November 24, 2018

2003 ഏപ്രിൽ ഒന്ന്,  സമയം വൈകിട്ട് അഞ്ചര 
ഏതോ ഹൊറാർ മൂവി കണ്ടോണ്ടിരുന്ന ഞായർ വൈകുന്നേരം,  അച്ഛൻ,  അമ്മ, ചേട്ടൻ അങ്ങനെ എല്ലാരുമുണ്ട് ടീവീ ടെ മുന്നിൽ. 
 "പാറു... പോയി വിളക്ക് കത്തിക്കാൻ റെഡി ആക്കിയേ "  
അമ്മ പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല. പണ്ടാരം ന്റെ സിനിമ പോയി എന്ന് മനസ്സിൽ പറഞ്ഞു.  നേരെ ബാത്റൂമിലേക്ക്. കയ്യും കാലും കഴുകണം.  വിളക് തേച്ചു തിരുമണം. പൂവും വെള്ളോം വെക്കണം.  
മുള്ളാൻ വേണ്ടി നിക്കറഴിച്ചതും റെഡ് കാർഡ്.  വിളക്ക് കത്തിക്കണ്ട,  സിനിമ മൊത്തം കാണാം, 
അതായിരുന്നു ആദ്യ വികാരം.  

"അച്ഛാ..   അമ്മാ.. എനിക്ക് പീരിഡ്സ് ആയി.  "

അമ്മേടെ മുഖത്തെ ആ ഒരു എക്സ്സ്പ്രെഷൻ , 
ഇത് വരേം ഓർമ്മയിൽ നിന്നും പോയിട്ടില്ല. 

 ഈ ആർത്തവം അഥവാ പീരിഡ്സ് ഏഴാം ക്ലാസ്സിലെ വെക്കേഷനാണ് ലൈഫ് ലോട്ട് ഇങ്ങനെ കയറി വരണത്.  അന്നറിയില്ലായില്ലായിരുന്നു സന്തത സഹചാരിണി ആവാനുള്ള വരവാണ് അതെന്ന്. 

പുത്തൻ ഉടുപ്പുകൾ,  ഒരുപാട് മധുര - എണ്ണ പലഹാരങ്ങൾ,  സ്വർണാഭരണം,  സംഗതി പൊളി ആയിരുന്നു.  പക്ഷെ പച്ചമുട്ട - നല്ലെണ്ണ കോംബോ കുടിക്കാൻ തരും.  വൗ.. മൂക്കു പൊത്തി കുടിക്കാതെ ഒരു രക്ഷേമില്ല.  പിന്നെ ഏതാണ്ട് ഒരു എണ്ണ കുളീം.  
ഉണ്ണിയും ശ്രീനുവും ഇച്ചിരി കലിപ്പ് മൂഡിൽ ഒളിച്ചും പാത്തും നടപ്പുണ്ട്.  പോരാത്തേന്  "അവളെ തൊടല്ല് " എന്ന സംരക്ഷണ കവചോം. 
"എനിക്കെന്താ ഒന്നും തരാത്തത്.  ഞാനല്ലേ ചെറുത് " ടപ്പേ എന്ന് പറഞ്ഞൊരു പൊട്ടിക്കരച്ചിൽ,  കണ്ണൻ ആണെന്നാണ് ഓർമ്മ ! 
പ്രിൻസസ് പാറുക്കുട്ടിയമ്മ,  അച്ഛൻ അങ്ങനെ വിളിച്ചത് അക്ഷരാർഥത്തിൽ ശരിയായിരുന്നു.

ശരീരം മൊത്തം വിറച്ചു തണുത്തു കമ്പിളി യുടെ അടിയിൽ ഇടം തേടുന്ന വയറു വേദന, പോരാത്തേന് അവിടെ തൊടല്ല്,  ഇവിടെ തൊടല്ല് ശാസനകൾ,   കമുകുംചേരി വീട്ടിലെ  പായയിൽ കിടപ്പ്,  അതിരാവിലെയുള്ള കുളി,  പോരാത്തേന് ഈ വൃത്തികെട്ട ആങ്ങള കൊരങ്ങന്മാരുടെ എന്നെ തൊടല്ലേ എന്ന ഡ്രാമ,  മാറിമറിയുന്ന ബോഡി ടെമ്പറേച്ചർ, ചുമ്മാ വരുന്ന ദേഷ്യം സങ്കടം..  വെറുത്തു പോവാൻ അധികം നേരം വേണ്ടി വന്നില്ല.  വൃശ്ചിക മാസം ആണേ പറയേം വേണ്ട. 
 
യുദ്ധ കാഹളം മുഴക്കാതിരിക്കാൻ ആവുമായിരുന്നില്ല.  ഇഞ്ചി വെളുത്തുള്ളി ത്രിഫല മണങ്ങളിൽ ആ ഏഴു ദിവസം കടന്നു പോകുമ്പോൾ ഞാനൊരു പോരാളി ആയിരുന്നു.  കട്ടിലിൽ മെത്തയിൽ  കിടന്നു,  7-8മണിക്കേ കുളിക്കൂ,  തുടങ്ങിയവ അനുവദിക്കപ്പെടാൻ ഈസി ആയിരുന്നു.  ബട്ട്‌ ബേസിക് തോട്ടു കൂടായ്മ മാറാൻ പിന്നെയും വർഷങ്ങൾ എടുത്തു.  

സ്കൂളിലായിരുന്നു കഷ്ടം.  മെറൂൺ skirt ന്റെ ആനുകൂല്യം ഹൈ സ്കൂൾ ക്ലാസ്സുകളിലെ  ചുരിദാർ നശിപ്പിച്ചു.  ക്രീം ചുരിദാർ ടോപ് ന്റെ സ്ലിറ്റുകൾ ബെഞ്ചിന് താഴേക്ക് ഇട്ട്,  മെറൂൺ പാന്റുകളിൽ അഭയം.  തൊട്ടപ്പുറത്തെ വശത്തു നിന്നും ചാഞ്ഞും ചരിഞ്ഞും നോട്ടമെറിയുന്ന ആണ്പിള്ളേര് അവരോട് അന്ന് വെറുപ്പായിരുന്നു.  രണ്ടു പാഡും  അതിനു ചുറ്റും തുണിയും രണ്ടു പാന്റും ഇട്ടിട്ടും മഴക്കാലം ചതിച്ചു.  പുറകിലൊരു പെൺ അർദ്ധവൃത്തം ഉണ്ടാക്കി മൂത്രപ്പുര എന്നാ അഴുക്കുമുറികളിലേക്ക് ഒരോട്ടം,  അവിടെയും ഉണ്ടായിരുന്നു കണ്ണേറുകൾ.  ഈ തുണികളിൽ ആവട്ടെ എത്ര കഴുകിയാലും രക്തക്കറ പോവുകയുമില്ല.  ചേട്ടൻ കാണും എന്നാ കാരണത്താൽ ഉണക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് വേറെ.  

പ്ലസ് ടു വിലെ ബോട്ടണി പ്രാക്ടിക്കൽ ക്ലാസ്സ്‌.  ക്ലാസ്സ്‌ വിട്ട് ഇന്റർവെൽ തുടങ്ങുന്നു.
  "ഡി അവളുടെ ചുരിദാറിൽ സ്റ്റെയിൻ (പ്രാക്ടിക്കലിന് ഉപയോഗിക്കുന്നത് ) പറ്റി  എന്ന് തോനുന്നു.  നീ അത് അവളോട്‌ ഒന്ന് പറഞ്ഞേക്കെ " 
പിന്നെ കാണുന്നത് അവൻ വാഷ്‌റൂമിന്റെ അടുത്ത്  കൂടിയിരിക്കുന്ന ആൺകുട്ടികളെ അവിടെ നിന്നും മാറ്റുന്നതാണ്.
അത് ശരിക്കും കളർ സ്‌റ്റേയിൻ ആയിരുന്നു,  എങ്കിലും അവനോട് പെരുത്തിഷ്ടം,  ബഹുമാനം.  കെട്ടുവാണെങ്കിൽ അവനെ പോലെ, ചേച്ചിയുള്ള ഒരാളെ വേണം,  ഉറപ്പിച്ചു ! 

ഹോസ്റ്റൽ ഡേയ്‌സ് തുടങ്ങിയതോടെ പീരിഡ്സ് പിപി ആയി.(എന്റെ സംഭാവനയായിരുന്നു ആ വാക്ക്,  പീരിഡ്സ് പെയിൻ, പിപി )  കുറച്ചൂടി ക്യൂട്ട് ആയി.  മണ്ണെണ്ണയിൽ എരിയുന്ന ചോര മണമില്ല, 
ബാത്രൂമിൽ ഒലിച്ചിറങ്ങുന്ന കട്ടചുമപ്പ് ഇല്ല. ഒരു ന്യൂസ്‌പേപ്പർ തുണ്ടിൽ എല്ലാം ഭദ്രം. പോരാത്തേന്  ഫുഡ്‌,  ഹോട് വാട്ടർ ബാഗ് എല്ലാം ബെഡ് ൽ വരും.  ഡി പണികിട്ടി യിൽ ചോര വീണ പൂമരങ്ങൾ ഞങ്ങൾ കഴുകി കളഞ്ഞു.  ബെഡ് ലെ പൂക്കളങ്ങളെ നോക്കി ഓ ഇതൊക്കെയെന്ത് എന്ന് പറയാൻ പഠിച്ചു.  ക്ലോട്ടുകളുടെ ചലനങ്ങൾ വരെ മുഖം നോക്കി വായിച്ചറിഞ്ഞു. വേദനയിലും ഡാൻസ് കളിക്കാമെന്നും വേദനയെ കുറിച്ച് കവിതകൾ എഴുതമെന്നും  പരീക്ഷ ഇടക്ക് വെച്ച് നിർത്തി വന്നു കിടന്നാലും സാരമില്ലെന്നും ഛർദി ഒക്കെ comedy ആണെന്നും പറഞ്ഞു തന്നത് സഹമുറിയത്തിമാരാണ് .പെൺവസന്തങ്ങൾ പൂത്ത ആ ഇടങ്ങളിലാണ് ആർത്തവ രക്തത്തിൽ മുങ്ങിയ ചുവന്നതൂവാലയിലും പ്രണയം ചുവക്കും എന്നറിയുന്നത്. അഞ്ചിതൾ ചെമ്പരത്തികളായി ഗുൽമോഹറുകളായി ഞങ്ങൾ മാറുകയായിരുന്നു. 
പിരീഡ്‌സിലും ചാപ്പലിൽ പോയി ഈശോയോട് മാതാവിനോട് മണിക്കൂറുകൾ കത്തിയടിച്ചു.  ബൈബിൾ കെട്ടിപിടിച്ചു. ഈ വിശ്വാസ സ്വാതന്ത്രത്തിന്റെ സ്വാധീനം മൂലം പതുക്കെ പതുക്കെ മാറ്റിവെച്ചിരുന്ന കൃഷ്ണവിഗ്രഹവും അയിത്തം മറന്നു കൂടെ വന്നു.  എന്റെ കൃഷ്ണൻ ദൈവമല്ല,  എന്റെ ഫ്രണ്ട് ആണ്,  ജസ്റ്റ്‌ ലൈക്‌ എ ടെഡി എന്ന് പറയാൻ തുടങ്ങി.  പിന്നെ സാങ്കല്പികതക്ക് പകരം വെക്കാൻ നല്ല സുഹൃത്തുക്കൾ വന്നപ്പോൾ കൃഷ്ണ വിഗ്രഹം ഏതോ മൂലയിൽ ഒളിച്ചു.  
.
ബാഗ് തപ്പാൻ വന്ന ആൺസുഹൃത്തുക്കളോടും  എന്ത് പറ്റി എന്ന് ചോദിച്ച സഹപ്രവർത്തകരോടും പറഞ്ഞു പീരീഡ്‌സാണ്,  കലിപ്പ് മൂടാണ്,  ചൊറിയരുത്. ചിലർ ആദ്യ ഞെട്ടലിനു ശേഷം ചേർത്ത് പിടിച്ചു,  മറ്റുചിലർ വഴി മാറി നടന്നു.  കാലത്തിന്റെ ഒഴുക്കിൽ ശ്രീനുവും കട്ടൻ ചായയും ബ്ലാങ്കറ്റും ഹോട് വാട്ടർ ബാഗും  പെങ്ങൾക്ക് നൽകാൻ വളർന്നിരുന്നു 

ഹോസ്റ്റൽ തന്ന സ്വാതന്ത്ര്യം വീട്ടിലും കിട്ടി തുടങ്ങി,  വിളക്ക് കത്തിക്കരുത് എന്നാ ഒറ്റ നിബന്ധന ആയി പലപ്പോഴും.  കൂടെ കൂടിയവൻ ഹോട് വാട്ടർ ബാഗ് വയറിലമർത്തി കെട്ടിപിടിച്ചു ഉമ്മ തന്നു കൂടെ കിടന്നതോടെ ഭർതൃ വീട്ടിലെ രാവിലത്തെ  കുളി വല്യ പ്രശ്നമായില്ല. വിസ്പർ ന്റെ പല നിറങ്ങളിൽ ഒളിച്ചിരിക്കുന്ന സുരക്ഷിതത്വം ഭാര്യക്ക് നൽകുന്ന ആത്മവിശ്വാസം അവനറിയാം.   അവനൊപ്പമുള്ള ക്വാർട്ടേഴ്‌സ് ദിനങ്ങൾ അവന്റെ കരുതലിൽ മനോഹരങ്ങളായി.  പിരാന്തുകൾക്ക് പതിയെ പതിയെ അവൻ കൂട്ടിരുന്നു. 

പഴയ പീരിഡ്സ് കഥകളൊക്കെ പറയുമ്പോ അവൻ പറയും ഡി നമ്മടെ പെൺകൊച്ചാനെ ഇങ്ങനെ പീഡിപ്പിക്കല്.  

അതെ പറയാതെ ഇരിക്കാൻ മാത്രം പാപമല്ല ആർത്തവം,  പറയുമ്പോൾ മനോഹരം ആയി തീരുന്ന ഒന്നാണത്.  

#ആർപ്പോആർത്തവം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...