മദേഴ്സ് ഡേ

May 10, 2020

  അമ്മയുടെ പേരുമായി കൂടിച്ചേരുമ്പോൾ പെണ്ണത്തമുള്ള poweful  പേരാണ് എന്റേതെങ്കിലും   പേരറ്റങ്ങൾ തമ്മിലുള്ള വൈരുധ്യമായിരുന്നു ഞങ്ങൾ  തമ്മിൽ. അത് കൊണ്ട് തന്നെ 'അമ്മ പോസ്റ്റുകളിൽ ഞാൻ വിശ്വസിച്ചിരുന്നില്ല. 

 എന്റെ ഓർമയുടെ മുക്കാൽ പങ്കിലും അമ്മ,  അമ്മയെക്കാളേറെ അദ്ധ്യാപിക ആയിരുന്നു.  ഒരു വയസ്സുള്ള എന്നെ  അച്ഛന്റെ,  കുഞ്ഞമ്മമാരുടെ, അമ്മൂമ്മയുടെ , ഒടുവിൽ ആയയുടെ അടുത്താക്കി,  സ്കൂൾ ടോയ്ലറ്റ് ൽ പാല് പിഴിഞ്ഞ് കളയുന്ന അമ്മ.   യൂണിഫോം തേച്ചു തരാത്ത,  ചോറ് കെട്ടി തരാത്ത,  കൂടെ ഇരുത്തി പഠിപ്പിക്കാത്ത അമ്മ.

 രാവിലേ ഇറങ്ങി ഓടുന്ന അമ്മ,  അഞ്ചര കഴിയും വീട്ടിലെത്തതാൻ.  രാധാസ് ൽ നിന്നും രണ്ടു പാലും ഒരു തൈരും നാല് പഫ്‌സും ബാബു അങ്കിൾ ന്റെ കടേന്നു ചില ദിവസങ്ങളിൽ പച്ചക്കറിയും വാങ്ങി ഒരു ഏഴാം ക്ലാസ്കാരി കാത്തിരിക്കും.  പിന്നെ വൈകിട്ടുള്ള ചായ,  ഫ്രിഡ്ജ് ൽ നിന്നും ഒരിക്കലും തീരാത്ത മാവെടുത്തു ദോശപരീക്ഷണങ്ങൾ .. പഴദോശ,  തേൻ ദോശ,  നെയ് ദോശ,  മാഗി ദോശ...   
പിറന്നാൾ സദ്യകൾ അവധി ദിവസങ്ങൾ വരെ കാത്തിരിക്കും.  അന്നൊക്കെ ആവിപറക്കുന്ന ചൂട് ചോറ് ഉം നിരവധി കറികളും വിളമ്പി മക്കളെ കാത്തിരിക്കുന്ന അമ്മമാർ,  എന്നിൽ അസൂയ ജനിപ്പിച്ചിരുന്നു.  ഇടക്ക് നീതുവിന്റെ വീട്ടിലേക്കുള്ള ഉച്ച യാത്രകളും പുഷ്പ ആന്റിയുടെ കൂട്ടാനുകളും, പി റ്റി എ മീറ്റിങ് ലെ ഏകാന്തതയും  എന്റെ അമ്മയ്ക്കും ജോലി ഇല്ലായിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കാതെ ഇരുന്നില്ല.  
അച്ഛനും അമ്മയും ചേട്ടനും  എനിക്ക് മുന്നേ ഇറങ്ങുമ്പോൾ,  എന്നേക്കാൾ വൈകി എത്തുമ്പോൾ  അഭയം സ്കൂൾ വരാന്തകളായിരുന്നു.  സ്കൂളിലെ മരചുവടുകൾക്കിടയിലാണ് എനിക്കുള്ളിൽ ഒരു കവിയുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞത്.  പൂട്ടിയിട്ട വീട്ടിന്റെ പൂമുഖത്തു ഇരുന്നാണ്  കഥകളെ ഞാൻ സ്നേഹിച്ചു തുടങ്ങിയത്.വിട്ടുമാറാത്ത പനിക്കാരി ആയിരുന്നു ഞാൻ സ്കൂളിലും.  ഫ്ലാസ്കിൽ ചൂട് വെള്ളവും കുക്കർ ൽ കഞ്ഞിയും പിന്നെ പപ്പടവും അച്ചാറും അരികിൽ വെച്ച് കമ്പിളി പുതപ്പിച്ചു ഇടക്ക് വിളിക്കാം,  ലീവില്ലാത്തോണ്ടല്ലേ ന്നും പറഞ്ഞു അമ്മയിറങ്ങും.  ഡോളി ചേച്ചി എത്തി നോക്കിയപ്പോഴാണ് പനി ക്കാലങ്ങൾക്ക് കുളിർമ വന്നത്. "വരനെ ആവശ്യമുണ്ട് " ലെ ആ സീനിലെ  കല്യാണിയിൽ ഞാൻ എന്നെ തന്നെ കണ്ടു.  

പത്താം ക്ലാസ് പരീക്ഷക്ക് അമ്മ ലീവ് എടുത്തില്ല,  നിജിയുടെ അമ്മ ലീവിലാ,  ഞാൻ അമ്മയോട് പരിഭവിച്ചു.  നിന്നെ നോക്കാൻ നിന്റെ ടീച്ചേർസ് ഇല്ലേ? ,  എന്റെ പിള്ളേർക്ക് ഞാനേ ഒള്ളൂ.. സുമയ്യ ടീച്ചർ തന്ന മാത്‍സ് മോഡൽ ക്വസ്റ്റിൻ പേപ്പർ ,  ഫോട്ടോസ്റ്റാറ് എടുത്ത് സ്വന്തം പിള്ളേർക്ക് കൊടുക്കാനും അമ്മ മറന്നില്ല.  

കോളേജിൽ നിന്നും ഓടിയെത്താൻ മാത്രം അരികത്തായിരുന്നില്ല വീട്,  പനികാലങ്ങളിൽ ചിലപ്പോൾ തനിച്ചായി,  ചിലപ്പോൾ ബന്ധു വീടുകളിൽ അഭയം തേടി,  മറ്റു ചിലപ്പോൾ സുഹൃത്തുക്കൾ ആശുപത്രിയിൽ കൂട്ടിരുന്നു.  "ഞാൻ വരണോ?  " " വേണ്ടമ്മ..  ഐ കാൻ മാനേജ് " ഞാൻ ഇൻഡിപെൻഡന്റ് ആയിരുന്നു .. അവധി കഴിഞ്ഞു അമ്മ ഉണ്ടാക്കിയതൊന്നും കൊണ്ട് ചെല്ലാത്തതിന്റെ പേരിൽ കൂട്ടുകാർ മുഖം കറുപ്പിച്ചു.

പതിനേഴാം വയസ്സിൽ വീട് വിട്ട കുട്ടിയുടെ ലോകത്ത്,  അരക്ഷിതത്വങ്ങൾ ഒരുപാടുണ്ട്.  അതിലെല്ലാം അമ്മ തന്നെയായിരുന്നു സ്വാന്തനം.  ഹോസ്റ്റലിൽ ചെറുതല്ലാത്തൊരു സീൻ വന്നപ്പോഴും ആദ്യ നെറ്റ് പൊട്ടി വീട്ടിൽ ഇരുന്നപ്പോഴും പ്രണയാശങ്കകളിലും അച്ഛൻ മൗനം പാലിച്ചു.  തുടർപഠനത്തിലും ജോലിയിലും അമ്മക്കായിരുന്നു കടും പിടുത്തം.  
സ്വതവേ അമ്മ വിരോധിയായ ഞാൻ  അമ്മയിൽ നിന്നും അകന്നു.

PhD ക്ക് ഇടക്ക്,  ലാബിലെ എന്നേക്കാൾ ഒരു വയസ്സുമൂത്ത  സഹപ്രവർത്തക "അമ്മ ഇന്നലെയും എനിക്ക് പാഡ് വാങ്ങാൻ മറന്നു " എന്ന് പറയുന്നത് കേട്ട ഞാൻ അന്തം വിട്ടു,  എട്ടാം ക്ലാസ് മുതൽ ഒരുളിപ്പോ ചളിപ്പോ ഇല്ലാതെ പറയാൻ തുടങ്ങിയതാണ്,  ഒരു whisper..  ആദ്യ മൂന്നോ നാലോ  തവണ ഒഴിച്ച് നിർത്തിയാൽ അമ്മ എനിക്ക് വേണ്ടി വാങ്ങിയിട്ടില്ല പാഡ്. കല്യാണം നിശ്ചയിച്ച ശേഷം gynec നെ കാണേണ്ട ഒരാവശ്യം വന്നു.  സഞ്ജീവ് ഇടക്ക് എന്നെ കാണാൻ വന്നിട്ടുണ്ട് എന്നത് കൂട്ടി വായിച്ചിട്ടാണോ എന്തോ ഗൈഡ് പെട്ടെന്ന് പരിഭ്രാന്തയായി. "ഒറ്റക്ക് gynec നെ കാണാൻ മാത്രം താൻ മുതിർന്നോ?  അമ്മക്ക് അറിയുമോ ഇത്??  " ഇതിന് മുന്നേയും ഞാൻ പോയിട്ടുണ്ട് എന്ന് കേട്ടതോടെ അവർ കയ്യൊഴിഞ്ഞു.  

എന്റെ കല്യാണത്തിന് രണ്ടൂസം മുന്നേ മാത്രം ലീവ് കിട്ടി ഞാനും ശ്രീനുവും  വീട്ടിലെത്തുമ്പോൾ,  വെക്കേഷന് മാത്രം വീട്‌ വീടാവുന്നതോർത്തും ഇനിയൊരിക്കലും ഇതേ പോലെ വീട്ടിൽ കഴിയാൻ ഒക്കില്ലെന്നോർത്തും എനിക്ക് സങ്കടം വന്നു. 
ചക്കി ഉണ്ടായതോടെ കഥ മാറി.  പെൻഷൻ പറ്റി വീട്ടിലിരിക്കുന്ന അമ്മയ്ക്കും പണി ഒന്നുമില്ലാതെ ഇരിക്കുന്ന എനിക്കും ഇഷ്ടം പോലെ സമയം.  തിന്നു മതിയാവാത്ത പലഹാരങ്ങളിൽ എന്റെ പരിഭവങ്ങൾ അലിഞ്ഞു പോയി.  കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ,  ബഹുമാനപൂർവ്വം മനസ്സിലാക്കി പോര് ഒഴിവാക്കി.പക്ഷേ തിരിഞ്ഞു നോക്കുമ്പോ,  അമ്മ കടന്നുപോയ വഴികളിൽ എന്നെ വെച്ച് നോക്കുമ്പോ,  അമ്മയുടെ പരിമിതികളിൽ ninnum അമ്മ ചെയ്തതിന്റെ നാലിലൊന്നു എനിക്ക് ആകുമോ എന്ന് സംശയമാണ്.  ഭർത്താവിന്റെ തിരക്കിട്ട ഔദ്യോഗിക ജീവിതം സൃഷ്ടിക്കുന്ന കോലാഹലങ്ങളിൽ എങ്ങനെയാണോ അമ്മ സർവൈവ് ചെയ്തത്.  അമ്മേടെ ജോലി ഇല്ലായ്മ കുട്ടിക്കാലത്തു  ആഗ്രഹിച്ച എനിക്കിപ്പോ അറിയാം,  ഈ വീട്ടിലെ ഓരോ മുക്കിലും അച്ഛനൊപ്പം അമ്മേടെ വിയർപ്പു കൂടി ഉണ്ടെന്നു.  എന്തിനു അമ്മയുടെ കോണ്ട്രിബൂഷൻ ഇല്ലാത്ത ഒന്നും മുന്നിലെ പൂക്കളും ചെടികളും പിന്നിലെ പച്ചക്കറികളും അലമാരയിലെ ഉടുപ്പുകളും പോക്കറ്റ് മണിയായി കിട്ടിക്കൊണ്ടിരുന്ന നല്ലൊരു amount ലും ഇത് വരെ ഇട്ട എല്ലാ  ആഭരണങ്ങളിലും  ബന്ധങ്ങളിലും  സൗഹൃദങ്ങളിലും വരെ എല്ലാത്തിലും അമ്മയുടെയും മണമുണ്ട്. 
അമ്മക്ക് അമ്മയുടേതായ ശരികൾ ഉണ്ടായിരുന്നു,  ആ ശരികളിൽ പലതും എന്നെ ഞാനാക്കിയിട്ടുണ്ട്.
  
ഉണ്ടാക്കിയ ഇനി ഉണ്ടാക്കാൻ പോകുന്ന സകല അടികളെയും പ്രായത്തിന്റെ പേരിൽ  ന്യായീകരിച്ചു കൊണ്ട് തന്നെ അമ്മ,  Happy Mothers Day 😘😘

(PS: പോസ്റ്റ് വായിച്ച ശേഷം അമ്മ,  എന്നാടി നിന്റെ പിറന്നാളിന് സദ്യ ഉണ്ടാക്കാഞ്ഞേ.. നിനക്ക് ഓർമ്മ കാണില്ല . സ്കൂളിൽ നിന്നും വന്നിട്ടേ , വൈകിട്ട് അടുക്കളയിൽ  കയറി പായസം ഉൾപ്പെടെ ഉണ്ടാക്കി  തന്നിട്ടുണ്ട്. ചുമ്മാ പുളുവടിക്കരുത്. 🤣🤣🤣)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്നേഹം

ഒരിക്കൽ കൂടി

താത്ത...