ പെട്ടു ! ലീവ് ചോദിച്ച കൂട്ടത്തിൽ നാട്ടിൽ നിന്നും തിരിച്ചു വരുമ്പോൾ മേഘല ചാന്ദർ (സാന്ദർ എന്നും പറയുംപോലും) കൊണ്ട് വരാമെന്നു പറഞ്ഞത് കൊണ്ടു ഞാൻ ഹാപ്പി.  

ഈ വിഷു പോലെ ബിഹു വും കാർഷിക ഉത്സവമാണ്. ബൊഹഗ്‌  ബിഹു എന്ന ഈ ബിഹു ഇവർക്ക് പുതുവർഷം കൂടിയാണ് .  ചെറിയ പെരുന്നാളും വലിയ പെരുന്നാളും പോലെ ഇവർക്ക് മറ്റൊരു ബിഹു കൂടിയുണ്ട്,  ഒക്ടോബർ ൽ.  കാട്ടി  ബിഹു. (വിക്കിപീഡിയ യിൽ ജനുവരി യിലുള്ള മൂന്നാമതൊരു ബിഹുവിനെ കുറിച്ച് കണ്ടെങ്കിലും പിങ്കി അതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടില്ല. ഈ ബിഹു പിങ്കി യുടേതായതു കൊണ്ടു ഞാൻ അതിലേക്ക് പോകുന്നതും ഇല്ല )  

ഇവരുടെ വിശ്വാസം ഏപ്രിലിലെ ബിഹു വിന്റെ അന്നു  ഇല കൊഴിഞ്ഞു നിൽക്കുന്ന മരങ്ങൾ വീണ്ടും തളിർക്കാൻ തുടങ്ങുമെന്നാണ്.  അന്നത്തെ ദിവസം പശുവിനെയും ആടിനെയും ഒക്കെ  മഞ്ഞൾ തേച്ചു കുളിപ്പിക്കുന്നു. ഉഴുന്ന് പൊടിയാണ് സോപ്പ് നു പകരം ഉപയോഗിക്കുക. എന്നിട്ട് പശുവിനു മഞ്ഞക്കുറി തൊട്ട് പുതിയ മൂക്ക് കയറും ഇടീപ്പിക്കും.  ഇതിനൊക്കെ പേരുണ്ട് കേട്ടോ; `ഗോരു ബിഹു´.  ഇത് കഴിഞ്ഞ് എല്ലാ മനുഷ്യന്മാരും ഇത് പോലെ മഞ്ഞളും ഉഴുന്നുപൊടിയും ഉപയോഗിച്ച് കുളിച്ചു പുതിയ ഉടുപ്പൊക്കെ ഇടും.  ഈ ബിഹുവിനു വീട് വിട്ട് പോകാൻ ആർക്കും അനുവാദമില്ല.  ഓണത്തിന് ചൂലെടുക്കരുത് പറയുംപോലെ ബിഹുവിനു തുണിയലാക്കാൻ പാടില്ലത്രേ.  
മുതിർന്നവർക്കെല്ലാം പുതിയ ഉടുപ്പും സമ്മാനങ്ങളും വാങ്ങിച്ചു അവരുടെ കാൽ തൊട്ട് തൊഴണം ബിഹുവിനു.  മുതിർന്നവർ കുട്ടികൾക്കും സമ്മാനങ്ങൾ നൽകും.  മൊത്തത്തിൽ പൈസ പോകുന്ന വഴി അറിയുകയേ ഇല്ല.  

ശർക്കര വരട്ടി,  ഉപ്പേരി പോലുള്ള ഓണവിഭവങ്ങൾ പോലെ ഗുലാ പിതാ,  ഗില പിതാ (ഇന്നലെ ഉണ്ടാക്കിയ ഉണ്ണിയപ്പ ബ്രോ ),  കോക്കനട്ട് ലരൂ (ലഡു )ഇവയൊക്കെയാണ് ബിഹു വിഭവങ്ങൾ.  ഈ ഗുലാ പിതാ നമ്മുടെ ഗോതമ്പ് ദോശക്കുള്ളിൽ തേങ്ങയും ശർക്കരയും വെച്ച് ചുട്ടുടുക്കുംപോലെ എന്തോ ആണെന്നാണ് പിങ്കി പറഞ്ഞതിൽ നിന്നും മനസ്സിലായത്.  ലീവ് കഴിഞ്ഞു വന്നിട്ടേ അത് ഉണ്ടാക്കൂ.  :( 

നമ്മുടെ സെറ്റും മുണ്ടും ഇവർക്കുമുണ്ട് കേട്ടോ.  അതാണ് മേഘല സാന്ദർ.  മേഘല മുണ്ടാണ്.  സാന്ദർ മേല്മുണ്ടും.  ഛന്ദർ നു പ്ലീറ് എടുക്കുന്നത് ത്രികോണാകൃതിയിൽ ഇതിരി ഏങ്കോണിച് ആണ് . കോട്ടൺ തുണിയിൽ ചന്ദന കളറിൽ,  ചുവന്ന ബോർഡറോഡ് കൂടിയാണ്  ബിഹു  വിനു ഇവ വിപണിയിലെത്തുക. ബിഹുവിന്റെ നിറം തന്നെ ക്രീമും ചുവപ്പുമാണ്. ജാപ്പി,  ഗമൂസ അങ്ങനെ എല്ലാം ഈ കളർ കോഡ് ലാണ് വരിക  .. മേഘല ചന്ദർ  കടും നിറങ്ങളിലും പല തുണിത്തരങ്ങളും ഇവ കിട്ടും.  നല്ല പട്ടിന്റെ മേഘല ചാന്ദർ നു 20000 രൂപക്ക് മുകളിൽ പോകുമത്രേ ! 
മുള,  ചൂരൽ തുടങ്ങിയവ ആസാമിൽ സുലഭമാണ്.  ചൂരലിന്റെ 5 സീറ്റർ സോഫ സെറ്റിയൊക്കെ 2000 രൂപക്ക് കിട്ടും.  മുള കൊണ്ടു നിർമിച്ച കോൺ തൊപ്പി,  ജാപ്പി യും ബിഹു വിന്റെ അലങ്കാരങ്ങളിൽ പെടും.  മലയാളിക്ക് ആറന്മുള കണ്ണാടി പോലെയാണ് ഇവർക്കു ഈ ജാപ്പി.  വീടിന്റെ മുൻ വാതിലിനു അടുത്തായി ജാപ്പി തൂക്കിയിട്ടാൽ ഐശ്വര്യം വരുമത്രെ.  
മദ്ദളം പോലുള്ള,  ധ്ഹൂൽ ഒരു വശം കൈകൊണ്ടും മറ്റൊരു വശം കമ്പു കൊണ്ടും കൊട്ടുന്ന വാദ്യോപകരണമാണ്. ഇത്  വായിക്കുന്ന ആളെ ധൂലിയ എന്നാണ് വിളിക്കുക.  ഇയാളുടെ തലക്കെട്ടിനു ഗമൂസാ എന്നും പറയും. ക്രീം തുണിയിൽ മൂന്നു അരികുകകളിലും  ചുവന്ന ബോർഡറോട് കൂടി വീതികുറഞ്ഞ സൈഡ് ൽ ചുവന്ന വലിയ ഡിസൈനിൽ ആണ് ഗമൂസ എന്ന ഷാൾ വരിക.  വിയർപ്പ് തുടക്കുന്ന തുണിക്ക് അപ്പുറം ആദരവും ഭക്തിയുമൊക്കെ ഈ ഗമൂസ സൃഷ്ടിക്കും.  ഇനി ഒരു കൊമ്പ് വേണം,  വളഞ്ഞ മ്യൂസിക് ഉപകരണത്തിന്റെ പേരാണ് പെപ്പ.  പിങ്കി പറയുന്നത് എരുമയുടെ വളഞ്ഞ കൊമ്പിൽ നിന്നാണ് ഇത് ഉണ്ടാക്കുന്നത് എന്നാണ്.    ഇത്രയും ഉണ്ടെങ്കിൽ ഡാൻസ് ഉം ചെയ്ത്,  ക്രിസ്റ്മസ് കരോൾ സംഘത്തെ പോലെ വൈകുന്നേരം വീട് വീടാന്തരം ചുറ്റിയടിക്കാം. പിന്നെ ഇലത്താളം,  ഓടകുഴൽ,   മുള കൊണ്ടുണ്ടാക്കിയ ഗോഗോന, 
തോക്ക   ഇവയൊക്കെ ഉണ്ടെങ്കിൽ സംഗതി പൊളിച്ചു. മേഘല ചന്ദർ ഉടുത്ത പെൺകുട്ടി,  മുടിക്ക് വട്ടം ചുറ്റി,  തിരുവാതിരക്ക് മുല്ലപ്പൂ വെക്കും പോലെ ഒരു കുല വെളുത്ത കൊപൗ ഓർക്കിഡ്  വെക്കും.   അവളാണ് നാസൗനി എന്ന കരോൾ സംഘത്തിലെ നൃത്തകി.  ചെറിയ കുട്ടികളാണ് ഗ്രാമങ്ങളിൽ കൂടുതലായും നാസൗനി ആവുക.
  
ഒന്നാം ദിവസത്തെ ഗംഭീര കലാപരിപാടികൾക്ക് ശേഷം  കുറച്ചു പൂജയും വഴിപാടും കഴിച്ചു തുടർന്നുള്ള ആറു ദിവസങ്ങൾ ബന്ധുജന സന്ദര്ശനത്തിന്റേതാണ് ആസാമികൾക്.  പത്തു ദിവസമുള്ള ഓണത്തിൽ തിരുവോണം പോലെ ഒരു ദിവസമാണ് ഇവർക്കു കെങ്കേമം.

തേജ്പൂരിലെ ബിഹു ചിത്രങ്ങൾ പിങ്കി തിരികെ എത്തിയ ശേഷം കാണാം.  അതു വരെ ഗൂഗിൾ തന്ന പടങ്ങൾ ആവട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...