July 3, 2016

കാര്യവട്ടം ക്യാമ്പസ്സിലേക്കുള്ള പതിവ് യാത്രകൾക്കിടയിൽ കേശവദാസപുരത് ഇറങ്ങേണ്ടി വരുമ്പോൾ വെറുതേ മനസ്സ് കൊണ്ട് എത്തിനോക്കും FCI യുടെ എതിർ ഭാഗത്തുള്ള സാകേതം എന്ന വീട്ടിലേക്ക്.  
പത്താം ക്ലാസ്സിന്റെ അവസാന ദിവസങ്ങളിൽ ഒന്നിൽ യൂണിവേഴ്സിറ്റി സ്കൂളിന്റെ നീളൻ വരാന്തയിൽ വെച്ചാണ് ആദ്യമായി ആ വിലാസം നീല പേജുകളുള്ള എന്റെ ഓർമപുസ്തകത്തിൽ പതിയുന്നത്.  "എവിടെ ആണെങ്കിലും ഏതു രംഗത്താണെങ്കിലും സത്യസന്ധതയോടെ ആത്മാർഥതയോടെ പ്രവർത്തിക്കുക " മറുപുറത്തിൽ അങ്ങനെ എഴുതി ചേർത്തിരുന്നു സാകേതത്തിലെ ഗൃഹനാഥൻ,  എന്റെ ഹരിദാസ് സർ.  മടിച്ചിയും ആത്മവിശ്വാസം കുറഞ്ഞവളുമായ എന്നെ പത്താം തരത്തിലെ ഫുൾ A Plus വരെ എത്തിച്ചത് ആ അദ്ധ്യാപകന്റെ കഴിവായിരുന്നു എന്നു പറയാതെ വയ്യ.  ഒരു നോട്ടം തന്നെ തെറ്റിപ്പഴവും ചൂരൽ വടിയും ആയിരുന്ന കാലം.
  
"അഞ്ഞൂറു വയസ്സുള്ളൊരപ്പൂപ്പന്മാരിപ്പോൾ കുഞ്ഞായിട്ടിരിക്കുന്നു,  അപ്പൂപ്പൻ അവർക്കുണ്ട് " എന്നു അയ്യായ യു പി സ്കൂളിലെ മരച്ചുവട്ടിൽ ഇരുന്നു മനോജ് സർ നോടൊപ്പം ഏറ്റു ചൊല്ലിയത് ഇപ്പോഴും ഓർമ്മയുണ്ട്.  പക്ഷേ,  മലയാളം എന്ന ഭാഷയെ  ചങ്കിൽ ചേർത്ത് വെച്ചത് ഹരിദാസ് സർ ആയിരുന്നു. ഒരു പത്താം ക്ലാസ്സ്‌ സിലബസിനപ്പുറം അറിവുകൾ ആ ക്ലാസ്സിൽ ഞങ്ങളെ തേടിയെത്തി. മണിപ്രവാളം എന്താണെന്നും തുള്ളൽ എത്ര തരം ഉണ്ടെന്നും കഥകളിയുടെ വിവിധ ഘട്ടങ്ങളും പറഞ്ഞു തന്നത് സർ ആണ്. മാസാമാസം എണ്ണി വാങ്ങുന്ന നോട്ടുകളേക്കാൾ ഞങ്ങളുടെ മുഖത്തു പൊട്ടിവിടരുന്ന ഭാവങ്ങളെയാകാം സർ സ്നേഹിച്ചിരുന്നത്.  സാർ ന്റെ ഇഷ്ടം പിടിച്ചു വാങ്ങാൻ വളരെ ആത്മാർഥതയോടെ ആണ് പരീക്ഷ എഴുത്ത്.  ഒന്നാമാതാവുക എന്നതിൽ കുറഞ്ഞു ഒന്നും തൃപ്തി തരില്ല.  

എന്നാലും ആ കാലയളവിൽ ഒരിക്കൽ പോലും നിഷാന യുടെ തൊട്ട് പിന്നിൽ അല്ലാതെ ഞാൻ വന്നിരുന്നില്ല.  അവളുടെ ഭാഷയോടും അവതരണശൈലിയോടും ആരാധന കലർന്ന അസൂയ വെച്ചുപുലർത്തിയിരുന്നു ഞാൻ.  ടോട്ടോച്ചാൻ എന്ന പുസ്തകത്തെ കുറിച്ചുള്ള അവളുടെ വിവരണം രണ്ടു കണ്ണിലും തിരി കത്തിച്ചാണ് കേട്ടിരുന്നത്.  പിന്നീട് മറ്റൊരു സഹപാഠിയുടെ വിവാഹത്തിന് കണ്ടുമുട്ടിയപ്പോൾ അവൾ പറഞ്ഞു,  'നീ ഇപ്പോഴും എഴുതാറുണ്ടോ,  എനിക്ക് ആ കഴിവ് പോയി എന്നാ തോന്നുന്നത് '.  ഡോ.  നിഷാന ആയി മാറുന്നതിനിടയിൽ ആ കഴിവ് കൈമോശം വന്നിരിക്കുമോ,  ഇല്ല അവളുടെ കണ്ണുകളിൽ ഇപ്പോഴും ഉണ്ട് അക്ഷരങ്ങളെ കുറിച്ചു പറയുമ്പോഴുള്ള നക്ഷത്രങ്ങൾ.  നിന്നോളം എന്നെ അസൂയപ്പെടുത്താൻ മറ്റാർക്കും കഴിഞ്ഞിട്ടില്ലെടി എന്നു പറഞ്ഞില്ല, അവളോടൊഴികെ എത്ര പേരോട് ഞാൻ അത് പറഞ്ഞിരിക്കുന്നു. 
പറഞ്ഞു വന്നത് ഹരിദാസ് സാർ നെ കുറിച്ചാണ് . 2006 ൽ ഞങ്ങൾക്ക് പുറകെ സാർ ഉം യൂണിവേഴ്സിറ്റി സ്കൂളിനോട് ബൈ പറഞ്ഞു.  കഴിഞ്ഞ 10വർഷങ്ങൾക്കിടയിൽ 5തവണ പോലും സാർ നെ വിളിച്ചിരിക്കയില്ല,  എങ്കിലും നൂറായിരം തവണ ഓർത്തിരിക്കണം.  

2015 ലെ ഒരു കിറുക്കൻ വൈകുന്നേരം കോട്ടയത്ത് വെച്ചു നിതിനൊപ്പം കഥകളി കാണാൻ പോയപ്പോൾ,  അവൻ ചോദിച്ചു 'നീ ഹരിദാസ് സാർ നെ വിളിക്കാറുണ്ടോ ?' സമാന്തര പാതയിൽ എന്റെയും ഓർമ്മകൾ പിന്നോട്ട് നടക്കുന്നുണ്ടായിരുന്നു. 
 അടുത്ത ആഴ്ച വനിതയ്ക്കു വേണ്ടി  ഒരു അഭിമുഖത്തിനായി തിരുവനന്തപുരത്തു ചെന്നപ്പോൾ അവിചാരിതമായി സാർ ന്റെ വീട്ടിലേക്കു പോയി.  ഒൻപത് വർഷങ്ങൾക്കു ശേഷമുള്ള കൂടി കാഴ്ചയിലും എന്നെ അത്ഭുതപ്പെടുത്തി സാർ സഹപാഠികളുടെ പേരു പറഞ്ഞു കുശലാന്വേഷണം നടത്തി.  എഴുത്ത് വിട്ടിട്ടില്ല അല്ലേടോ എന്നു സ്നേഹപൂർവം ആരാഞ്ഞു. കിട്ടിയ ചാൻസ് മുതലാക്കി MG ൽ ചെറുകഥ ക്ക് ഗ്രേഡ് കിട്ടിയതും വനിതാ വിശേഷങ്ങളും ഞാൻ ഒന്നും വിടാതെ പറഞ്ഞു കേൾപ്പിച്ചു. പഴയ പത്താം ക്ലാസ്സുകാരി ആയി തന്നെ.
നാളെ എപ്പോഴെങ്കിലും ഒരു വാദ്യാർ കുപ്പായം എടുത്തണിയേണ്ടി വരുമ്പോൾ മുന്നിലിരിക്കുന്ന കുട്ടികളെക്കാൾ മനസാക്ഷിക്ക് ഉത്തരം പറയേണ്ടി വരിക മുന്നിൽ നിന്ന അധ്യാപകരോടാകും. തീർച്ച !

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...