September 30, 2018
വയസ്സായ ആൾക്കാരുടെ പ്രേമം കാണാൻ വല്ലാത്തൊരു രസാണ് . കണ്ണുകളൊക്ക കഥ പറഞ്ഞങ് കൊതിപ്പിക്കും . തടി ഇച്ചിരി കൂടിയോ കൂടിയോ എന്നാലോചിച്ചു ആലോചിച്ചു ഒരൂസം അതങ്ങ് തൊടങ്ങി , നടത്തം . കാണാൻ കൊള്ളാവുന്ന ആൺപിള്ളേരെ ആവുന്ന പോലെ നോക്കീം പട്ടിയെ പേടിച്ചും ക്യാമ്പസ് ന്റെ ഉള്ളിൽ കൂടെ ഒരു പ്രഭാത വായിനോട്ടം. 

പക്ഷെ ആ 70 കഴിഞ്ഞ അങ്കിൾ ഉം പത്തു അറുപത്തിയഞ്ച് വയസ്സായ ആന്റി യും എതിരെ നടന്നു വരുമ്പഴേ കാറ്റിനൊക്കെ പ്രണയം മണത്തു തുടങ്ങും . അത്രേം എനർജി ആണ് . ഇടക്ക് കൈകൾ കോർത്തു പിടിച്ചു അടക്കം പറച്ചിലുകളിൽ മറ്റാരെയും ശ്രദ്ധിക്കാതെ അവർ നടന്നു പോകുമ്പോൾ അസൂയ കൊണ്ടെന്റെ അകം വേവും .   . ഞൊറിഞ്ഞു ഭംഗിയായി ഉടുത്ത കോട്ടൺ സാരിയും വട്ട കണ്ണാടി യും വലിയ പൊട്ടും  ഉള്ള ആന്റി ക്ക് പൈജാമയും ടി ഷർട് ഉം ഇടുന്ന അങ്കിൾ ന്റെ നെഞ്ചഒപ്പം ഉയരം കാണും .  ഹൃദയത്തുടിപ്പുകൾ കേൾക്കാനെന്ന പോലെ ഓരം പറ്റി ആന്റിയും ആന്റി യുടെ പതിഞ്ഞ സംസാരം കേൾക്കാന്  നീണ്ടു മെലിഞ്ഞ അങ്കിൾ ഒരിത്തിരി ചരിഞ്ഞും നടക്കുന്നത് നിർമാല്യം കാണും പോലെയാണ് .   ഒന്നും പൂജ്യവും ചേർത്ത് പത്തുണ്ടാക്കിയവർ. 
പിന്നെ പിന്നെ അവരെ കാണാനായി ആ നടപ്പ് . 
 
വൈകുന്നേരങ്ങളിലെക്യാമ്പസ് നടത്തങ്ങൾക്ക് വേറെ മുഖമാണ് , മറച്ചുവട്ടിലെ ഇരുട്ടിൽ  പ്രണയങ്ങൾ പൂക്കാറുണ്ട് . ഡിപ്പാർട്മെൻ് ലെ വിളക്ക് വെളിച്ചങ്ങൾക്ക് ചോട്ടിൽ സൗഹൃദങ്ങൾ തെളിയാറും.  എന്നാലും അതിനോടൊന്നുമില്ലാത്ത ഭ്രമമാണ്  പ്രണയം കൊണ്ട് ഇപ്പോഴും മുഖം തുടിക്കുന്ന അവരോടു.  ഗുഡ് മോർണിംഗ് ൽ അവിടേക്ക് ഇടിച്ചു കേറാൻ ശ്രമിക്കുമ്പോഴൊക്കെയും മറു സുപ്രഭാതത്തിൽ അവരാ സ്വർഗം കുറ്റിയിട്ടു കളയും ! 

Sanjoonte കൈപിടിച്ചു ചിണുങ്ങി എനിക്ക് ഓടാൻ വയ്യേ എന്ന് കരഞ്ഞും തുടങ്ങിയ ജോധ്പൂർ പ്രഭാതങ്ങൾ ജീവിതത്തിന്റെ സന്ധ്യ തുടങ്ങുമ്പോൾ ഇങ്ങനെ ആകണേ എന്ന് കൊതിക്കും.  അന്നും ഷൂ ലേസ് കെട്ടി തന്നു,  'ദേ ആ പോസ്റ്റ്‌ വരെ, എന്നിട്ട് തിരിച്ചു നടക്കാം' എന്ന് ഞങ്ങൾ പരസ്പരം പറയുമായിരിക്കുമോ??  

വനിതയിലെ ജീവിതത്തിനിടെ  ജോൺ അങ്കിൾ ന്റെ  വീട്ടിലേക്കു ചെന്ന് കേറുമ്പഴും തോന്നിയിട്ടുണ്ട് ആ വീടിന്റെ തണൽ അവരുടെ പ്രണയം ആണെന്ന്.  "ടിയെ നീ മരുന്ന് കഴിച്ചോ? " "ചൂടുവെള്ളം എടുത്തു വെച്ചേക്കുന്നു.  കുളിക്കുന്നില്ലയോ " എന്റെ ദൈവമേ..  ഏത് ഐ ലവ് യൂ വിനാണ് ഇതൊക്കെ ഒന്ന് പ്രതിഭലിപ്പിക്കാനാവുക..  
കല്യാണം കഴിഞ്ഞു,  കോട്ടയം യാത്രക്കിടയിൽ അവനോടൊപ്പം അവരെ കണ്ടു കഴിഞ്ഞു മടങ്ങുമ്പോൾ നല്ലപാതി,  ചേർത്തുപിടിച്ചു ചോദിച്ചു ..  "നമുക്കിത് പോലെ പ്രേമിക്കാൻ പറ്റുവോടി.. "

ഇനി അവനു കാട്ടികൊടുക്കണം ഇത് പോലെ നമുക്ക് പ്രേമിക്കണം എന്ന് പറയാൻ ഇവരെയും :)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...