ശൂർപ്പണഖാവധം

August 11, 2013 

"കഥ നന്നായിരിക്കുന്നു.. ..
ശൂർപണഖയോടുള്ള സ്നേഹം നിമിത്ത൦, ജേഷ്ടനോടുള്ള ക്രോധം നിമിത്തം അവളുടെ മൂക്കും മുലകളും അരിഞ്ഞു കളയുന്ന ലക്ഷ്മണൻ... ആ കുറ്റബോധമാകാം രാമ-രാവണ യുദ്ധത്തിൽ ലക്ഷ്മണനെ മരണം വരെയും കൊണ്ടെത്തിക്കുന്നത്..  
 വിചിത്രമായ ചിന്താധാര! എങ്കിലും ലക്ഷ്മണവിലാപം  ഹൃത്തിനെ നീറ്റുന്നു ..
            മനോഹരമായ  കൈപടയിൽ എഴുതിയ പ്രതികരണം.. നീറുന്ന ഹൃദയം, പക്ഷെ തന്റെതാണെന്ന് മാത്രം,അതും എത്ര വർഷങ്ങളായി ... ഒരു നെടുവീർപ്പിന്റെ സ്വസ്ഥത!.. ഓർമ്മകൾ തീവണ്ടിപുക പുക പോലെ പിന്നോട്ട് പാഞ്ഞു..

:"സഖാവേ.., ഈ കഥ വെളിച്ചം കാണുവോ? മം.. എങ്കിൽ സഖാവിനോട് ഒരു സ്വകാര്യം പറയാം... സഖാവിനെ ഞെട്ടിക്കുന്ന ഒന്ന്!!"

കലാലയ ദിനങ്ങളുടെ അവസാന നിമിഷത്തിൽ കയറിയ ഒരു ത്വര പ്രധാന അധ്യാപകന്റെ സക്ഷ്യപ്പെടുതലുകളോട് കൂടെ കവറിലാക്കി പെട്ടിയിൽ ഇടുമ്പോഴാണ്‌ വാക്കുകളിൽ കുസൃതി കലർത്തി നെഞ്ചിലേക്ക് ഒരു വാക്ക് ശരം അവൾ തൊടുത്തത്..

എന്ത് സ്വകാര്യം??!!... ചിന്തകള് പല വഴിയിൽ പാഞ്ഞു വീണ്ടും ചോദ്യചിഹ്നത്തിൽ തമ്പടിക്കുന്നു.. ചിലപ്പോഴൊക്കെ പാതി മറന്നു വെച്ച ഒരു ചിരിയിൽ, ഉടക്കിവലിക്കുന്ന ഒരു നോട്ടത്തിൽ, അറിഞ്ഞു അകന്നു മാറുന്ന നിമിഷങ്ങളിൽ  എപ്പോഴെങ്കിലും....?? ഇല്ല, ഇത് അവളാണ്, ശൂർപ്പണഖ!..

മാററ്റു  വീണ ശൂർപ്പണഖയുടെ രോദനം ഊർമിളയുടെ കാതുകളിൽ പതിച്ചതാണ്, പാതിവ്രത്യത്തിന്റെ പേരിൽ പതിയുടെ പാപപരിഹാരത്തിനായി അവൾ അനുഷ്ടിച്ചതൊക്കെയും എന്ന് സ്ഥാപിച്ചെടുത്ത അധികപ്രസംഗി!!.. ലക്ഷമണന് രാമനോടുള്ള അസൂയയും അപകർഷതയും ശൂർപ്പണഖയിൽ  തീർക്കുകയയിരുന്നത്രേ!!!...

ആ നിമിഷത്തിൽ നാവറിയാതെ വീണു പോയീ .. "നീയ്യാണോ ശൂർപ്പണഖ , ഇത്ര നിറഞ്ഞു തുളുമ്പാൻ.." വാക്കുകൾ പ്രതിധ്വനിക്കുന്നതിനു മുൻപേ മറുപടി.. ലക്ഷ്മണ വംശജരായ പാരസൈറ്റുകൾക്കു നിന്റെ മുഖം സ്വീകരിക്കാമെങ്കിൽ , സ്ത്രീയുടെ തുറന്നു കാട്ടലിന്റെ സ്വാതന്ത്ര്യപ്രകടനതിന്റെ ശൂർപ്പണഖ ഞാൻ തന്നെ എന്നോരേറ്റ് പറച്ചിൽ..!

പിന്നെ ഉടക്കടുപ്പങ്ങളിൽ ശൂർപ്പണഖ ലക്ഷമണന് പ്രിയങ്കരിയായി.. ദേവന്റെ കടാക്ഷം ഏറ്റുവാങ്ങാൻ ഗോപികമാർ കാത്തു , "കൃഷ്ണാ നീ എന്നെ അറിയുകില്ല" എന്നവൾ പരിഹസിച്ചു.. "ഗോപികാദന്ധനം" അവൾക്കു നേരെ നീട്ടിയപ്പോൾ ശൂർപ്പണഖാവധം കിട്ടിയില്ലേ എന്ന കൂരമ്പ്‌!!!!!!!!!!!...!!!!!!!!!!
അപമാനവും വേദനയും കുസൃതിയും പരിഭവവും അഹവുമായി സംയോജിച്ചു തൂലികതുമ്പിലൂടെ പുനര്ജ്ജനിച്ചതാണ് 'പത്രാധിപർക്കു'  എന്ന മേൽവിലാസത്തിൽ പെട്ടിയിലാക്കപ്പെട്ടത്‌.......................,..

എങ്കിലും എന്താണവൾ..? വെറുതെ, വെറുതെ മാത്രം ഒരു ജിജ്ഞാസ..  വെറുതെ ഒരു പ്രാർഥന.. അച്ചടിമഷി പുരളുന്ന അക്ഷരങ്ങളിൽ ഹൃദയം ത്രസിക്കുന്ന പോലെ വെറുതെ ഒരു തോന്നൽ ...

അറുത്തു കളയേണ്ട ആ സ്ത്രീപക്ഷവാദം ഇടയ്ക്കിടെ കൊമ്പും കോമ്പല്ലുകളുമായി മുളയ്ക്കുന്നത് ഒഴിച്ചാൽ , രാക്ഷസീഭാവം വിട്ടൊഴിഞ്ഞ ശൂർപ്പണഖ ഊർമിളക്ക് തുല്യയല്ലേ??...

ലക്ഷ്മാണാാാാ... അരുത്!! ശൂർപ്പണഖയുടെ രൗദ്രം വീണ്ടും യുദ്ധങ്ങൾക്ക് വഴിയോരുക്കും!!

കാത്തിരിപ്പിന്റെ അക്ഷമ!!  പരീക്ഷകൾ അവസാനിച്ചു ,( അതോ പരീക്ഷണങ്ങൾ  തനിക്കേകിയോ ?) ശൂർപ്പണഖ വിട പറയുകയാണ്‌....

:"സ്വകാര്യം ??"
:"കഥ വന്നില്ലല്ലോ? അത് വരട്ടേ ... "വധം" അല്ലേ, ദൃക്സാക്ഷി പറയാൻ മൂപ്പർക്ക് മടി കാണും.."

കുസൃതി വീണ്ടും വാക്കുകളിൽ കലർത്തി അവൾ വീണ്ടും പരിഹസിക്കുന്നു..

: "ശൂർപ്പണഖ !! നിന്റെ നാക്കും ഛെദിക്കേണ്ടിയിരുന്നു!!"

ദഹിക്കാത്ത ശബ്ദത്തിന്റെ പ്രതിദ്വനി കാലത്തിന്റെ ആഴകിണറുകൾക്കുള്ളിൽ നിന്നും.. അയാൾ ഉണർന്നെണീറ്റു..

"ലക്ഷ്മണന്റെ പാപഭാരത്തേക്കാൾ വേദനിപ്പിക്കുന്നത് ശൂർപ്പണഖയുടെ ഏകാന്തതയാണ്.. തന്നെ തിരിച്ചറിയാതെ പോയ ലക്ഷ്മണൻ, അതോ താൻ തിരിച്ചറിയാതെ പോയതോ??!!........

ലക്ഷ്മണാ...."""

കാലചക്രം പിന്തിരിയാൻ തുടങ്ങുന്നുവോ?? പരിചിത ശബ്ദത്തിൽ ഒരു പിൻവിളി?... അവൾ??!

"അറുത്തു മാറ്റപ്പെട്ട മുലകളും ഏകാന്തതയും എന്നെ വല്ലാതെ മുഷിപ്പിക്കുന്നു ലക്ഷ്മണാ.. വർഷങ്ങൾക്കു ശേഷം അനാവരണം ചെയ്യാൻ അച്ചടിമഷി പുരണ്ട രഹസ്യങ്ങൾ നമുക്കിടയിൽ ഇല്ലാതായിരിക്കുന്നു... ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം, വൈകിയെത്തിയ വസന്തത്തിനു മുന്നില് പൂക്കാൻ ചില്ലകളില്ല, കൌതുകത്തിന്റെ മാന്ത്രിക ചെപ്പിൽ  കാലം എനിക്കായി മാറ്റിവെച്ച വാക്കുകൾക്കു, കൌമാരത്തിന്റെ ചാപല്യത്തേക്കാൾ സുഗന്ധമുണ്ട്.. നീ നിന്റെ ഊർമിളക്കൊപ്പം സുഖമായി ശയിക്കുക, ശൂർപ്പണഖയെ പാപബോധത്തോടെ ഓർമിക്കുന്ന  ലക്ഷ്മണനെക്കാൾ എനിക്കിഷ്ടം, ക്രോധാഗ്നിയിൽ സമസ്തവും ഭസ്മമാക്കുന്ന ലക്ഷ്മണനെയാണ്..

സ്ത്രീത്വം നഷ്ടപ്പെട്ട രാക്ഷസീഭാവം ത്യജിച്ച ശൂർപ്പണഖ ലക്ഷ്മണന് അന്യയാണ്.. കരിച്ചു കളഞ്ഞ വാത്സല്യത്തിൽ ലക്ഷ്മണന്റെ ഓർമ്മകുരുന്നുകൾ പിച്ചവെച്ചു നടക്കാതെയില്ല... എങ്കിലും കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്ന മുഖങ്ങൾ എത്ര തീവ്രമാണ്.. മറ്റൊരു മഷി പുരണ്ട താളിൽ ഞാൻ ഒതുങ്ങും വരെ ലക്ഷ്മണാ, നീ എനിക്ക് അന്യനായിരിക്കുക.. അതിവിദൂരതിലല്ലാതെ നാം വീണ്ടും പരിചിതരാകും.. ശൂർപ്പണഖ മ്രിതപ്രായയാണ്, ഒരു നിശബ്ദയാവാനായി കേഴുന്ന ബലിമൃഗം ...""

നെടുവീർപ്പുകൾ ഇറക്കി വെക്കാനാകാതെ ലക്ഷ്മണൻ വീർപ്പു മുട്ടി... അറം പറ്റിയ വാക്കുകളിൽ സരയുവിലെ തണുത്ത ഓളങ്ങൾ പോലും അയാളെ ചുട്ടുപൊളിക്കുന്നുണ്ടായിരുന്നു ..
 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...